നക്‌സല്‍ മുസ്‌ലിമും ഇസ്‌ലാമിസ്റ്റ് മുസ്‌ലിമും
Pada Movie
നക്‌സല്‍ മുസ്‌ലിമും ഇസ്‌ലാമിസ്റ്റ് മുസ്‌ലിമും
താഹ മാടായി
Tuesday, 15th March 2022, 4:56 pm

കെ.എം. കമല്‍ സംവിധാനം ചെയ്ത ‘പട’ കണ്ട ശേഷം തിയേറ്ററില്‍ നിന്ന് എണീറ്റുനിന്ന് കയ്യടിക്കാന്‍ തോന്നി. എന്നാല്‍ അത്തരം കയ്യടിയുടെ ഏതൊരൊച്ചയും ആ സന്ദര്‍ഭത്തില്‍ പ്രേക്ഷകര്‍ അനുഭവിച്ചുകൊണ്ടിരുന്ന തീവ്രമായ വൈകാരിക നിമിഷങ്ങളെ അരോചകമാവുന്ന വിധത്തില്‍ അലോസരപ്പെടുത്തുമെന്നുറപ്പുണ്ടായിരുന്നു.

ആ സിനിമയിലെ കഥാപാത്രങ്ങള്‍ ചരിത്രത്തില്‍ നിന്ന് ‘പട’ത്തിലേക്കും ‘പട’ത്തില്‍ നിന്ന് കാലികവും ചരിത്രപരവുമായ ഓര്‍മപ്പെടുത്തലുകളിലേക്കും പ്രേക്ഷകരെ കൊണ്ടുപോയി. ആ മനുഷ്യര്‍ ഓടി വരുന്നത് പ്രേക്ഷകരുടെ നേര്‍ക്കാണ്. പൊതുസമൂഹത്തിലേക്കാണ് ഭൂമിയുടെ രാഷ്ട്രീയം പറഞ്ഞ ആ മനുഷ്യരുടെ ഓട്ടം. പൊതുസമൂഹവും പൊലീസും ഒരുപോലെ ജീവിതത്തിലവരെ ‘നോട്ടപ്പുള്ളി’യുടെ സ്ഥിരം നോട്ടത്തില്‍ നിര്‍ത്തി.

നക്‌സല്‍ പ്രസ്ഥാനങ്ങളുടെ സാംസ്‌കാരിക/ രാഷ്ട്രീയ ഓഡിറ്റിങ്ങ് നടത്തുമ്പോള്‍ ഏതൊരാള്‍ക്കും യാതൊരു സങ്കീര്‍ണതയുമില്ലാതെ ബോധ്യമാവുന്ന രണ്ട് കാര്യങ്ങള്‍ ഇതാണ്:

ഒന്ന്: ഭൂമിയുടെ രാഷ്ട്രീയം പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചവരിലേറെയും ജന്മംകൊണ്ട് ഹിന്ദു സമൂഹത്തില്‍ പിറന്നവരാണ്. രാഷ്ട്രീയ/ പ്രത്യയശാസ്ത്ര ബോധ്യങ്ങളുടെ ഒരു തിരിച്ചറിവ് ഘട്ടത്തില്‍ അവര്‍ കമ്യൂണിസ്റ്റാവുന്നു. ചിലര്‍ തിരിച്ച് ഹിന്ദു ആത്മീയതയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു.

രണ്ട്: എഴുത്ത്, ചിന്ത, പ്രസാധനം -ഇവ മൂന്നും ആശയ പ്രചരണത്തിന് അവര്‍ ഉപയോഗിച്ചു. ‘രാകി മൂര്‍ച്ചകൂട്ടിയ വാള്‍’ പോലെ, വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടി. തെരുവെഴുത്തുകളും ലഘുലേഖകളും ഉപയോഗിച്ചു. ആധാരമെഴുത്തുകാര്‍ അവരുടെ ഒരെഴുത്ത് ഭാഷ രൂപപ്പെടുത്തിയത് പോലെ, നക്‌സലൈറ്റുകള്‍ അവരുടേതായ ഭാഷ രൂപപ്പെടുത്തി. മിക്കവാറും അതവര്‍ക്കു മാത്രം മനസ്സിലാകുന്ന ഭാഷയായിരുന്നു.

ഒന്നാമതും രണ്ടാമതുമായി എടുത്തുചേര്‍ത്ത കാര്യങ്ങള്‍ വിശദീകരിക്കേണ്ട ഒരു ബാധ്യത കൂടി ഈ കുറിപ്പ് ആവശ്യപ്പെടുന്നുണ്ട്.

‘പട’ സിനിമയില്‍ മുസ്‌ലിമായി പ്രത്യക്ഷപ്പെടുന്ന ഒരേയൊരു കഥാപാത്രം ഉസ്മാന്‍ ആണ്. ‘അയ്യങ്കാളിപ്പട’യുടെ സന്ദേശവാഹകനും അവരെ ഇണക്കി ചേര്‍ക്കുന്ന പ്രധാന കണ്ണിയും ഉസ്മാനാണ്. എന്നാല്‍, നക്‌സലൈറ്റ് ചരിത്രമെഴുതുമ്പോള്‍ എത്ര ഉസ്മാന്‍മാരുണ്ട്?

