പരസ്യ പ്രതികരണം നടത്തരുത്; ഫാ. അജി പുതിയാപറമ്പിലിന് വിലക്കേര്‍പ്പെടുത്തി താമരശ്ശേരി രൂപത
Kerala News
പരസ്യ പ്രതികരണം നടത്തരുത്; ഫാ. അജി പുതിയാപറമ്പിലിന് വിലക്കേര്‍പ്പെടുത്തി താമരശ്ശേരി രൂപത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th November 2023, 3:56 pm

കോഴിക്കോട്: താമരശ്ശേരി രൂപതയിലെ ഫാ. അജി പുതിയാപറമ്പിലിന് മത-സാമൂഹിക വിലക്കേര്‍പ്പെടുത്തി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിന്റെ ഉത്തരവ്. സഭാ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുവെന്ന കാരണത്താലാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പരസ്യമായ കുര്‍ബാന സ്വീകരണം പാടില്ല, ഒരാളുടെ മരണ സമയത്തല്ലാതെ മറ്റാരെയും കുമ്പസരിപ്പിക്കാന്‍ പാടില്ല, സാമൂഹ്യ മാധ്യമങ്ങളില്‍ യാതൊന്നും എഴുതാന്‍ പാടില്ല, ടി.വി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത് തുടങ്ങിയവയാണ് പ്രധാന വിലക്കുകള്‍.

നിയമനം നടത്തിയ പള്ളിയിലെ പരിപാടികളില്‍ പങ്കെടുക്കാതിരുന്നെന്നും കുറച്ചു കാലങ്ങളായി സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഫാ. അജി പുതിയാപറമ്പില്‍ ഒഴിഞ്ഞുനില്‍ക്കുകയാണെന്നുമാണ് സഭാ നേതൃത്വത്തിന്റെ ആരോപണം. വൈദികനെതിരെ രൂപത മത കോടതി സ്ഥാപിച്ചിരുന്നു. എന്നാല്‍ വിചാരണയില്‍ വൈദികന്‍ എത്തിച്ചേര്‍ന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി.

കാനന്‍ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ അനുവര്‍ത്തിച്ച് പോവുകയാണെങ്കില്‍ സ്ഥാനത്ത് തുടരാമെന്നും എന്നാല്‍ സഭാ നിയമങ്ങള്‍ പാലിക്കാത്ത പക്ഷം ഫാ. അജി പുതിയാപറമ്പില്‍ വൈദിക പട്ടത്തിന് പുറത്താണെന്നും താമരശ്ശേരി രൂപത ചൂണ്ടിക്കാട്ടി.

കോഴിക്കോട് വെള്ളിമാട്കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റു പള്ളികളിലോ ചാപ്പലുകളിലോ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല, വെള്ളിമാട്കുന്നിലുള്ള വൈദിക മന്ദിരത്തിന് പുറത്ത് താമസിക്കാന്‍ പാടില്ല, പിതൃഭവനം, മത മേലധികാരി, കാനന്‍ നിയമ പണ്ഡിതന്‍ എന്നിവരെ മാത്രമേ സന്ദര്‍ശിക്കാന്‍ പാടുള്ളൂ, മറ്റാരെയെങ്കിലും സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണം, മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കരുത്, പൊതു മീറ്റിങ്ങുകളില്‍ പങ്കെടുക്കരുത്, പൊതുവേദികളില്‍ പ്രസംഗിക്കരുത് എന്നിങ്ങനെയാണ് ഉത്തരവില്‍ പരാമര്‍ശിക്കുന്ന മറ്റു വിലക്കുകള്‍.

എന്നാല്‍ വൈദികന് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തി. ബിഷപ്‌സ് ഹൗസിലേക്ക് മാര്‍ച്ചടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് വിശ്വാസികളുടെ തീരുമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം താമരശ്ശേരി രൂപതയുടെ വിലക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫാ. അജി പുതിയാപറമ്പില്‍ പറഞ്ഞു.

Content Highlight: Thamarassery Diocese banned Father Aji Puthyaparambil