കണ്ണൂര്‍ മാപ്പിള തലശ്ശേരി മാപ്പിള
cpim party congress
കണ്ണൂര്‍ മാപ്പിള തലശ്ശേരി മാപ്പിള
താഹ മാടായി
Tuesday, 5th April 2022, 7:43 pm
സി.പി.ഐ.എം, കണ്ണൂര്‍ പാര്‍ട്ടി എന്ന് പറയുമ്പോഴും അത് കണ്ണൂര്‍ പാര്‍ട്ടിയല്ല. ഹിന്ദു/ മുസ്‌ലിം മൈത്രിയുടെ മഴവില്‍ ധാരകളുണ്ടായപ്പോഴും, ഇടതു പാര്‍ട്ടികളുമായി രാഷ്ട്രീയ മൈത്രി രൂപപ്പെടുത്താന്‍ ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലിങ്ങള്‍ക്ക് സാധിച്ചിട്ടില്ല. തലശ്ശേരി മുസ്‌ലിങ്ങള്‍ക്ക് 'റെഡ്/ സ്പിരിച്വല്‍' പൊളിറ്റിക്‌സാണെങ്കില്‍, കണ്ണൂരിനത് 'സ്പിരിച്വല്‍ ഇസ്‌ലാമിസ്റ്റിക്' രീതിയില്‍ ഉള്ള പടരലാണ്. സി.പി.ഐ.എം അടിസ്ഥാനപരമായി ഒരു ഹിന്ദു പാര്‍ട്ടിയാണ്, എന്ന നിലയിലാണ് വലിയൊരു വിഭാഗം കണ്ണൂര്‍ മുസ്‌ലിങ്ങളുടെ മനസ്സില്‍ ഇപ്പോഴും അടയാളപ്പെട്ട് കിടക്കുന്നത്.

സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ തുടങ്ങുകയാണ്. കണ്ണൂരിലെവിടെയും ഇപ്പോള്‍ ചുകപ്പാണ്. നഗരവീഥികള്‍, ഗ്രാമ വഴിയോരങ്ങള്‍, ചുവരുകള്‍, മരങ്ങള്‍- എവിടെയും ചുകപ്പ്. ചുവര്‍ ചിത്രങ്ങള്‍, രാഷ്ട്രീയവും ജീവിതവും വരച്ചുകാട്ടുന്നു. ഇത്രയേറെ ചിത്രങ്ങള്‍ നഗരഭിത്തികളില്‍ ഇതിനുമുമ്പ് കണ്ണൂരുകാര്‍ കണ്ടിട്ടില്ല. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് കാണാന്‍ വരുന്നവര്‍ ‘ചിത്ര സഹിത’ കണ്ണൂരിനെയാണ് കാണുന്നത്. സചിത്ര കണ്ണൂര്‍.

ഇത് വായിക്കുന്ന കണ്ണൂരിന് പുറത്തുള്ള ഒരാളില്‍ കണ്ണൂര്‍ എന്ന ദേശനാമം പതിപ്പിച്ച ചിത്രം മറ്റൊന്നായിരിക്കും. രാഷ്ട്രീയ പകയുടെ, ഹിംസയുടെ, നിലവിളിയുടെ, അനാഥ മാതൃത്വവും അനാഥ വൈധവ്യവും അനാഥ ബാല്യവും പേറുന്ന ധര്‍മസങ്കടങ്ങളുടെ ദേശം. ഇവിടെ ‘രക്തസാക്ഷി’കളില്ലാത്ത ഒരു പാര്‍ട്ടിയുമില്ല.

യഥാര്‍ഥത്തില്‍ കണ്ണൂര് എന്താണ്? ചുകപ്പാണോ? പച്ചയാണോ? കാവിയാണോ?

പാര്‍ട്ടി പിറന്നത് കണ്ണൂര്‍ ജില്ലയുടെ പല ദേശ കൈവഴികളിലൊന്നായ പാറപ്രത്താണ്. കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്റില്‍ നിന്ന് പാറപ്രത്തേക്ക് ഒരു ബസ്സ് പോലുമില്ല എന്ന് എത്ര പേര്‍ക്കറിയാം? ചിലപ്പോള്‍, ചിലപ്പോള്‍ മാത്രം ഒരു ബസ്സ് പോകുന്നതു കാണാം.കൂത്തു പറമ്പില്‍ നിന്നും തലശ്ശേരിയില്‍ നിന്നുമാണ് പാറപ്രം/ പിണറായി ഭാഗത്തേക്കുള്ള ബസ്സുകള്‍. പാര്‍ട്ടിയുടെ ഒരു ‘ചുകപ്പ് രേഖ’ വരച്ചാല്‍ അത് കൂത്തു പറമ്പ്/ തലശ്ശേരി ബസ് സ്റ്റാന്റുകളില്‍ ചെന്ന് തൊടും.