ഉസ്മാന്‍ എന്നത് ‘മുസല്‍മാന്‍’ കൂടിയാണ്. കമ്യൂണിസ്റ്റ് ആകും മുമ്പ് ജന്മസിദ്ധമായ മതം പേറുന്ന/ മതത്തില്‍ പിറന്ന ആള്‍. അങ്ങനെ നക്‌സല്‍ സമരധാരകളുടെ ചരിത്രം തേടുമ്പോള്‍ മുസ്‌ലിം പ്രാതിനിധ്യം അത്രയധികമില്ല. രക്തസാക്ഷികള്‍ക്കും യഥാര്‍ഥ വിപ്ലവപാതയിലൂടെ പീഡനചുരം കയറിയിറങ്ങിയവര്‍ക്കും അവരുടെ ഓര്‍മ പുതുക്കലുകളുടെ ഭാഗമായി മതം കടന്നു വരുന്നേയില്ല.

ചരിത്രത്തില്‍ ചിലപ്പോള്‍ മിന്നിമറിയുന്നതും ശാശ്വതമായി നിലനില്‍ക്കുന്നതും അവരുന്നയിച്ച ചോദ്യങ്ങള്‍ മാത്രമാണ്. വ്യവസ്ഥയുമായി പോരാടി മരിച്ചവരുടെ ‘രാഷ്ടീയ ഓര്‍മ’യാണ് ഒരു മായിക സ്വാധീനമായി നിലനില്‍ക്കുന്നത്.

ഒരുപക്ഷെ ഭൂമിയുടെ/ പരിസ്ഥിതിയുടെ/ വിമോചനത്തിന്റെ രാഷ്ട്രീയം പറഞ്ഞ വൈക്കം മുഹമ്മദ് ബഷീര്‍ അത്ഭുതകരമായ വിധത്തില്‍ ജന്മസിദ്ധനായ മുസ്‌ലിമായി തുടര്‍ന്നും ജീവിച്ച്, സാഹിത്യത്തിന്റെ അടിസ്ഥാന ധാരണകളെ വേരോടെ പിഴുതെറിഞ്ഞു. എന്നാല്‍ നക്‌സല്‍ സമരധാരകളില്‍ ഇത്തരം ആഴത്തിലലിഞ്ഞ മുസ്‌ലിം പ്രാതിനിധ്യത്തെ കണ്ടെത്താനാവില്ല.

മമ്മാലിയേയും ഏറ്റവുമൊടുവില്‍ സി.പി. ജലീലിനെയും മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. കലുഷിതമായ ചോദ്യങ്ങളെറിഞ്ഞു കൊണ്ട് പീഡനപര്‍വ്വം താണ്ടിയവരെത്രയോ ഉണ്ട്. ചരിത്രത്തിന്റെ നീതി നിഷേധങ്ങള്‍ കണ്ട് ഇറങ്ങിപ്പുറപ്പെട്ടവര്‍. ഉന്മാദം ബാധിച്ച് സ്വയം എരിഞ്ഞടങ്ങിയവര്‍. മതത്തിന്റെയല്ല, കമ്യൂണിസത്തിന്റെ ചോദനകള്‍ തന്നെയാണ് അവരെ തൊട്ടുണര്‍ത്തിയതും മുന്നോട്ടു നയിച്ചതും.

എന്നാല്‍, വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന വിധം, എല്ലാം കവര്‍ന്നെടുക്കപ്പെട്ട് നിത്യമായ കഷ്ടപ്പാടുകളിലേക്ക് തള്ളിനീക്കപ്പെട്ട ആദിവാസി/ ദളിത് പ്രശ്‌നങ്ങള്‍ മുസ്‌ലിം മുഖ്യധാരാ സമൂഹം അഡ്രസ് ചെയ്തിട്ടില്ല. ആദിവാസികളുടെയും ഭൂമിയുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കാവുന്ന ഭാഷയ്ക്ക് പകരം ‘പ്രബോധ’നത്തിന്റെ ഒരു ഭാഷയാണ് മുസ്‌ലിം നവോത്ഥാന/ മതപരിഷ്‌കരണവാദികള്‍ ഇവിടെ രൂപപ്പെടുത്തിയത്.

ആ ഭാഷ ഇസ്‌ലാമിനെയും മുസ്‌ലിമുകളെയും കുറിച്ച് മാത്രം സംസാരിച്ചു. ‘ഇസ്‌ലാമിക ഭരണക്രമത്തെ’ ഭൂമിയിലെയും സ്വര്‍ഗത്തിലെയും വിശിഷ്ട മാതൃകയായി അവതരിപ്പിച്ചു. മിക്കവാറും ആ ഭാഷ മുസ്‌ലിം മതമൗലികവാദികള്‍ക്കും യാഥാസ്ഥിതര്‍ക്കും മാത്രം മനസിലാവുന്ന ഒരു ഭാഷയായിരുന്നു. ഇസ്‌ലാമിസ്റ്റ് ഉസ്മാന്‍മാരെ ആ ഭാഷ സൃഷ്ടിച്ചു, നക്‌സലൈറ്റ് ഉസ്മാന്‍മാരെ സൃഷ്ടിച്ചുമില്ല.

