എൻ്റെയും ശശിയേട്ടൻ്റെയും പ്രണയത്തിന് ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകിയത് ആ നടൻ: സീമ
Entertainment
എൻ്റെയും ശശിയേട്ടൻ്റെയും പ്രണയത്തിന് ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകിയത് ആ നടൻ: സീമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th June 2025, 4:24 pm

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സീമ. എണ്‍പതുകളില്‍ മലയാളത്തിലെ വളരെ തിരക്കേറിയ നായികാ നടിയായിരുന്നു ഇവര്‍. സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ജീവിത പങ്കാളി. ഇപ്പോൾ മൺമറഞ്ഞുപോയ കലാകാരൻ ജയനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

തൻ്റെ പ്രണയത്തിന് സിനിമയിൽ നിന്നും ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകിയത് ജയൻ ആയിരുന്നെന്നും തങ്ങളുടെ വിവാഹദിവസം വെളുപ്പിന് തന്നെ ജയൻ ഐ.വി. ശശിയുടെ വീട്ടിലെത്തിയെന്നും സീമ പറഞ്ഞു.

സഹോദരങ്ങളില്ലാത്ത തനിക്ക് മൂത്ത സഹോദരനായിരുന്നു ജയനെന്നും സിനിമയിൽ മറ്റാരേക്കാളും അടുപ്പം അദ്ദേഹത്തിനോട് ആയിരുന്നെന്നും നടി പറയുന്നു.

 

തങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ജയൻ മരണപ്പെട്ടതെന്നും സീമ കൂട്ടിച്ചേർത്തു. അവിശ്വസനീയമായ ദുരന്തമായിരുന്നു ജയൻ്റെ മരണമെന്നും ഇത്രമേൽ അർത്ഥവത്തായ ദുരന്തം മലയാള സിനിമയിൽ ഉണ്ടായിക്കാണില്ലെന്നും അവർ പറഞ്ഞു.

‘എന്റെയും ശശിയേട്ടന്റെയും പ്രണയത്തിന് സിനിമയിൽ നിന്ന് ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകിയത് ജയേട്ടനായിരുന്നു. ഞങ്ങളുടെ വിവാഹദിവസം വെളുപ്പിനുതന്നെ ജയേട്ടൻ ശശിയേട്ടന്റെ വീട്ടിലെത്തി.

മാങ്കാട് ദേവീക്ഷേത്രത്തിൽ വെച്ച് ജ്യേഷ്ഠൻ്റെ സ്ഥാനത്ത് നിന്ന് ശശിയേട്ടന്റെ കാൽ കഴുകി, കുട പിടിച്ച് കൊണ്ടുവന്നതും എന്റെ കൈ പിടിച്ച് ശശിയേട്ടന്റെ കയ്യിലേൽപ്പിച്ചതും ജയേട്ടനായിരുന്നു. സഹോദരങ്ങളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്‌ഠനായിരുന്നു അദ്ദേഹം.

സിനിമയിൽ എനിക്ക് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ജയേട്ടൻ അപമൃത്യുവിന് ഇരയായത്. പല ദുരന്തങ്ങളെയും അവിശ്വസനീയമെന്ന് നമ്മൾ പറയാറുണ്ടല്ലോ. പക്ഷേ, ജയേട്ടന്റെ മരണംപോലെ ആ വാക്ക് ഇത്രമേൽ അർത്ഥവത്തായ ഒരു ദുരന്തം മലയാള സിനിമയിൽ ഉണ്ടായിക്കാണില്ല,’ സീമ പറയുന്നു.

Content Highlight: That actor gave the most support to my love says Seema