ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് തടയാന്‍ കഴിയില്ല: എന്റെ വാക്കുകള്‍ വളച്ചൊടിച്ചു: സജി ചെറിയാന്‍
Kerala
ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് തടയാന്‍ കഴിയില്ല: എന്റെ വാക്കുകള്‍ വളച്ചൊടിച്ചു: സജി ചെറിയാന്‍
നിഷാന. വി.വി
Monday, 19th January 2026, 1:07 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍ക്കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ മതിയെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍.

താന്‍ അങ്ങേയറ്റം മതേതരവാദിയണെന്നും ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും അങ്ങേയറ്റം എതിര്‍ക്കുന്ന ആളാണന്നും നിഷ്പക്ഷമായി ജനങ്ങള്‍ ഏകോദര സഹോദരന്‍മാരെ പോലെ ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും സമാധാനത്തോടെ ജീവിക്കണമെന്നും അത്തരത്തിലുളള സമാധാന അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഇടപെടല്‍ ബി.ജെ.പിയുടെയോ സംഘപരിവാരിന്റെയോ മുസ്‌ലിം ലീഗിന്റെയോ ജമാഅത്തെ ഇസ് ലാമിയുടെയോ ഭാഗത്ത് നിന്ന് വരുന്നുണ്ടെന്നും അത് അപകടമാണെന്നാണ് താന്‍ പറഞ്ഞതെന്നും ഇത് വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.

താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. മുസ്‌ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബി.ജെ.പിയും നയിക്കുന്നു. ആര്‍.എസ്.എസിന്റെ വര്‍ഗീയതയെ ചെറുക്കേണ്ടതുണ്ട്.
ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് തടയാന്‍ കഴിയില്ല

മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശത്ത് ലീഗിന് 22 സീറ്റ് ലഭിച്ചു. ഈ പറഞ്ഞ ബി.ജെ.പി ജയിപ്പിച്ച ആളുടെ പേരും ലീഗ് ജയിപ്പിച്ച ആളുടെ പേരും നിങ്ങള്‍ വായിക്കാനെ ഞാന്‍ പറഞ്ഞുള്ളു. അതില്‍ എന്താണ് തെറ്റ്.

പ്രത്യേക മതവിഭാഗത്തിന്റെ പേര് വായിക്കാനല്ല ഞാന്‍ പറഞ്ഞത്. കാസര്‍ഗോഡ് നഗരസഭയിലെ ഒരു പ്രശ്‌നം ഞാന്‍ ഉന്നയിച്ചത് ഈ അപകടം കേരളത്തില്‍ ഒരിടത്തും വരാന്‍ പാടില്ലെന്നത് കൊണ്ടാണ്. ഈ അപകടം ഭാവിയില്‍ കേരളത്തില്‍ വരാന്‍ സാധ്യതയുണ്ട്. വര്‍ഗീയമായ ചേരിതിരിവ് വന്ന് കഴിഞ്ഞാല്‍ ആളുകള്‍ വര്‍ഗീയമായി ചിന്തിക്കും. അത് തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് അനുകൂലമാവുമെന്നും മന്ത്രി പറഞ്ഞു.

22 സീറ്റ് ലീഗിനും 12 സീറ്റ് ബി.ജെ.പിക്കും കിട്ടിയ ഈ കാസര്‍ഗോഡ് മുന്‍സിപാലിറ്റി കേരളത്തില്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. ഇതാണ് ഞാന്‍ പറഞ്ഞത്. അത്‌കൊണ്ട് കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കണം. ന്യൂനപക്ഷ വര്‍ഗീയതയോ ഭൂരിപക്ഷ വര്‍ഗീയതയോ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്‌റ്റേറ്റ്‌മെന്റും ഉണ്ടാവാന്‍ പാടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനായിരകണക്കിന് ന്യൂനപക്ഷ വിഭാഗത്തിലെ ആളുകളിരുന്ന കാന്തപുരത്തിന്റെ പരിപാടിയില്‍ മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്തുവെന്നാണല്ലൊ പ്രതിപക്ഷ നേതാവ് പറയുന്നത്. മുഖ്യമന്ത്രിയെ പോലൊരു മതേതരവാദി ഇന്ത്യയിലുണ്ടോ, ഏത് പ്രതിസന്ധിയിലാണ് മൈനോരിറ്റിയോടൊപ്പം മുഖ്യമന്ത്രി നില്‍ക്കാതിരുന്നത്. എല്ലാ ഘട്ടത്തിലും നിന്നിട്ടുള്ള ഒരു രാഷ്ട്രീയ നേതാവല്ലേ. ചെറിയാന്‍ ചോദിച്ചു.

ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റിന്റെ കാലത്ത് കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നില്ല. ആരുടെ കാലത്താണ് വര്‍ഗീയ കലാപങ്ങള്‍ നടന്നത്. മാറാടടക്കമുള്ള വര്‍ഗീയ കലാപങ്ങള്‍ നടന്നപ്പോള്‍ ധൈര്യമായി പോയി ജനങ്ങളെ ഏകോപിപ്പിച്ച് ഐക്യപ്പെടുത്തിയ മുഖ്യമന്ത്രിയല്ലേ കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍.

അദ്ദേഹത്തെ ടാര്‍ഗറ്റ് ചെയ്യാന്‍ വെള്ളാപ്പള്ളിയേയോ സുകുമാരന്‍ സാറിനെയോ എന്തിന് ഉപയോഗിക്കുന്നു. അതാണ് ഞാന്‍ ഉന്നയിച്ചത്. അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന് വളരാനുള്ള വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി. കാരണം ഭൂരിപക്ഷ വര്‍ഗീയതയെ നിങ്ങള്‍ എതിര്‍ത്ത് ന്യൂനപക്ഷ വര്‍ഗീയതയെ നിങ്ങള്‍ സഹായിക്കുന്നു. ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുമ്പോള്‍ ജനങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയതയോടും ന്യൂനപക്ഷ വര്‍ഗീയതയോടും അണിനിരക്കുന്ന സാഹചര്യമുണ്ട് . അത് കാസര്‍ഗോഡ് കണ്ടു ഇത് കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സംഭവിക്കാവുന്ന രാഷ്ട്രീയ ദുരന്തം ഞാന്‍ പറഞ്ഞപ്പോള്‍ അത് മറ്റൊരു രൂപത്തില്‍ വ്യാഖ്യാനിച്ച് അതിനെ വേറൊരു രൂപത്തില്‍ വളച്ചൊടിച്ച് പറഞ്ഞാല്‍ ഞാന്‍ എന്ത് മറുപടിയാണ് പറയേണ്ടത്, സജി ചെറിയാന്‍ പറഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്തില്‍ മതേതരത്വം പറഞ്ഞ സി.പി.ഐ.എമ്മിന്റെ ആരെങ്കിലും ജയിച്ചോ എന്നും മുസ്‌ലിം ജനവിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി മത്സരിച്ച പൊന്നാനിയില്‍ പോലും തങ്ങള്‍ തോറ്റുവെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വം പറഞ്ഞ തങ്ങള്‍ ജയിക്കാതെ ലീഗ് സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. വര്‍ഗീയതയോട് സമരസപ്പെട്ട് പോവുന്ന സമീപനം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നടക്കുന്നു അല്ലെങ്കില്‍ വളര്‍ന്ന് വരുന്നു എന്ന ഒരു കാഴ്ച്ചപ്പാടാണ് ഞാന്‍ വെച്ചത് അത് വേണമെങ്കില്‍ ചര്‍ച്ച ചെയ്യാം ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ ചെയ്യാതിരിക്കാം, അത് മറ്റൊരു രൂപത്തില്‍ ട്വിസ്റ്റ് ചെയ്യേണ്ടെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: The communalism promoted by the RSS cannot be stopped with minority communalism: My words have been twisted: Saji Cherian

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.