മലയാളത്തിലെ അറിയപ്പെടുന്ന നടൻമാരിലൊരാളാണ് ജയറാം. മിമിക്രിയിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും പിന്നീട് സിനിമാരംഗത്ത് തൻ്റെതായ സ്ഥാനം ഉറപ്പിച്ച നടനാണ് അദ്ദേഹം. 1988ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്.
പിന്നീട് നിരവധി ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിക്കാൻ ജയറാമിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോൾ പൊൻമുട്ടയിടുന്ന താറാവ് സിനിമയെക്കുറിച്ചും സത്യൻ അന്തിക്കാടിനെക്കുറിച്ചും സംസാരിക്കുകയാണ് ജയറാം.
പൊൻമുട്ടയിടുന്ന താറാവിൽ അവസാന രംഗത്ത് പ്രശ്നങ്ങളായിരുന്നെന്നും ആ രംഗത്തിൻ്റെ ചിത്രീകരണ സമയത്തും തീയേറ്ററിൽ സിനിമ കണ്ടവരും ഉർവശിക്ക് ഒരു അടി കൊടുക്കാമായിരുന്നില്ലേ എന്ന് ചോദിച്ചിരുന്നെന്നും ജയറാം പറയുന്നു.
എന്നാൽ എൻ്റെ സിനിമയിൽ സ്ത്രീയെ അടിക്കുന്ന രംഗം ഉൾപ്പെടുത്തേണ്ട എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞതെന്നും ഇത്തരം കാര്യങ്ങൾ കൊണ്ടാണ് സത്യൻ അന്തിക്കാടിൻ്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പൊൻമുട്ടയിടുന്ന താറാവിൻ്റെ അവസാനരംഗത്തിൽ ഒരുപാട് പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കി നാടാകെ ഇളക്കിമറിച്ചശേഷം ഉർവശിയുടെ കഥാപാത്രം (സ്നേഹലത) ബെഡ്റൂമിൽ ഇരിക്കുന്നു. അവിടേക്ക് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം (പവിത്രൻ) വന്നുകയറുന്നു.
ഒരടി ഇപ്പോൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമ കാണുന്നവരും കട്ടിലിൽ ഇരിക്കുന്ന സ്നേഹലതയും. എന്തോ സംഭവിക്കാൻ പോകുന്നു എന്ന അവസ്ഥ നിലനിൽക്കുമ്പോൾത്തന്നെ ‘വാ പോകാം’ എന്നുപറഞ്ഞ് ബാഗുമെടുത്ത് സ്നേഹലതയേയും കൂട്ടി നടക്കുന്നു.
ചിത്രീകരണസമയത്തും, തീയേറ്ററിൽ സിനിമ കണ്ടവരും ഒരെണ്ണം കൊടുക്കാമായിരുന്നില്ലേ എന്നു ചോദിച്ചിട്ടുണ്ട്. പക്ഷെ, സത്യേട്ടൻ പറഞ്ഞത് ‘വേണ്ട… എന്റെ സിനിമയിൽ ജയറാം അത് ചെയ്യേണ്ട. സ്ത്രീയെ അടിക്കുന്ന രംഗം ഉൾപ്പെടുത്തേണ്ട. വേറെ സിനിമയിൽ ജയറാം ചെയ്തേക്കാം പക്ഷെ നമുക്കത് വേണ്ട’ എന്നാണ്. ഇത്തരം ചില കാര്യങ്ങൾ കൊണ്ടുകൂടെയാകാം സത്യേട്ടന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടുന്നത്,’ ജയറാം പറയുന്നു.
Content Highlight: The director said, ‘Don’t do that in my film, don’t include a scene where a woman is beaten up’ says Jayaram