പ്രചരണ പോസ്റ്ററുകളില്‍ ആര്‍. ശ്രീലേഖയുടെ പേരിനൊപ്പം 'ഐ.പി.എസ്'; ചട്ടലംഘനമെന്ന് അഭിഭാഷകന്‍
Kerala
പ്രചരണ പോസ്റ്ററുകളില്‍ ആര്‍. ശ്രീലേഖയുടെ പേരിനൊപ്പം 'ഐ.പി.എസ്'; ചട്ടലംഘനമെന്ന് അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th November 2025, 3:41 pm

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖയുടെ പ്രചരണ പോസ്റ്ററിനെതിരെ വിമര്‍ശനം. പ്രചരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ഐ.പി.എസ് എന്ന് ഉപയോഗിക്കുന്നതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

സിവില്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഒരു വ്യക്തിയ്ക്ക് വിരമിക്കലിന്/രാജിവെച്ചതിന് ശേഷം പേരിനോടൊപ്പം ഐ.എ.എസ്/ ഐ.പി.എസ് അല്ലെങ്കില്‍ സര്‍വീസ് യോഗ്യത ഉപയോഗിക്കുന്നതിന് സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം വിലക്കും നിരോധനവുമുണ്ടെന്ന് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ലെറ്റര്‍ പാഡില്‍ പോലും ഐ.എ.എസ് (Retired ), (Retd) എന്ന് ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന് കര്‍ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി എം.എന്‍. വിദ്യാശങ്കര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ പറയുന്നു.

എന്നാല്‍ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് അല്ലെങ്കില്‍ ഉദ്യോഗസ്ഥക്ക് അവര്‍ അവസാനം വഹിച്ച പദവിയോടൊപ്പം റിട്ടയര്‍ഡ് എന്ന് ചേര്‍ത്ത് സംബോധന ചെയ്യപ്പെടുന്നതിനും ഉപയോഗിക്കുന്നതിനും അവകാശമുണ്ട്. ഉദാഹരണത്തിന് ആര്‍. ശ്രീലേഖ ഐ.എ.എസ് എന്നതിന് പകരം മുന്‍ ഡി.ജി.പി ആ. ശ്രീലേഖ എന്ന് ഉപയോഗിക്കാമെന്നാണ് ശ്രീജിത്ത് പെരുമന പറയുന്നത്.

പക്ഷേ ഇതിനെല്ലാം ഘടക വിരുദ്ധമായ ഒന്നാണ് ആര്‍. ശ്രീലേഖയുട പ്രചരണ പോസ്റ്ററുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ആര്‍ ശ്രീലേഖ ഐ.പി.എസ്’ എന്നാണ് പോസ്റ്ററുകളിലുള്ളത്. ഇത്തരത്തില്‍ റിട്ടയര്‍ഡ് എന്നുപോലും എഴുതാത്തത് ഗുരുതരമായ ചട്ട ലംഘനം മാത്രമല്ല, ആള്‍മാറാട്ടവും തെറ്റിദ്ധാരണ പരത്തലും ക്രിമിനല്‍ കുറ്റവുമാണെന്നും ശ്രീജിത്ത് വ്യക്തമാക്കി.

ഐ.പി.സി സെക്ഷന്‍ 170 പ്രകാരം ഒരാള്‍ തങ്ങള്‍ക്കില്ലാത്ത ഒരു പൊതുപദവി വഹിക്കുന്നതായി നടിക്കുകയും ആ തെറ്റായ സ്ഥാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നത് മേല്‍ വകുപ്പ് പ്രകാരം കേസെടുക്കേണ്ട കുറ്റകൃത്യമാണെന്നും അഭിഭാഷകന്‍ പറയുന്നു.

മുന്‍ സി.എ.പി.ഇ ഡയറക്ടര്‍ ഹേമചന്ദ്ര കുറിപ്പിനെതിരായ കേസ് ഉദ്ധരിച്ചുകൊണ്ടാണ് അഭിഭാഷന്റെ പോസ്റ്റ്. സര്‍വീസ് പദവികള്‍ ഉപയോഗിക്കുന്നതില്‍ വിരമിച്ചവര്‍ നേരിടുന്ന വിലക്ക് സംബന്ധിച്ച നിയമങ്ങളും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2017 ഏപ്രില്‍ 12ലെ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവും 2016ലെ IPS (ശമ്പള) നിയമങ്ങളും 1968ലെ ഓള്‍ ഇന്ത്യ സര്‍വീസസ് (നടപ്പ്) നിയമങ്ങളുമാണ് അദ്ദേഹം പങ്കുവെച്ചത്. ചട്ടലംഘനത്തില്‍ നേരിടാവുന്ന ശിക്ഷകളെ കുറിച്ചും അഭിഭാഷകന്‍ പറയുന്നുണ്ട്.

Content Highlight: Criticism against R. Sreelekha’s campaign poster