ലബ്ബര്‍ പന്ത് ഇഷ്ടമായെന്ന് ലാല്‍ സാര്‍ പറയുന്ന വീഡിയോ എ.ഐ ആണെന്നാണ് വിചാരിച്ചത്: തമിഴരസന്‍ പച്ചമുത്തു
Indian Cinema
ലബ്ബര്‍ പന്ത് ഇഷ്ടമായെന്ന് ലാല്‍ സാര്‍ പറയുന്ന വീഡിയോ എ.ഐ ആണെന്നാണ് വിചാരിച്ചത്: തമിഴരസന്‍ പച്ചമുത്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 7:58 pm

കഴിഞ്ഞവര്‍ഷം ഭൂരിഭാഗം സിനിമാപ്രേമികള്‍ക്കും ഒരുപോലെ ഇഷ്ടമായ ചുരുക്കം സിനിമകളിലൊന്നായിരുന്നു ലബ്ബര്‍ പന്ത്. നവാഗതനായ തമിഴരസന്‍ പച്ചമുത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ അട്ടക്കത്തി ദിനേശ്, ഹരീഷ് കല്യാണ്‍ എന്നിവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം നടത്താന്‍ ലബ്ബര്‍ പന്തിന് സാധിച്ചിരുന്നു.

താന്‍ ഈയിടെ കണ്ട തമിഴ് സിനിമകളില്‍ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് ലബ്ബര്‍ പന്തെന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു. ബാറോസിന്റെ പ്രൊമോഷന്‍ സമയത്തായിരുന്നു താരം ലബ്ബര്‍ പന്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പ്രശംസയെക്കുറിച്ച് സംസാരിക്കുകയാണ് ലബ്ബര്‍ പന്തിന്റെ സംവിധായകന്‍ തമിഴരസന്‍ പച്ചമുത്തു.

‘ലാല്‍ സാറിന്റെ പ്രശംസ ആദ്യം ചെറിയ ക്ലിപ്പായിട്ട് കണ്ടിരുന്നു. പറ്റിക്കാന്‍ വേണ്ടിയിട്ട് ആരോ എ.ഐയില്‍ ഉണ്ടാക്കിയതാണെന്നായിരുന്നു വിചാരിച്ചത്. ഇന്ത്യയിലെ വലിയൊരു സ്റ്റാര്‍ എന്നെപ്പോലൊരു ചെറിയ സംവിധായകന്റെ ആദ്യത്തെ സിനിമ കണ്ടെന്നും അതിനെപ്പറ്റി നന്നായി സംസാരിച്ചെന്നുമൊക്കെ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

ഇത്രയും വര്‍ഷത്തിനിടക്ക് അദ്ദേഹം എത്രയോ കഥകള്‍ കേട്ടിട്ടുണ്ടാകും. എത്രയോ സിനിമകള്‍ അദ്ദേഹം കണ്ടിട്ടുണ്ടാകും. അതിനിടയില്‍ ലബ്ബര്‍ പന്ത് പോലെ ഒരു ചെറിയ സിനിമ കാണുകയും അതിനെ പ്രശംസിക്കുകയും ചെയ്യുമ്പോള്‍ എത്രമാത്രം സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാനാകില്ല. കംപ്ലീറ്റ് ആക്ടറാണല്ലോ ലാല്‍ സാര്‍. അദ്ദേഹത്തിന്റെ പ്രശംസ വിലമതിക്കാനാകാത്തതാണ്,’ തമിഴരസന്‍ പച്ചമുത്തു പറയുന്നു.

ലോക്കല്‍ ക്ലബ്ബ് ക്രിക്കറ്റ് കളിക്കുന്ന രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥയാണ് ലബ്ബര്‍ പന്ത് പറഞ്ഞത്. സ്‌പോര്‍ട്‌സ്, ഈഗോ ക്ലാഷ്, ദളിത് രാഷ്ട്രീയം എന്നിവ കൃത്യമായി യോജിപ്പിച്ച ചിത്രം 2024ലെ മികച്ച സിനിമാനുഭവമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആദ്യ സംവിധാന സംരംഭം തന്നെ 50 കോടി ക്ലബ്ബില്‍ കയറ്റാനും സംവിധായകന് സാധിച്ചു.

മലയാളി താരം സ്വാസികയും അതിഗംഭീര പ്രകടനമാണ് ലബ്ബര്‍ പന്തില്‍ കാഴ്ചവെച്ചത്. യശോദ എന്ന കഥാപാത്രം സ്വാസികക്ക് തമിഴില്‍ ഒരുപാട് അവസരങ്ങള്‍ നേടിക്കൊടുത്തു. സഞ്ജന കൃഷ്ണമൂര്‍ത്തി, കാളി വെങ്കട്, ബാല ശരവണന്‍ എന്നിവരു പ്രകടനവും ലബ്ബര്‍ പന്തിനെ കൂടുതല്‍ മികച്ചതാക്കി.

Content Highlight: Thamizharasan Pachamuthu about Mohanlal’s appreciation on Lubber Pandhu movie