പാകിസ്ഥാന് ഗുണമുള്ള വാര്‍ത്തകള്‍ കൊടുത്തതുകൊണ്ടാണ് മീഡിയ വണിന് വിലക്ക് കിട്ടിയത്; കാരണം അങ്ങനെ എല്ലാവരോടും പറയാന്‍ പറ്റില്ല: കെ. സുരേന്ദ്രന്‍
Kerala News
പാകിസ്ഥാന് ഗുണമുള്ള വാര്‍ത്തകള്‍ കൊടുത്തതുകൊണ്ടാണ് മീഡിയ വണിന് വിലക്ക് കിട്ടിയത്; കാരണം അങ്ങനെ എല്ലാവരോടും പറയാന്‍ പറ്റില്ല: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th February 2022, 2:22 pm

കോട്ടയം: പാകിസ്ഥാന് ഗുണമുള്ള വാര്‍ത്തകള്‍ നല്‍കിയതുകൊണ്ടാണ് മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ശരിയല്ലെന്നാണ് മീഡിയ വണ്‍ പറഞ്ഞതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ത്യ കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുകയാണെന്നാണ് മീഡിയ വണ്‍ വാര്‍ത്ത നല്‍കിയത്. ഇത്തരം വാര്‍ത്തകള്‍ പാകിസ്ഥാന് ഗുണം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ രാജ്യ സുരക്ഷയെ ബാധിക്കുന്ന വാര്‍ത്തകള്‍ നല്‍കിയതുകൊണ്ടാണ് വിലക്ക് വന്നതെന്നും ഇതൊക്കെ ചെയ്യും മുന്നേ ഓര്‍ക്കണമായിരുന്നെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തിന്റെ ചാനല്‍ ആണെങ്കിലും അല്ലെങ്കിലും നമ്മുടെ രാജ്യത്തിന്റെ ഭരണഘടന പരിഗണിക്കണം. എന്തുകൊണ്ട് വിലക്കിനുള്ള വ്യക്തമായ കാരണം അറിയിക്കുന്നില്ലെന്ന ചോദ്യത്തിന് ആഭ്യന്തര രഹസ്യങ്ങള്‍ പത്രക്കാരോട് വിളിച്ചു പറയാന്‍ കോടതിക്ക് കഴിയില്ലെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും പരാമര്‍ശങ്ങള്‍ക്കെതിരേയും സുരേന്ദ്രന്‍ സംസാരിച്ചു.

കേരളത്തെ ആരും ആക്ഷേപിച്ചിട്ടില്ല. കേരളം അതിവേഗം ഭീകരവാദികളുടെ താവളമായി മാറുകയാണെന്ന് പറഞ്ഞത് മുന്‍മുഖ്യമന്ത്രി അച്യുതാനന്ദനാണ്. കേരളം ഇസ്ലാമിക് സ്റ്റേറ്റാകാന്‍ പോവുകയാണെന്ന് ആദ്യം പറഞ്ഞത് അച്യുതാനന്ദനാണ്.

വര്‍ഗീയ പ്രീണനം കാരണം കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകരുകയാണെന്ന് എ.കെ. ആന്റണിയാണ് പറഞ്ഞത്. യോഗി പറയുമ്പോള്‍ മാത്രം എന്താണിത്ര കഴപ്പ്. പിണറായി വിജയനെ പറയുമ്പോള്‍ ആദ്യം പൊള്ളുന്നത് വി.ഡി സതീശനാണ്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ എം.പിമാരാണ് യോഗിയുടെ പരാമര്‍ശം ചര്‍ച്ചയാക്കണമെന്ന് പറയുന്നത്.

പിണറായി വിജയന്റേത് നല്ല സര്‍ക്കാരാണോ. 50 ശതമാനം കടന്നു കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആരും ഒന്നും മിണ്ടുന്നില്ല. 25 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ടി.പി.ആര്‍ 20 ശതമാനം കടന്നിട്ടില്ല. കേരളത്തിലെ പോസിറ്റിവിറ്റി നിരക്കിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. എത്ര പേര്‍ ചത്തു. എത്ര പേരുടെ മരണം മറച്ചുവെച്ചു.

മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരും ബഹളം വെച്ചപ്പോഴാണ് ആരോഗ്യമന്ത്രി പുതിയ കണക്കുമായി വന്നത്. കേരളത്തിലെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു,’ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവേ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു യു.പിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്.

യോഗിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു.

യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയിരുന്നു.

ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.


Content Highlights: Media One was banned for reporting news that supports  Pakistan: K. Surendran