ഹമാസിനെതിരെയുള്ള പരാമർശം കോൺഗ്രസ്‌ റാലിയിൽ തരൂർ തിരുത്തും: കെ. മുരളീധരൻ
Kerala News
ഹമാസിനെതിരെയുള്ള പരാമർശം കോൺഗ്രസ്‌ റാലിയിൽ തരൂർ തിരുത്തും: കെ. മുരളീധരൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd November 2023, 5:29 pm

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ഫലസ്തീൻ അനുകൂല റാലിയിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന കോൺഗ്രസ്‌ എം.പി ശശി തരൂരിന്റെ പരാമർശം അദ്ദേഹം ഇന്ന് തിരുത്തുമെന്ന് കെ. മുരളീധരൻ എം.പി.

കോൺഗ്രസിന്റെ ഫലസ്തീൻ അനുകൂല റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടന്നുകൊണ്ടിരിക്കുകയാണ്.

ഹമാസ് നടത്തിയത് ഭീകരാക്രമണം എന്ന തരൂരിന്റെ കോഴിക്കോട്ടെ പ്രസംഗത്തിലെ പരാമർശങ്ങൾ തിരുത്താനുള്ള അവസരമാണ് ഇന്നത്തെ പരിപാടിയെന്നും തീർച്ചയായും അദ്ദേഹം തിരുത്തുമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

‘അദ്ദേഹത്തിന്റെ ഒരു വാക്യത്തിന്റെ പേരിലാണല്ലോ അദ്ദേഹം വിമർശിക്കപ്പെടുന്നത്. അപ്പോൾ അത് തിരുത്താൻ അദ്ദേഹത്തിനുള്ള ഒരു അവസരം കൂടിയാണിത്,’ മുരളീധരൻ പറഞ്ഞു.

ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ തരൂർ റാലിയിൽ ഉണ്ടാകില്ലെന്നായിരുന്നു നേരത്തെ വാർത്തകൾ പുറത്തുവന്നത്. നേരത്തെ ഡി.സി.സി പുറത്തുവിട്ട പട്ടികയിൽ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ തരൂരിന്റെ അസാന്നിധ്യം ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നതിനാൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പാർട്ടി നിർദേശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ലീഗിന്റെ ഫലസ്തീൻ അനുകൂല റാലിയിൽ മുഖ്യാതിഥിയായി എത്തിയ ശശി തരൂരിന്റെ ഹമാസിനെതിരായുള്ള പരാമർശം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചെറുത്തുനിൽപ്പിനെ ഭീകരവാദം എന്ന് പറയാൻ പറ്റില്ലെന്ന് ഡോ. എം.കെ. മുനീർ വേദിയിൽ വച്ചുതന്നെ തരൂരിന് മറുപടി നൽകിയിരുന്നു.

സർക്കാരിന്റെ നവ കേരള സദസ്സ് നടക്കാനിരിക്കുന്നതിനാൽ ബീച്ചിൽ കോൺഗ്രസിന് റാലി നടത്താൻ നേരത്തെ കലക്ടർ അനുമതി നിഷേധിച്ചിരുന്നു. പിന്നീട് കളക്ടറുടെ അനുമതി ലഭിച്ചു. റാലിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് മുഖ്യാതിഥി.

Content Highlight: Tharoor will correct his remarks on hamas in congress rally says K Muraleedharan