തുടരും.... പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത് അടുത്ത സര്‍ക്കാര്‍ തന്നെ; പ്രതിപക്ഷത്തിന് മറുപടിയുമായി ശിവന്‍കുട്ടിയും
Kerala
തുടരും.... പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത് അടുത്ത സര്‍ക്കാര്‍ തന്നെ; പ്രതിപക്ഷത്തിന് മറുപടിയുമായി ശിവന്‍കുട്ടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st October 2025, 5:45 pm

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അടുത്ത സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു.

‘സംശയിക്കേണ്ട, പ്രഖ്യാപിച്ചത് അടുത്ത സര്‍ക്കാര്‍ തന്നെയാണ്… തുടരും…,’ ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ദേവസ്വം/തുറമുഖം വകുപ്പ് മന്ത്രി വി.എന്‍. വാസവനും സമാനമായി പ്രതികരിച്ചിരുന്നു.

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത് അടുത്ത സര്‍ക്കാരിന്റെ തലയിലിടാനാണെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടി നല്‍കികൊണ്ടായിരുന്നു വി.എന്‍. വാസവന്റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും കഴിഞ്ഞ ഒമ്പതര വര്‍ഷമായി ആര്‍ക്കും ഒരു ആനുകൂല്യവും നല്‍കാത്ത സര്‍ക്കാരാണിതെന്നുമായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.

എന്നാല്‍ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ആരുടെയും തലയിലിടുമെന്ന ആശങ്ക പ്രതിപക്ഷത്തിന് വേണ്ടെന്നാണ് വാസവന്‍ മറുപടി നല്‍കിയത്. 2021ലെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ അക്കമിട്ട് നടപ്പാക്കുകയാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞിരുന്നു.

‘ഒരു തവണയാണ് യു.ഡി.എഫ് സര്‍ക്കാര്‍ പെന്‍ഷന്‍ വര്‍ധിപ്പിച്ചത്. ബാക്കി വര്‍ധിപ്പിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. യു.ഡി.എഫ് കാലത്തെ 18 മാസത്തെ കുടിശിക കൊടുത്തുതീര്‍ത്തതും എല്‍.ഡി.എഫാണ്. പുതുവെള്ളത്തില്‍ ഊത്തമീനുകള്‍ തുള്ളിച്ചാടുന്നത് പോലെയാണ് പെന്‍ഷനേഴ്സിന്റെ പ്രതികരണം,’ മന്ത്രിയുടെ പരാമര്‍ശം.

അതേസമയം ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരങ്ങളും നികുതികളൂം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ കൂടിയാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ധനകാര്യമന്ത്രി നേരത്തെ വ്യക്തത നല്‍കിയിരുന്നു.

‘ഒന്നാം പിണറായി സര്‍ക്കാര്‍ ഇതിലും വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടായിരുന്നു, അതെല്ലാം നടപ്പിലാക്കേണ്ട ഏറ്റവും വലിയ ബാധ്യത ധനവകുപ്പിനായിരുന്നു. നടപ്പിലാക്കാന്‍ സാധിക്കാത്ത പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ല,’ എന്നായിരുന്നു കെ.എന്‍. ബാലഗോപാലന്റെ പ്രതികരണം.

നിലവില്‍ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഈ നവംബറില്‍ 3600 രൂപ വീതം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ഉറപ്പുനല്‍കിയിട്ടുണ്ട്.

ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വര്‍ധിപ്പിച്ച 2000 രൂപ പെന്‍ഷന്‍ നവംബറില്‍ തന്നെ വിതരണം ചെയ്യും. അതോടൊപ്പം നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭ്യമാക്കും. നവംബര്‍ 20 മുതലാണ് പെന്‍ഷന്‍ വിതരണം തുടങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു.

Content Highlight: The announcements were made by the next govt; Sivankutty responds to the opposition