മലയാളത്തിലെ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍മാരില്‍ ഒരാളാണ് സ്‌റ്റെഫി സേവ്യര്‍. 2017 ൽ ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലൂടെയാണ് സ്‌റ്റെഫി വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാളത്തിലെ മികച്ച പല ചിത്രങ്ങൾകും വസ്ത്രാലങ്കാരം ചെയ്തത് സ്റ്റെഫിയായിരുന്നു.
തുടര്‍ന്ന് ഗപ്പി, എസ്ര, ജോസഫ് തുടങ്ങിയ ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ച സ്റ്റെഫി മധുര മനോഹര മോഹം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് ചാര്‍ത്തി. ഗപ്പിയിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന അവാർഡ് സ്റ്റെഫി സ്വന്തമാക്കി.
എസ്ര ചിത്രത്തില്‍ തനിക്ക് പറ്റിയ മിസ്റ്റേക്കും അത് ഹിന്ദിയിലേക്ക് വന്നപ്പോള്‍ സ്റ്റൈലും ആയ ഡ്രസിനെക്കുറിച്ച് സംസാരിക്കുകയാണ് സ്റ്റെഫി. ചിത്രത്തില്‍ പ്രിയ ആനന്ദ് ഉപയോഗിച്ച മെറ്റേണിറ്റി ഡ്രസ് വെള്ള ഡ്രസ് ആയിരുന്നെന്നും അന്ന് മെറ്റേണിറ്റി ഡ്രസിന്റെ ടെക്‌നിക്കല്‍ സൈഡ് തനിക്ക് അത്ര അറിയില്ലായിരുന്നെന്നും സ്റ്റെഫി പറയുന്നു.
ഡ്രസ് ഒക്കെ സ്റ്റിച്ച് ചെയ്തുകഴിഞ്ഞ് ഒന്‍പത് മാസത്തെ വയര്‍ വെച്ചപ്പോള്‍ ഡ്രസിന്റെ നീളം കയറിപ്പോയെന്നും അത് ഡ്രസിന്റെ നീളം കുറയാന്‍ കാരണം ആയെന്നും സ്റ്റെഫി പറഞ്ഞു. ഷൂട്ട് തുടങ്ങാന്‍ കുറച്ച് സമയം മാത്രമാണ് ഉള്ളതെന്നും സ്റ്റിച്ച് ചെയ്യാന്‍ സമയം ഇല്ലെന്നും അതുകൊണ്ട് താന്‍ അവരോട് ഡിസൈന്‍ പോലെ ചെയ്യാമെന്ന് പറഞ്ഞുവെന്നും സ്റ്റെഫി പറയുന്നു.
ഡ്രസിന്റെ ബാക്കി മെറ്റീരിയല്‍ വെച്ച് ഒരു ലെയര്‍ കൂടി തയ്ച്ചുവെച്ചുവെച്ചുവെന്നും ഡബിള്‍ ലെയര്‍ ഉടുപ്പ് പോലെ ആക്കിയെന്നും സ്റ്റെഫി വ്യക്തമാക്കി.
എന്നാല്‍ എസ്ര ഹിന്ദിയില്‍ റീമേക്ക് ചെയ്ത് ടീസര്‍ വന്നപ്പോള്‍ അതേ ഡ്രസ് ആണ് അതിലുപയോഗിച്ചതെന്നും ആ ഡ്രസിന്റെ സ്റ്റൈല്‍ ആണെന്നാണ് അവര്‍ വിചാരിച്ചതെന്നും സ്റ്റെഫി കൂട്ടിച്ചേര്‍ത്തു. ആര്‍. ജെ. ഗെദ്ദാഫിയോട് സംസാരിക്കുകയായിരുന്നു സ്‌റ്റെഫി സേവ്യര്‍.
‘പ്രിയ ആനന്ദിന്റെ മെറ്റേര്‍ണിറ്റി വെയറുണ്ട്. വെള്ള ഉടുപ്പാണ് അത്. മെറ്റേര്‍ണിറ്റി ഡ്രസിന്റെ ടെക്‌നിക്കല്‍ സൈഡ് അന്ന് നമുക്കും അത്ര ഒന്നും അറിയില്ല. ഡ്രസ് ഒക്കെ ചെയ്തുകഴിഞ്ഞ് ഒന്‍പത് മാസത്തെ വയര്‍ വെച്ച് കഴിഞ്ഞപ്പോള്‍ ഡ്രസിന്റെ നീളം കയറിപ്പോയി. നമ്മള്‍ മുട്ടിന് താഴെ വരെയാണ് ഉദ്ദേശിച്ചത്. വയര്‍ വെച്ച് കഴിഞ്ഞപ്പോള്‍ മുട്ടിന് മുകളിലേക്ക് പോയി.
ഷൂട്ട് തുടങ്ങുന്നതിന് കുറച്ച് സമയം മാത്രമാണ് ഉള്ളത്. ഇനി സ്റ്റിച്ച് ചെയ്യാനൊന്നും സമയം ഇല്ല, അര മണിക്കൂര്‍ മാത്രമാണ് ഉള്ളത്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഡിസൈന്‍ പോലെ വല്ലതും ആക്കാം എന്ന്. ഡ്രസിന്റെ ബാക്കി മെറ്റീരിയല്‍ വെച്ച് ഒരു ലെയര്‍ കൂടി തയ്ച്ചുവെച്ചു. ഡബിള്‍ ലെയര്‍ ഉടുപ്പ് ആണെന്ന് വിചാരിച്ചോട്ടെ എന്ന് കരുതി.
ഇത് പുതിയ മോഡല്‍ ആണെന്ന് പറയാമല്ലോ. അങ്ങനെ ആ ഡ്രസ് ഉപയോഗിച്ചു. അത് കഴിഞ്ഞ് എസ്ര ഹിന്ദിയില്‍ റീമേക്ക് ചെയ്ത് ടീസര്‍ ഞാന്‍ കാണുമ്പോള്‍ അതേ സാധനം. അത് ആ ഡ്രസിന്റെ സ്റ്റൈലെന്നാണ് അവര്‍ വിചാരിച്ചുവെച്ചത്,’ സ്റ്റെഫി സേവ്യര്‍ പറയുന്നു.