തലശ്ശേരിയുടെയത്രയും ചുകപ്പല്ല കണ്ണൂര്. എങ്കിലും പാര്‍ട്ടിയുടെ ചരിത്രപരമായ സമകാലികാവതരണങ്ങളില്‍ കണ്ണൂര്‍ പാര്‍ട്ടി/ കണ്ണൂര്‍ ലോബി- എന്നൊക്കെ പാര്‍ട്ടി പ്രതിനിധാനത്തിന്റെ അട്ടിപ്പേറ് കണ്ണൂരിന് ചാര്‍ത്തിക്കൊടുക്കുന്നത് കാണാം. യഥാര്‍ഥത്തില്‍ കണ്ണൂര്‍ നഗരം ഇപ്പോള്‍ സര്‍വത്ര ചുവന്നിട്ടുണ്ടെങ്കിലും എപ്പോഴും ഇങ്ങനെ ചുവന്നിട്ടല്ല.

 

എന്തുകൊണ്ട്?

ഇവിടെയാണ് സങ്കീര്‍ണ്ണമായ ആ രാഷ്ടീയ വൈരുധ്യം വെളിച്ചത്തു വരുന്നത്. കണ്ണൂര്‍ മുസ്‌ലിങ്ങള്‍ / തലശ്ശേരി മുസ്‌ലിങ്ങള്‍ എന്ന മുസ്‌ലിം പ്രതിനിധാനങ്ങള്‍ ഈ പാര്‍ട്ടിയോട് ചേര്‍ന്നും അകന്നും നില്‍ക്കുന്നു. തലശ്ശേരി മുസ്‌ലിങ്ങള്‍ പാര്‍ട്ടിയെ തുണക്കുമ്പോള്‍, കണ്ണൂര്‍ നഗര മുസ്‌ലിങ്ങള്‍ പാര്‍ട്ടിയോട് കണ്ണിചേര്‍ന്ന് നില്‍ക്കുന്നില്ല.

കണ്ണൂരിലെ ഒരേയൊരു മുസ്‌ലിം രാജവംശം നിലവിലുണ്ടായിരുന്ന അറക്കല്‍ സ്വരൂപവും ഹിന്ദു നാട്ടുരാജ്യമായ കോലത്തുനാട് വാണ ചിറക്കല്‍ സ്വരൂപവും അന്യോന്യം പകര്‍ന്ന ഒരു മൈത്രിയുണ്ട്. ആ മൈത്രി ഇപ്പോഴുമുണ്ട്. ഹിന്ദു/ മുസ്‌ലിം മൈത്രിയുടെ മഴവില്‍ ധാരകളുണ്ടായപ്പോഴും, ഇടതു പാര്‍ട്ടികളുമായി രാഷ്ട്രീയ മൈത്രി രൂപപ്പെടുത്താന്‍ ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലിങ്ങള്‍ക്ക് സാധിച്ചിട്ടില്ല. മുസ്‌ലിം ലീഗ് ആണ് ഇവിടെ മുന്നില്‍ നില്‍ക്കുന്ന മുസ്‌ലിം പാര്‍ട്ടി. കടുംപച്ച.

തലശ്ശേരി മുസ്‌ലിങ്ങള്‍, തലശ്ശേരി കലാപ നാളുകളില്‍ അനുഭവിച്ച അരക്ഷിതമായ അവസ്ഥകളും ജീവല്‍ ഭയവും കണ്ണൂര്‍ നഗര മുസ്‌ലിങ്ങള്‍ക്കില്ല. അതുകൊണ്ട് തന്നെ സി.പി.ഐ.എമ്മിന്റെ രക്ഷാകര്‍തൃത്വഭൂതകാലത്തിന് പുറത്താണ് കണ്ണൂര്‍ നഗര മുസ്‌ലിം വാസ/ ജീവിതാവസ്ഥകള്‍.

