സ്വന്തം ഭരണസമിതിയുടെ വിവരദോഷത്തില്‍ ഉദ്യാഗസ്ഥരെ കുറ്റപ്പെടുത്തരുത്; കൃഷ്ണരാജിന്റെ നിയമനത്തിന് ഷെറോണ റോയ്
Kerala News
സ്വന്തം ഭരണസമിതിയുടെ വിവരദോഷത്തില്‍ ഉദ്യാഗസ്ഥരെ കുറ്റപ്പെടുത്തരുത്; കൃഷ്ണരാജിന്റെ നിയമനത്തിന് ഷെറോണ റോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd June 2025, 11:14 pm

മലപ്പുറം: യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന്റെ ഹൈക്കോടതിയിലെ സ്റ്റാന്റിങ് കൗണ്‍സിലായി തീവ്രഹിന്ദുത്വവാദിയായ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചതിന് പിന്നില്‍ സി.പി.ഐ.എം നേതാവിന്റെ ഭര്‍ത്താവായ പഞ്ചായത്ത് സെക്രട്ടറി സന്തോഷാണെന്ന ലീഗിന്റെ വിശദീകരണത്തില്‍ മറുപടിയുമായി ജില്ല പഞ്ചായത്ത് അംഗവും സി.പി.ഐ.എം നേതാവുമായ ഷെറോണ റോയ്.

സ്വന്തം ഭരണസമിതിയുടെ വിവരദോഷത്തിന് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ നോക്കുന്ന തന്ത്രം നന്നായിട്ടുണ്ടെന്നും പക്ഷെ അത് ചെലവാകുന്നില്ലെന്നും ഷെറോണ റോയ് പ്രതികരിച്ചു.

സെക്രട്ടറി അവധിയായ ദിവസം തന്നെ നോക്കി അടിയന്തിരയോഗം ചേര്‍ന്ന എടുത്ത തീരുമാനമാണതെന്നും ഇപ്പോള്‍ അത് അവര്‍ക്ക് തന്നെ തിരിച്ചടിയായെന്നും ഷെറോണ കൂട്ടിച്ചേര്‍ത്തു.

പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിന്റ തീരുമാനങ്ങള്‍ സാങ്കേതികമായി പിഴവ് തീര്‍ത്ത് നടപ്പാക്കുന്നവര്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ എന്നകാര്യം ജനാധിപത്യത്തിന്റെ ബാലപാഠം അറിയാത്തവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

‘സ്വന്തം ഭരണസമിതിയുടെ പിടിപ്പുകേട് മറയ്ക്കാന്‍, മാതൃകാ പരമായി ജോലിചെയ്യുന്ന ഒരാളെ, ഞാനുമായുള്ള ജീവിതബന്ധത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി ഉപയോഗിക്കുന്നത് മിനിമം ഭാഷയില്‍ പറഞ്ഞാല്‍ മര്യാദകേടാണ്. നെറികേടാണ്,’ ഷെറോണ് റോയ് ഫേസ്ബുക്കില്‍ കുറിച്ചു.

അഡ്വ. കൃഷ്ണരാജിനെ നിയമിച്ചതിന് പിന്നില്‍ സി.പി.ഐ.എം നേതാവിന്റെ ഭര്‍ത്താവായ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന നിലമ്പൂര്‍ ബി.ഡി.ഒ ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും നിലമ്പൂര്‍ സ്വദേശിയുമായ ടി.പി. അഷ്റഫലിയാണ് ഇക്കാര്യം ഉന്നയിച്ചത്.

ജില്ല പഞ്ചായത്ത് അംഗവും സി.പി.ഐ.എം നേതാവുമായ ഷെറോണ റോയിയുടെ ഭര്‍ത്താവായ സന്തോഷാണ് ഈ നിയമനത്തിന് പിന്നിലെന്നും നിലമ്പൂര്‍ ബി.ഡി.ഒ കൂടിയായ അദ്ദേഹത്തിനാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയെന്നുമാണ് ടി.പി. അഷ്റഫലി പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് ഹൈക്കോടതിയില്‍ അവരുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ തീവ്ര ഹിന്ദുത്വവാദിയായ അഡ്വ. കൃഷ്ണരാജിനെ സ്റ്റാന്റിങ് കൗണ്‍സിലായി നിയമിച്ചത്.

മുസ്‌ലിം ലീഗ് അനുഭാവിയായിരുന്ന നിഷാദ് എന്ന അഭിഭാഷകനെ മാറ്റിയാണ് കൃഷ്ണരാജിനെ നിയമിച്ചത്. ബാബരി മസ്ജിദ്, വഖഫ് ഭേദഗതി ബില്‍ തുടങ്ങി വിഷയങ്ങളില്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ കൈകൊണ്ട അഭിഭാഷകനാണ് അഡ്വ. കൃഷ്ണരാജ്.

ലീഗിന്റെ നടപടിക്കെതിരെ സ്വന്തം അണികളില്‍ നിന്ന് തന്നെ വിമര്‍ശമുയര്‍ന്നിരുന്നു. തുടര്‍ന്ന് തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉടന്‍ കൈകൊള്ളുമെന്നും ലീഗ് അറിയിച്ചിരുന്നു.

Content Highlight: The claim is that the husband of a CPI(M) leader is behind Krishnaraj’s appointment; CPI(M) leader Sherona Roy reacts