പലരും പറയുന്നത് കേട്ട് സിനിമകളിൽ നിന്നും ഒഴിവാക്കിയെന്ന് ആ സംവിധായകൻ എന്നോട് പറഞ്ഞു: ഷമ്മി തിലകൻ
Entertainment
പലരും പറയുന്നത് കേട്ട് സിനിമകളിൽ നിന്നും ഒഴിവാക്കിയെന്ന് ആ സംവിധായകൻ എന്നോട് പറഞ്ഞു: ഷമ്മി തിലകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th May 2025, 2:58 pm

സിനിമാപാരമ്പര്യവുമായി സിനിമയിലേക്കെത്തി ഇപ്പോൾ തൻ്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടനാണ് ഷമ്മി തിലകൻ. മലയാളത്തിൻറെ മഹാനടൻ തിലകൻ്റെ മകനാണ് ഷമ്മി തിലകൻ. 1986ൽ പുറത്തിറങ്ങിയ ഇരകൾ എന്ന ചിത്രത്തിലൂടെയാണ് ഷമ്മി സിനിമയിലേക്കെത്തിയത്. അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ്ങിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും ഹാസ്യവേഷങ്ങളിലും ഷമ്മി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമ മേഖലയിലെ അവഗണനയെക്കുറിച്ച് സംസാരിക്കുകയാണ് ഷമ്മി തിലകൻ.

വടക്കുംനാഥൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകഴിഞ്ഞപ്പോൾ സംവിധായകൻ ഷാജൂൺ കാര്യാലിനെ കെട്ടിപ്പിടിച്ച് ഹാപ്പിയാണോ എന്ന് ചോദിച്ചുവെന്നും അപ്പോൾ തന്നെ കെട്ടിപ്പിടിച്ച് അദ്ദേഹവും ഹാപ്പി എന്ന് പറഞ്ഞുവെന്ന് ഷമ്മി തിലകൻ പറയുന്നു.

ഇതിനു മുൻപ് പലരും പറയുന്നത് കേട്ട് ചില സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഷാജൂൺ പറഞ്ഞെന്നും ചെറുപ്പക്കാരുടെ സിനിമകളാണ് തന്നെ സിനിമയിൽ സജീവമായി നിർത്തുന്നതെന്നും ഷമ്മി പറഞ്ഞു.

എന്നാൽ അതൊന്നും ഓർത്ത് താൻ വിഷമിക്കാറില്ലെന്നും ഷമ്മി കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയിൽ സംസാരിക്കുകയായിരുന്നു ഷമ്മി തിലകൻ.

‘ഒരനുഭവം പറയാം. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്‌ത് ‘വടക്കുംനാഥൻ‘ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ് ഷൂട്ട് പാക്ക് അപ്പ് ആയപ്പോൾ ഞാൻ ഷാജൂണിനെ കെട്ടിപ്പിടിച്ച് ചോദിച്ചു ആർ യു ഹാപ്പി എന്ന്.

അപ്പോൾ ഒന്നുകൂടെ മുറുക്കെ കെട്ടിപ്പിടിച്ച് ഷാജൂൺ പറഞ്ഞു. ‘യെസ്, ഐ ആം വെരി ഹാപ്പി’ എന്ന്. അതിനു ശേഷം അദ്ദേഹം മറ്റൊന്ന് കൂടി പറഞ്ഞു. ‘ഇതിനു മുൻപ് പലരും പറയുന്നത് കേട്ട് ഞാൻ ചില സിനിമകളിൽ നിന്ന് നിന്നെ ഒഴിവാക്കിയിട്ടുണ്ടെടാ’ എന്നായിരുന്നു അത്.

ചെറുപ്പക്കാരുടെ സിനിമകളാണ് എന്നെ സജീവമാക്കി നിർത്തുന്നത്. മുതിർന്ന പലരുടെ സിനിമകളിലേക്കും വിളിക്കാത്തത് എന്തെന്ന് എനിക്കറിയില്ല. അതൊന്നും ഓർത്ത് വിഷമിക്കാറുമില്ല.

അവൻ എന്നെ ഒതുക്കുന്നുണ്ടോ ഒരു പണി കൊടുക്കണം എന്നൊന്നും ആലോചിച്ച് ഉറക്കം കളയാൻ തയാറല്ല. രാത്രി 11 മണിക്ക് മേൽ ഷൂട്ടിങ്ങിനായല്ലാതെ ഞാൻ ഉണർന്നിരിക്കാറില്ല. കട്ടിലേക്ക് ചെന്നു കിടന്നാൽ ഉടൻ ഉറങ്ങുകയും ചെയ്യും. അതൊരു ഭാഗ്യമല്ലേ,’ ഷമ്മി തിലകൻ പറയുന്നു.

Content Highlight: The director told me that he was excluded from the films  says Shammi Thilakan