എം.പിയാവാന്‍ വളരെ കഷ്ടപ്പെട്ടതല്ലേ, ഒരു തീരുമാനമെടുക്കാന്‍ വലിയ ആലോചന വേണം; കോണ്‍ഗ്രസ് വിടുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് തരൂര്‍
India
എം.പിയാവാന്‍ വളരെ കഷ്ടപ്പെട്ടതല്ലേ, ഒരു തീരുമാനമെടുക്കാന്‍ വലിയ ആലോചന വേണം; കോണ്‍ഗ്രസ് വിടുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th December 2025, 8:06 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി വിടുമോ എന്ന ചോദ്യത്തോട് ഒടുവില്‍ പരസ്യമായി പ്രതികരിച്ച് ശശി തരൂര്‍ എം.പി. ഇത് എന്തിനാണ് തന്നോട് ചോദിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു തരൂരിന്റെ ആദ്യപ്രതികരണം.

‘ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിയാണ്. എന്നോടിത് ചോദിക്കുന്നത് എന്തിനാണെന്നറിയില്ല. എം.പിയായി തെരഞ്ഞെടുക്കാന്‍ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. മറ്റെന്തെങ്കിലും തീരുമാനമെടുക്കണമെങ്കില്‍ വലിയ രീതിയിലുള്ള ആലോചനയും ഒപ്പം മറ്റ് പല കാര്യങ്ങളും പരിഗണിക്കേണ്ടതുമുണ്ട്,’ എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുള്ള എം.പി ആ വലിയ നീക്കം നടത്തുമോ എന്ന ചോദ്യത്തോടായിരുന്നു തരൂരിന്റെ പ്രതികരണം. അടുത്തകാലത്തായി ബി.ജെ.പി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുകൂലമായ നിലപാടെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശശി തരൂര്‍ എം.പി പ്രതിരോധത്തിലാക്കിയിരുന്നു.

 

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് രാഷ്ട്രപതി ഭവനിലൊരുക്കിയ ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും തരൂരിന് മാത്രം ക്ഷണം ലഭിച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

 It was a lot of hard work to become an MP, it takes a lot of thought to make a decision; Tharoor

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയുടെ ഔദ്യോഗിക അത്താഴ വിരുന്നില്‍ പങ്കെടുക്കുന്നു. Phot: ShashiTharoor/fb.com

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ലോക്‌സഭാ, രാജ്യസഭാ പ്രതിപക്ഷ നേതാക്കളുമായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരെ പോലും ക്ഷണിക്കാത്ത ചടങ്ങിലേക്കായിരുന്നു തിരുവനന്തപുരം എം.പിക്ക് മാത്രം ക്ഷണം ലഭിച്ചത്.

പാര്‍ട്ടിയുടെ നിലപാടും എതിര്‍പ്പും മറികടന്ന് തരൂര്‍ അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എം.പിയെന്ന നിലയില്‍ തന്റെ ജനങ്ങള്‍ക്ക് വേണ്ടി ഏറ്റവും മികച്ചത് നല്‍കാനാണ് തന്റെ ശ്രമങ്ങള്‍. ഔദ്യോഗിക അത്താഴ വിരുന്നിനിടയില്‍ പോലും താന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായി തന്റെ മണ്ഡലത്തിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. തന്റെ വോട്ടര്‍മാര്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ ഉത്തരവാദിത്തമാണതെന്നും തരൂര്‍ വിശദീകരിച്ചു.

അതേസമയം, തരൂരിന് മാത്രം ക്ഷണം ലഭിക്കുകയും അദ്ദേഹം അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തതിനെ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വിമര്‍ശിച്ചിരുന്നു.

ഇത്തരത്തില്‍ ക്ഷണിക്കുന്നവരെ മാത്രമല്ല, ക്ഷണം സ്വീകരിക്കുന്നവരെയുമാണ് ചോദ്യം ചെയ്യേണ്ടതെന്നായിരുന്നു പവന്‍ ഖേരയുടെ പ്രതികരണം.

‘എല്ലാവര്‍ക്കും സ്വയം ബോധം വേണം. സ്വന്തം ആന്തരികമായ ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കണം. മുതിര്‍ന്ന നേതാക്കള്‍ക്ക് പകരം ഞങ്ങളെയാണ് ക്ഷണിച്ചിരുന്നെങ്കില്‍ ആ ക്ഷണം ഞങ്ങളാരും ക്ഷണം സ്വീകരിക്കില്ലായിരുന്നു,’ പവന്‍ ഖേര പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ വേദിയിലിരിക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് കഴിഞ്ഞ മാസം തരൂര്‍ പ്രതികരിച്ചിരുന്നു. ഇതും വലിയ വിവാദമാണ് വിളിച്ചുവരുത്തിയത്.

Content Highlight: It was a lot of hard work to become an MP, it takes a lot of thought to make a decision; Tharoor about whether he will leave Congress