ഒന്നുകൂടി വിശദീകരിച്ചാല്‍, അറക്കല്‍ രാജവംശത്തിന്റെ സ്വാധീനമുണ്ടാക്കിയ ഇടത്തരം വാണിജ്യ സംസ്‌കാരം, മുസ്‌ലിം ആത്മീയ സംസ്‌കാരം, പ്രവാസ മലയാളികള്‍ രൂപപ്പെടുത്തിയ ഗള്‍ഫ് സംസ്‌കാരം, തീരദേശ സംസ്‌കാരം- ഇവ ഉള്‍ച്ചേര്‍ന്ന് കിടക്കുന്ന സമ്മിശ്ര മാപ്പിള സംസ്‌കാരത്തിലേക്ക് ‘കമ്യൂണിസ്റ്റ് പച്ച’യ്ക്ക് വളരാന്‍ വലിയ സ്‌പെയ്‌സ് കിട്ടിയിട്ടില്ല. തലശ്ശേരി മുസ്‌ലിങ്ങള്‍ക്ക് ‘റെഡ്/ സ്പിരിച്വല്‍’ പൊളിറ്റിക്‌സാണെങ്കില്‍, കണ്ണൂരിനത് ‘സ്പിരിച്വല്‍ ഇസ്‌ലാമിസ്റ്റിക്’ രീതിയില്‍ ഉള്ള പടരലാണ്.

കണ്ണൂര്‍ സിറ്റിയിലെ പള്ളികള്‍ പോലെ ഭക്തി സാന്ദ്രമായ പള്ളികള്‍ കേരളത്തില്‍ അപൂര്‍വമാണ്. ഭൂതകാലത്തെ ഒറ്റനോട്ടത്തില്‍ ഓര്‍മകളിലേക്ക് കൊണ്ടുവരുന്ന പള്ളികളാണവ. എഴുപതിലെ തലശ്ശേരി കലാപത്തിന് ശേഷം മിക്കവാറും തലശ്ശേരി ‘സി.പി.ഐ.എം വല്‍ക്കരി’ക്കപ്പെട്ടു. അത്തരമൊരു ‘സി.പി.ഐ.എം വല്‍ക്കരണം’ കണ്ണൂരില്‍ സംഭവിച്ചില്ല.

സി.പി.ഐ.എം, കണ്ണൂര്‍ പാര്‍ട്ടി എന്ന് പറയുമ്പോഴും അത് കണ്ണൂര്‍ പാര്‍ട്ടിയല്ല. സി.പി.ഐ.എമ്മിനെ തങ്ങളുടെ മുന്‍കൈ പ്രസ്ഥാനമായി കണ്ണൂര്‍ മുസ്‌ലിങ്ങള്‍ കണ്ടിട്ടില്ല എന്നതാണ് രാഷ്ട്രീയ വസ്തുത. ആ പ്രത്യയശാസ്ത്രവുമായി അറക്കല്‍ പാരമ്പര്യം പേറുന്ന മുസ്‌ലിങ്ങള്‍ക്ക് രാഷ്ട്രീയമായ കൂടിച്ചേരല്‍ സാധിച്ചില്ല.

ഇടതുപക്ഷ രാഷ്ട്രീയത്തോട് എക്കാലത്തും ആഭിമുഖ്യം കാട്ടിയത് തലശ്ശേരി മുസ്‌ലിങ്ങളായിരുന്നു. മുസ്‌ലിം ലീഗിനെതിരെ മുസ്‌ലിങ്ങള്‍ക്കുള്ളില്‍ നിന്നുതന്നെ ഒരു ജനാധിപത്യ ചേരിയുണ്ടായത് തലശ്ശേരിയില്‍ നിന്നാണ് എന്നുകൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കാം: സി.കെ.പി ചെറിയ മമ്മുക്കോയിയുടെ നേതൃത്വത്തില്‍.

ഹിന്ദുത്വ ശക്തികള്‍ കേരളത്തില്‍ ആധിപത്യ പ്രവണത പ്രത്യക്ഷമായി കാണിച്ചുതുടങ്ങിയത് എണ്‍പതുകള്‍ക്ക് ശേഷമാണ്. തൊണ്ണൂറുകള്‍ക്ക് ശേഷം മിക്കവാറും അതൊരു സാംസ്‌കാരിക രൂപമായി വളര്‍ന്നു. ഈ സന്ദര്‍ഭങ്ങളിലൊക്കെ ‘മുസ്‌ലിം തീവ്രവാദവും ഹിന്ദുതീവ്രവാദവും തെറ്റ്/ ഒന്ന് മറ്റൊന്നിനെ പാലൂട്ടുന്നു’ എന്ന ‘സമദൂര’ രാഷ്ടീയ വ്യാഖ്യാനം ചമയലിലൂടെ സി.പി.ഐ.എം തീവ്ര ഹിന്ദുത്വത്തെ പ്രതിരോധിച്ചു.

