കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ റിമാന്റിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശിക്കാമെന്ന് കേരള ഹൈക്കോടതി. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ സ്വീകരിക്കണമെന്നും പൊലീസ് സംരക്ഷണമൊരുക്കണമെന്നും കോടതി നിരീക്ഷിച്ചു.
കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ റിമാന്റിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശിക്കാമെന്ന് കേരള ഹൈക്കോടതി. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ സ്വീകരിക്കണമെന്നും പൊലീസ് സംരക്ഷണമൊരുക്കണമെന്നും കോടതി നിരീക്ഷിച്ചു.
കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ജുവനൈല്‍ ഹോമിലായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിനോ മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയുന്നില്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതി നിരീക്ഷിച്ചത്.
കോടതിയുടെ പരിഗണനയിലുള്ള വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അലോട്ടമെന്റ് നടപടികള്‍ സ്വീകരിക്കണമെന്നും പ്രവേശന നടപടികള്‍ക്ക് കുട്ടികള്‍ സ്‌കൂളില്‍ പോവണമെങ്കില്‍ അതില്‍ സംരക്ഷണമൊരുക്കണമെന്നും ജുവനൈല്‍ ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
നേരത്തെ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിനടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ അനുമതി ലഭിക്കുകയും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷ ഫലം തടഞ്ഞ് വെക്കുന്നതിനെതിരെയും ഹൈക്കോടതി ഇടപെട്ടിരുന്നു.
താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി മര്‍ദനത്തിനിരയായി മരണപ്പെട്ട കേസില്‍ റിമാന്റിലിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി ഫലം പുറത്തുവിടണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളുടെയും ഫലം തടഞ്ഞ് വച്ചതിന് പിന്നാലെയാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി ഫലം മെയ് 18ന് മുമ്പ് പ്രഖ്യാപിക്കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.
താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് വിദ്യാര്‍ത്ഥി മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. എളേറ്റില്‍ വട്ടോളി എം. ജെ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. പിന്നാലെ ആറ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Content Highlight: Thamarassery Shahabas murder case; Students in remand can take Plus One admission steps: High Court