തിരുവനന്തപുരം: ടെലിവിഷന്‍ പരിപാടികളുടെ ഉള്ളടക്കത്തില്‍ ശുദ്ധീകരണത്തിന് തയ്യാറാവണമെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. കലയുടെ പേരിലെ വ്യാജനിര്‍മിതികള്‍ സാംസ്‌കാരിക വിഷമാണെന്നും പ്രേംകുമാര്‍ പറഞ്ഞു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ സിനിമകളുമുണ്ടെന്നും മനുഷ്യന്റെ വന്യത ഉണര്‍ത്തുന്ന സിനിമയെ കുറിച്ച് ആശങ്കയുണ്ടെന്നും പ്രേം കുമാര്‍ പറഞ്ഞു. സെന്‍സറിങ് മറികടന്ന് ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൂരതയുടെയും പൈശാചികതയുടെയും അങ്ങേയറ്റം ചില സനിമകളിലുണ്ടെന്നും സിനിമ ആണെങ്കിലും നല്‍കേണ്ടത് മനുഷ്യ നന്മ ലക്ഷ്യമിടുന്ന സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണ മുറികളിലേക്ക് അനുവാദം കൂടാതെ കടന്നുവരുന്ന ടെലിവിഷന്‍ പരിപാടികളുടെ ഉത്തരവാദിത്തം അത് നിര്‍മിക്കുന്നവര്‍ക്കുണ്ടായിരിക്കണമെന്നും നിലവാര തകര്‍ച്ച ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പ്രേം കുമാര്‍ പറഞ്ഞു.
മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെയാണെന്ന പ്രേം കുമാറിന്റെ പരാമര്‍ശത്തിനെതിരെ നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പ്രേം കുമാര്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് സിരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മ തുറന്ന കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.