തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടില്ല; ഐ.പി.എസ് വെട്ടിയത് എന്റെ നിര്‍ദേശത്തില്‍: ആര്‍. ശ്രീലേഖ
Kerala
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടില്ല; ഐ.പി.എസ് വെട്ടിയത് എന്റെ നിര്‍ദേശത്തില്‍: ആര്‍. ശ്രീലേഖ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th November 2025, 9:08 am

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ നിന്നും ഐ.പി.എസ് എന്ന് ഒഴിവാക്കിയതും റിട്ടയേഡ് എന്ന് ചേര്‍ത്തതും തന്റെ നിര്‍ദേശ പ്രകാരമാണെന്ന അവകാശവാദവുമായി ആര്‍. ശ്രീലേഖ.

തനിക്ക് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചിട്ടില്ല. ഐ.പി.എസ് എന്ന് പോസ്റ്ററുകളില്‍ ഉപയോഗിച്ചത് താനറിഞ്ഞില്ലെന്നും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഒഴിവാക്കാനായി ഇടപെട്ടെന്നുമാണ് ശ്രീലേഖ പ്രതികരിച്ചതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ശ്രീലേഖയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇപ്പോഴും ഐ.പി.എസ് എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകളുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലന് ശേഷവും ഈ പോസ്റ്റര്‍ പിന്‍വലിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.

തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ആര്‍. ശ്രീലേഖ. മേയര്‍ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്ന പേരും ശ്രീലേഖയുടെതാണ്.

Criticism against R. Sreelekha's campaign poster

അതേസമയം, ഇവരുടെ പോസ്റ്ററുകളില്‍ ഐ.പി.എസ് എന്ന് ചേര്‍ത്തതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ഐ.പി.എസ്’ പദവി ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ച് ഉത്തരവിറക്കിയിരുന്നു.

പ്രചാരണ ബോര്‍ഡുകളില്‍ നിന്നും ഈ പദം ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശം. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടി.എസ് രശ്മി നല്‍കിയ പരാതിയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഇതിന് പിന്നാലെ പ്രചാരണ പോസ്റ്ററുകളില്‍ ആര്‍. ശ്രീലേഖയുടെ പേരിനൊപ്പം ചേര്‍ത്തിരുന്ന ഐ.പി.എസ് എന്നെഴുതിയത് കമ്മിഷന്‍ മായ്ച്ചിരുന്നു. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി ബാക്കിയിടങ്ങളിലെ പോസ്റ്ററുകളില്‍ റിട്ടയേഡ് എന്ന് ചേര്‍ക്കുകയും ചെയ്തിരുന്നു.

ആര്‍. ശ്രീലേഖ പേരിനൊപ്പം ഐ.പി.എസ് പദവി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഡൂള്‍ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിവില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വ്യക്തിക്ക്, വിരമിക്കലിന്/ രാജിക്ക് ശേഷം പേരിനൊപ്പം ഐ.എ.എസ്/ ഐ.പി.എസ്/ മറ്റ് സര്‍വീസ് പദവികള്‍ ഉപയോഗിക്കുന്നത് സര്‍വീസ് ചട്ടപ്രകാരം കുറ്റകരമാണ്.

Content Highlight: The Election Commission did not say; IPS was cut on my instructions: R. Sreelekha