കേരളത്തിലെ എസ്.ഐ.ആര്‍ മാറ്റിവെക്കില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍
Kerala
കേരളത്തിലെ എസ്.ഐ.ആര്‍ മാറ്റിവെക്കില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st December 2025, 5:45 pm

ന്യൂദല്‍ഹി: കേരളത്തിലെ എസ്.ഐ.ആര്‍ (വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം) മാറ്റിവെക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം. എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

എസ്.ഐ.ആറും തെരഞ്ഞെടുപ്പും രണ്ടും രണ്ടായാണ് നടക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെയും എസ്.ഐ.ആറിന്റെയും നടപടികള്‍ 81 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് എസ്.ഐ.ആര്‍ മാറ്റിവെക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്.ഐ.ആര്‍ മാറ്റിവെക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. സി.പി.ഐ.എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളും സമാനമായ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ബി.എല്‍.ഒ ആത്മഹത്യ ചെയ്ത സംഭവവും രാഷ്ട്രീയ പാര്‍ട്ടികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജോലി സമ്മര്‍ദമല്ല ബി.എല്‍.ഒമാരുടെ ആത്മഹത്യക്ക് കാരണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളം അടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ നടപടിക്രമങ്ങളുടെ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിവെച്ചിരുന്നു. പുതിയ ഉത്തരവ് അനുസരിച്ച്, കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16ന് പ്രസിദ്ധീകരിക്കും.

എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം നീട്ടുകയും ചെയ്തു. 2026 ഫെബ്രുവരി 14നായിരിക്കും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. നേരത്തെ ഡിസംബര്‍ നാലിനുള്ളില്‍ എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം.

എന്നാല്‍ ഡിസംബര്‍ 11നാണ് സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും.

Content Highlight: The Central Election Commission will not postpone the SIR in Kerala