ഇന്നും ആ മലയാള സിനിമയിലെ വില്ലനെ കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടവും വേദനയും തോന്നും: തലൈവാസല്‍ വിജയ്
Entertainment
ഇന്നും ആ മലയാള സിനിമയിലെ വില്ലനെ കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടവും വേദനയും തോന്നും: തലൈവാസല്‍ വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th June 2025, 7:38 am

തമിഴിലും മലയാളത്തിലും ഒരുപോലെ പ്രശസ്തനായ നടനാണ് തലൈവാസല്‍ വിജയ്. അഭിനയത്തിന് പുറമെ ഡബ്ബിങ്ങിലും കഴിവ് തെളിയിച്ച ആളാണ് അദ്ദേഹം. 1992ല്‍ തലൈവാസല്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.

ആ സിനിമയിലൂടെ അദ്ദേഹം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ തലൈവാസല്‍ വിജയ് എന്ന് അറിയപ്പെടാന്‍ തുടങ്ങി. 2000ത്തില്‍ കമല്‍ സംവിധാനം ചെയ്ത മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് എത്തുന്നത്. വില്ലന്‍ വേഷത്തിലാണ് നടന്‍ അഭിനയിച്ചത്.

പിന്നീട് നിരവധി മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. 30 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍ വിജയ് വിവിധ ഭാഷകളിലായി 270ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മധുരനൊമ്പരക്കാറ്റ് സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നടന്‍.

തലൈവാസല്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത് 1992ലാണ്. ആ സിനിമയുടെ പേരിലാണ് ഞാന്‍ പിന്നീട് സിനിമാ മേഖലയില്‍ അറിയപ്പെട്ടത്. തമിഴില്‍ അതുകഴിഞ്ഞ് തേവര്‍ മഗനും തിരുടാ തിരുടായും മഹാനദിയും കാതല്‍കോട്ടെയും ഉള്‍പ്പെടെ ഒട്ടേറെ സിനിമകള്‍ ചെയ്തു.

എങ്കിലും മലയാള സിനിമ എന്നത് എനിക്ക് മുന്നില്‍ തുറക്കപ്പെടാത്ത വാതില്‍ തന്നെയായിരുന്നു. സിനിമയില്‍ എന്നെ സഹായിക്കാന്‍ അധികമാരും ഉണ്ടായിരുന്നില്ല എന്ന സത്യം കൂടി ചേര്‍ക്കുമ്പോള്‍ എന്റെ മലയാള സിനിമാപ്രവേശം വൈകിയതില്‍ അദ്ഭുതമില്ല.

മലയാളത്തില്‍ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നെങ്കിലും അതിന് വേണ്ടി ആരെ സമീപിക്കണമെന്നോ എന്തു ചെയ്യണമെന്നോ എനിക്കറിയില്ലായിരുന്നു. അങ്ങനെ എട്ട് വര്‍ഷം കടന്നുപോയ ശേഷം 2000ത്തിലാണ് എനിക്ക് മലയാളത്തില്‍ നിന്നൊരു വിളി വരുന്നത്.

കമല്‍ സാറിന്റെ മധുരനൊമ്പരക്കാറ്റ് എന്ന സിനിമയിലേക്ക് വിളി വന്നപ്പോള്‍ ഞാന്‍ മറ്റൊന്നും ചിന്തിച്ചില്ല. കമല്‍ എന്ന സംവിധായകന്റെ വാല്യു എന്താണെന്ന് എനിക്ക് ശരിക്കറിയാമായിരുന്നത് തന്നെയാണ് കാരണം.

കല്‍ക്കി പരമേശ്വര്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ മധുരനൊമ്പരക്കാറ്റില്‍ അവതരിപ്പിച്ചത്. ഞാന്‍ ഒരിക്കലും ചെയ്യാന്‍ ആഗ്രഹിക്കാതിരുന്ന ഒരു വില്ലന്‍ കഥാപാത്രം തന്നെയാണ് മലയാളത്തില്‍ എനിക്കാദ്യം ലഭിച്ചത്. ഇന്നും എനിക്ക് ആ വില്ലനെക്കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടവും വേദനയും വരാറുണ്ട്,’ തലൈവാസല്‍ വിജയ് പറയുന്നു.

Content Highlight: Thalaivaasal Vijay Talks About His Character In Madhuranombarakattu Movie