അക്കാര്യം കൊണ്ട് ജാഡ, അഹങ്കാരം എന്നെല്ലാവരും തെറ്റിദ്ധരിക്കാറുണ്ട്; സിനിമ എന്നെ പാകപ്പെടുത്തി: ചാന്ദിനി ശ്രീധരൻ
Entertainment
അക്കാര്യം കൊണ്ട് ജാഡ, അഹങ്കാരം എന്നെല്ലാവരും തെറ്റിദ്ധരിക്കാറുണ്ട്; സിനിമ എന്നെ പാകപ്പെടുത്തി: ചാന്ദിനി ശ്രീധരൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 7:58 am

KL 10 പത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് ചാന്ദ്നി. മലയാളത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ തമിഴിലും തെലുങ്കിലും അവർ കഴിവ് തെളിയിച്ചിരുന്നു. പിന്നീട് മലയാളത്തിൽ പൃഥ്വിരാജിൻ്റെ നായികയായി ഡാർവിന്റെ പരിണാമം, ദുൽഖർ സൽമാനോടൊപ്പം സി. ഐ. എ (കോമ്രേഡ് ഇൻ അമേരിക്ക), സൗബിൻ ഷാഹിറിനോടൊപ്പം പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ചാന്ദ്നി.

സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നല്ല താൻ വന്നതെന്നും എന്നാൽ ചെയ്ത സിനിമകളെല്ലാം തനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ടെന്നും ചാന്ദ്നി പറയുന്നു. താൻ വളർന്നത് യു. എസിലായതുകൊണ്ട് ഇവിടുത്തെ സംസ്കാരം മനസിലാക്കാൻ ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു. കൃത്യനിഷ്ഠയും ക്ഷമയും പഠിച്ചത് ഇവിടെ നിന്നാണെന്നും സമയത്ത് സെറ്റിലെത്താൻ ശ്രമിക്കാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു ചാന്ദ്നി.

‘യാതൊരു തരത്തിലുമുള്ള സിനിമാ പശ്ചാത്തലവും എനിക്കില്ല. എന്നാൽ, തിരിഞ്ഞു നോക്കുമ്പോൾ ചെയ്‌ത സിനിമകളെല്ലാം സന്തോഷം തരുന്നു. സിനിമ എന്നെ പാകപ്പെടുത്തി. വളർന്നത് യു.എസിലായതുകൊണ്ടുതന്നെ എനിക്ക് അറിയാവുന്നത് അവിടുത്തെ സംസ്‌കാരമാണ്.

ഒരാൾ ഒറ്റക്ക് ഇരിക്കുകയാണെങ്കിൽപോലും അനുവാദമില്ലാതെ സംസാരിക്കുന്നത് മര്യാദയല്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. പലപ്പോഴും അതിനെ ജാഡ, അഹങ്കാരം എന്നൊക്കെ തെറ്റിദ്ധരിക്കാറുണ്ട്. ഇപ്പോൾ ഇവിടുത്തെ രീതികൾ മനസിലാക്കി നിൽക്കാൻ ശ്രമിക്കുകയാണ്.

കൃത്യനിഷ്ഠയും ക്ഷമയും പഠിച്ചതും ഇവിടെയെത്തിയ ശേഷമാണ്. നമുക്ക് വേണ്ടി സെറ്റ് മുഴുവൻ കാത്തു നിൽക്കുന്നത് നല്ലതല്ല എന്ന ബോധ്യമുള്ളതുകൊണ്ട് കൃത്യ സമയത്ത് സെറ്റിലെത്തും.

‘സ്‌കൂളിൽ പോകാൻ നീ ഈ ആവേശം കാണിച്ചിട്ടില്ലല്ലോ’ എന്ന് അച്ഛൻ തമാശയായി പറയാറുണ്ട്. അപ്പോൾ ഞാൻ പറയും, ‘ഞാൻ എത്താൻ വൈകിയാലും ടീച്ചർ പഠിപ്പിച്ചോളും. പക്ഷേ, ഇവിടെ ഞാൻ വൈകിയാൽ ഒരുപാട് മനുഷ്യർ കാരണം ബുദ്ധിമുട്ടും’ എന്ന്,’ ചാന്ദ്നി പറയുന്നു.

Content Highlight: That’s why everyone misunderstands me says chandini sreedharan