മറ്റൊരു രാഷ്ട്രീയ വായനയില്‍, അത് ഒരു മൃദു ഹിന്ദുത്വ സമീപനമാണ് എന്ന രാഷ്ട്രീയ വിമര്‍ശനം സാധ്യമാണ്. എന്തുകൊണ്ട് കണ്ണൂര്‍ നഗരാതിര്‍ത്തികളില്‍ സി.പി.ഐ.എമ്മിന് ഒരു ‘മുന്‍കൈ പ്രസ്ഥാനമായി’ മാറാന്‍ സാധിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളില്‍ ഇതും ഒരു കാരണമാണ്.

സി.പി.ഐ.എം അടിസ്ഥാനപരമായി ഒരു ഹിന്ദു പാര്‍ട്ടിയാണ്, എന്ന നിലയിലാണ് വലിയൊരു വിഭാഗം കണ്ണൂര്‍ മുസ്‌ലിങ്ങളുടെ മനസ്സില്‍ ഇപ്പോഴും അടയാളപ്പെട്ട് കിടക്കുന്നത്: വാസ്തവം അങ്ങനെയല്ലെങ്കിലും. അതിന് കണ്ണൂരിലെ ജാതി സമവാക്യങ്ങളും ഒരു കാരണമായി തീര്‍ന്നിട്ടുണ്ട്.

നമ്പ്യാര്‍/ ഈഴവ ജാതികളുടെ ആഴത്തിലുള്ള വേരോട്ടം പാര്‍ട്ടിക്ക് കിട്ടി. ആ പിന്തുണ ദലിത്/ മുസ്‌ലിം സമൂഹത്തില്‍ നിന്ന് കിട്ടിയതുമില്ല. ആഴത്തിലുള്ള പഠനം ആ ദിശയില്‍ നടക്കേണ്ടതുണ്ട്. അതുകൊണ്ടാണ് കണ്ണൂരിന് പുറത്ത് കണ്ണൂര്‍ പാര്‍ട്ടി എന്നറിയപ്പെടുമ്പോഴും കണ്ണൂര്‍ നഗരം പാര്‍ട്ടിക്ക് പിടി കൊടുക്കാതെ നില്‍ക്കുന്നത്. കണ്ണൂരിനെ സംസ്‌കാരികമായി മനസ്സിലാക്കാന്‍ പുരോഗമന കലാസാഹിത്യസംഘം പോലെയുള്ള ഇടതു സാംസ്‌കാരിക സംഘടനകള്‍ക്കും സാധിച്ചില്ല.

ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ദിവസങ്ങളില്‍ കണ്ണൂര് വരുന്നവര്‍, നായനാര്‍ അക്കാദമിയില്‍ നിന്ന് വലിച്ചുനീട്ടി നടന്നാല്‍ ഇരുപത് മിനിട്ടുകൊണ്ട് എത്താവുന്ന കണ്ണൂര്‍ സിറ്റി സന്ദര്‍ശിക്കാനിടയുണ്ട്. റംസാന്‍ നാളുകളിലെ രാവുകള്‍ കണ്ണൂര്‍ സിറ്റിക്ക് രുചിയുടെ ആയിരത്തൊന്നു കഥകള്‍ പറയാനുണ്ടാവും.

ഈ വര്‍ഷം രുചിപന്തലുകള്‍ അല്‍പം വിശാലമാക്കി തന്നെ കെട്ടിയിട്ടുണ്ട്. റംസാന്‍ നാളുകളിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് എന്നത് ആ നിലയില്‍ മലബാര്‍ മാപ്പിള സംസ്‌കൃതി അറിയാന്‍ ഉള്ള അവസരം കൂടിയാണ്.

Content Highlight: Thaha Madayi on 23rd party Congress at Kannur and the influence of CPIM among Kannur Muslims

താഹ മാടായി
എഴുത്തുകാരന്‍