ആ സിനിമയില്‍ നിന്നാണ് ലോകഃ യുടെ അടിസ്ഥാന ആശയം രൂപപ്പെട്ടത്: ഡൊമിനിക് അരുണ്‍
Malayalam Cinema
ആ സിനിമയില്‍ നിന്നാണ് ലോകഃ യുടെ അടിസ്ഥാന ആശയം രൂപപ്പെട്ടത്: ഡൊമിനിക് അരുണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th September 2025, 5:09 pm

200 കോടിയും പിന്നീട് വിജയകുതിപ്പ് തുടരുകയാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമിനിക് അരുണ്‍ ഒരുക്കിയ ഈ ചിത്രം ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ചര്‍ച്ചാവിഷയമാണ്. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യത്തെ ചിത്രമായാണ് ലോകഃ ഒരുങ്ങിയത്. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഡൊമിനിക് അരുണ്‍.

ഒരു യക്ഷിക്കഥ തന്നെയാണ് ആദ്യം പ്ലാന്‍ ചെയ്തതെന്ന് അദ്ദേഹം പറയുന്നു. ‘ദി മാന്‍ ഓണ്‍ എര്‍ത്’ എന്ന സിനിമയില്‍ നിന്നാണ് ലോകയുടെ അടിസ്ഥാന ആശയം രൂപപ്പെട്ടതെന്നും അമര്‍ത്യരായ ചിലര്‍ നമുക്കിടയില്‍ ജീവിക്കുന്നു എന്നാണ് സിനിമയുടെ ആശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘യക്ഷിയും വെസ്റ്റേണ്‍ കഥകളിലെ വാംപയറുമായി സാമ്യമുണ്ട്. അതും ചിത്രത്തില്‍ ഉപയോഗിച്ചു. ഒരു ലോകം ഉണ്ടാക്കി അതില്‍ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശിച്ചത്. അതു നമുക്ക് പരിചയം ഉള്ള കഥാപാത്രങ്ങള്‍ കൂടിയാകുമ്പോള്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ പറ്റുമെന്ന് കരുതി. അങ്ങനെയാണ് യക്ഷിയിലേക്ക് എത്തിയത്,’ അരുണ്‍ പറഞ്ഞു.

ഫാന്‍ തിയറികള്‍ സിനിമയ്ക്കു ഗുണം ചെയ്യുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. നമ്മള്‍ പറയാതെ തന്നെ പ്രേക്ഷകര്‍ക്ക് പലതും മനസിലാകുന്നു എന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും അടുത്ത ഇന്‍സ്റ്റാള്‍മെന്റുകള്‍ ആകുമ്പോഴേക്കും ഇത് കൂടുതല്‍ രസകരമാകുമെന്നും ഡൊമിനിക് പറഞ്ഞു.

‘അവര്‍ പ്രതീക്ഷിച്ചത് തന്നെയാണ് സ്‌ക്രീനില്‍ കാണുന്നത് എന്നൊക്കെ അറിയുമ്പോള്‍ അവര്‍ക്കു കിട്ടുന്ന ഒരു ആവേശമുണ്ട്. സിനിമ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുക എന്നത് ഏത് ഫിലിം മേക്കറുടെയും സ്വപ്നമാണ്. ടൊവിനോയുടെ ചാത്തന്‍ തന്നെയായിരിക്കും അടുത്ത സിനിമയിലെ പ്രധാന കഥാപാത്രം. ആ സിനിമയുടെ പ്രാരംഭഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ഉടന്‍ തന്നെ പ്രതീക്ഷിക്കാം,’ ഡൊമനിക് അരുണ്‍ പറഞ്ഞു.

Content highlight: The basic idea of ​​the  movie lokah  was formed from the movie ‘The Man on Earth’