11 ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 21 പൊലീസുകാരെ വെറുതെ വിട്ട് കോടതി
national news
11 ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 21 പൊലീസുകാരെ വെറുതെ വിട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th April 2023, 5:50 pm

വിശാഖപട്ടണം: 2007 ആഗസ്റ്റില്‍ ഗോണ്ട് ആദിവാസി വിഭാഗത്തില്‍ പെട്ട 11 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 21 പൊലീസുകാരെ വെറുതെ വിട്ട് പ്രത്യേക കോടതിയുടെ വിധി. അല്ലൂരി സീതാരാമ രാജു ജില്ലയിലെ വാകപ്പള്ളി ഗ്രാമത്തിലെ സ്ത്രീകളാണ് പതിനാറ് വര്‍ഷത്തിന് മുമ്പ് പീഡനത്തിനിരയായത്.

ഗ്രേഹൗണ്ട്‌സ് എന്നറിയപ്പെടുന്ന പ്രത്യേക സേന വിഭാഗത്തില്‍ പെടുന്ന പൊലീസുകാരാണ് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.

2018ലാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ശരിയായ നിലയിലല്ല അന്വേഷണം നടന്നതെന്നു പറഞ്ഞാണ് കോടതി പൊലീസുകാരെ കുറ്റവിമുക്തരാക്കിയത്. എന്നാല്‍ പീഡന അതിജീവിതകള്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖാന്തിരം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

കേസില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിരുന്നില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം പ്രവര്‍ത്തകര്‍ പറയുന്നു. 2007 ആഗസ്റ്റ് 20ന് കോംബിങ് ഓപ്പറേഷന്‍സിന്റെ ഭാഗമായി വാകപ്പള്ളി ഗ്രാമത്തിലെത്തിയ ഗ്രേഹൗണ്ട്‌സ് സേന അതീവ ദുര്‍ബല ആദിവാസി വിഭാഗത്തില്‍ പെട്ട 11 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും അതിജീവിതകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച വിധിയിലൂടെ കോടതി സ്ത്രീകളുടെ മൊഴിയെ വിശ്വാസത്തിലെടുത്തതിന്റെ തെളിവാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് ഫോറത്തിന്റെ ആന്ധ്രപ്രദേശ് ഘടകം വൈസ് പ്രസിഡന്റ് എം. ശരത് പറഞ്ഞു.

അന്വേഷണത്തില്‍ തുടക്കം മുതല്‍ പാളിച്ചകളുണ്ടായിരുന്നെന്നും കുറ്റവാളികളെ രക്ഷിക്കാനായുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടന്നതായും ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ആരോപിച്ചു. പ്രാഥമിക അന്വേഷണത്തിലും ഫൊറന്‍സിക് പരിശോധനയിലും തിരിമറികള്‍ നടത്തിയതായാണ് ഫോറം പറയുന്നത്.

പ്രധാനമായും നക്‌സലൈറ്റ്, മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുന്നതിനായി 1989ല്‍ രൂപീകരിച്ച പ്രത്യേക സേന വിഭാഗമാണ് ഗ്രേഹൗണ്ട്‌സ്. ഗ്രേഹൗണ്ട്‌സിനെതിരെ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

Content Highlights: The court acquitted 21 policemen in the gang-rape case of 11 tribal women