ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തങ്കത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന സൂചനയാണ് തങ്കത്തിന്റെ ട്രെയ്‌ലര്‍ തരുന്നത്. ജനുവരി 26ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുകയും ജ്വല്ലറികളില്‍ എത്തിക്കുകയും ചെയ്യുന്ന യുവാക്കളായിട്ടാണ് ബിജു മേനോനും വിനീതും ചിത്രത്തില്‍ എത്തുന്നത്.
വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.
ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയമായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബിജിബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.