ഡ്രൈവറുടെ പകയാണ് യുവാക്കളുടെ മരണത്തിന് കാരണം; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം
Kerala News
ഡ്രൈവറുടെ പകയാണ് യുവാക്കളുടെ മരണത്തിന് കാരണം; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th February 2022, 3:31 pm

പാലക്കാട്: കുഴല്‍മന്ദത്ത് രണ്ട് യുവാക്കള്‍ ബസിടിച്ച് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യുവാക്കളുടെ കുടുംബം. ആദര്‍ശ്, സബിത്ത് എന്നിവരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.

ഈ മാസം ഏഴിന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസ് തട്ടിയാണ് ഇരുവരും കൊല്ലപ്പെടുന്നത്. വാഹനം ഓടിച്ചിരുന്ന വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി.എല്‍. ഔസേപ്പിനെ സംഭവം നടന്നതിന് പിന്നാലെ സി.എം.ഡി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ ബസിന് പിറകില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ് ബോര്‍ഡില്‍ പതിഞ്ഞിരുന്നു.

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ബസ് തട്ടിയാണ് യുവാക്കള്‍ മരിച്ചതെന്ന് വ്യക്തമായത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഔസേപ്പിനെ സസ്‌പെന്‍ഡ് ചെയ്തത്.

മനപൂര്‍വമുള്ള കൊലപാതകമാണ് നടന്നതെന്നാണ് സബിത്തിന്റേയും ആദര്‍ശിന്റെയും കുടുംബം ഇപ്പോള്‍ ആരോപിക്കുന്നത്.

അപകടം നടക്കുന്നതിന് കുറച്ചു സമയങ്ങള്‍ക്ക് മുമ്പ് ആദര്‍ശും ബസ് ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് ബസിലെ യാത്രക്കാര്‍ സാക്ഷികളാണ്. ഇതിന്റെ വൈരാഗ്യം മൂലം ഡ്രൈവര്‍ മനപൂര്‍വം വണ്ടിയിടിച്ചതാണോയെന്ന് സംശയമുണ്ടെന്ന് ഇരുവരുടേയും കുടുംബങ്ങള്‍ പറഞ്ഞു.

അപകടം നടന്ന സ്ഥലത്തിന് അഞ്ച് കിലോമീറ്റര്‍ മുമ്പ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായി തര്‍ക്കമുണ്ടായിരുന്നതായും കുടുംബം പറഞ്ഞു. ഈ വിഷയമുന്നയിച്ച് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

അപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശി സബിത്തിന്റെ സഹോദരന്‍ ശരത്താണ് ദുരൂഹതയുണര്‍ത്തുന്ന ആരോപണം ഉന്നയിച്ചത്.

അതേസമയം, കേസില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റിലായിട്ടുണ്ട്.

അന്വേഷണത്തില്‍ ഡ്രൈവറുടെ വീഴ്ചയാണെന്നും ഡ്രൈവര്‍ വലത്തോട്ട് ബസ് വെട്ടിച്ചതുകൊണ്ട് മാത്രമാണ് അപകടമുണ്ടായതെന്നും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.


Content Highlights: The driver’s resentment is the cause of the young man’s death; Family with more allegations against KSRTC driver