മുസ്‌ലിം സാക്ഷരതാ സംരംഭങ്ങളായി അവതരിപ്പിക്കപ്പെട്ടവ മിക്കവാറും ഇസ്‌ലാമിസ്റ്റ് ആശയലോകത്തേക്കുള്ള ആളെ കൂട്ടല്‍ പരിപാടികളായിരുന്നു. അതിനെ ചോദ്യം ചെയ്തുകൊണ്ട് നക്‌സല്‍ ഉസ്മാന്‍മാര്‍ ആ വഴിയേ വന്നില്ല.

ഇതേ കൈയൊഴിയല്‍ മുസ്‌ലിമുകള്‍ക്ക് നേരെ നക്‌സല്‍ധാരയില്‍ നിന്നുമുണ്ടായി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്‌ലിം അവരുടെ കാഴ്ചയുടെയോ പോരാട്ടത്തിന്റെയോ പരിധിയിലേക്ക് വന്നില്ല. നക്‌സല്‍ സമരങ്ങളും ഭൂസമരങ്ങളും മനുഷ്യരുടെ ‘അടിയന്തരമായി പരിഹരിക്കേണ്ട’ പ്രശ്നങ്ങളായി മുസ്‌ലിം ജനതയില്‍ വലിയൊരു വിഭാഗത്തിന് തോന്നിയുമില്ല.

ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഓരോ ഖുതുബയിലും (വെള്ളിയാഴ്ച പ്രസംഗം) ദുആ ചെയ്ത ഇമാമുമാര്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസി സമൂഹത്തിന് വേണ്ടി ഒരു പ്രസംഗവും നടത്തിയില്ല. ആഗോള സാമ്രാജ്യത്വത്തെ അവര്‍ കണ്ടു, സ്വന്തം ഭൂമികയിലെ വരേണ്യതയെ കണ്ടുമില്ല.

ഇടക്കാലത്ത് മുഖ്യധാരാ മലയാളസിനിമയില്‍ രൂപപ്പെട്ട മുസ്‌ലിം വിരുദ്ധ ചേരുവകളുടെ ‘നരസിംഹാ’വതരണങ്ങള്‍, മുസ്‌ലിമിനെ എതിര്‍ചേരിയിലാക്കി. കീഴടക്കപ്പെടേണ്ട, അജ്ഞാനിയും പരിഹാസ്യനുമായ ശത്രു.

മറുഭാഗത്ത് നക്‌സലുകളുടെ എഴുത്ത്/ ഭാഷ/ സംവാദം മുസ്‌ലിങ്ങള്‍ക്കും ബാധമാവുകയോ ബോധ്യമാവുകയോ ചെയ്തില്ല. ഗള്‍ഫില്‍ പോയി, മരുഭൂമിയില്‍ ഉടലുരുകി, പിറന്ന നാട്ടില്‍ ഭൂമി വീണ്ടെടുത്തവരുടെ കഥയാണ് മലയാളി മുസ്‌ലിം ജീവിതം. മുസ്‌ലിമുകളുടെ ജീവിതത്തിന്റെ ഉരുക്കങ്ങള്‍ നക്‌സലുകള്‍ക്ക് ബോധ്യമായില്ല. മുസ്‌ലിമുകള്‍ക്ക് നക്‌സലുകള്‍ മുന്നോട്ടുവെച്ച ഭൂമിയുടെ രാഷ്ട്രീയവും.

പിന്നെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അവരുടേതായ സ്വപ്നങ്ങള്‍ മാത്രമായിരുന്നു. ഭൂമി നഷ്ടപ്പെട്ട ആദിവാസി അവരുടെ പരിഗണനയുടെ മുന്‍ഗണനാ ക്രമങ്ങളില്‍ വന്നില്ല. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ഹിന്ദു സമൂഹത്തിന്റെ പ്രശ്‌നമായി. പോരാടിയതും രക്തസാക്ഷികളായതും ഏറെയും അവര്‍ തന്നെ.

അതുകൊണ്ട് ‘പട’യിലെ ആ ഉസ്മാന്‍ ഒരു രാഷ്ട്രീയ ചോദ്യമാണ്. സിനിമയുടെ അവസാനം പോരാട്ടം നയിച്ച മറ്റെല്ലാവര്‍ക്കും മാതൃകകളുണ്ട്. അയാള്‍ക്കു മാത്രമില്ല. ആ ഉസ്മാന്‍ ചരിത്രത്തില്‍ നിന്നും ‘പട’ത്തില്‍ നിന്നും എങ്ങോട്ടാണ് നടന്നുപോയത്?

പ്രത്യയശാസ്ത്രപരമായി പ്രവര്‍ത്തിക്കുമ്പോഴും പലര്‍ക്കും അവരുടെതായ അവതരണങ്ങളുണ്ട്. ആ സിനിമയിലെ അടുക്കളകളില്‍ സ്ത്രീകളുടെ ഉള്ളുരുക്കമുണ്ട്, കുട്ടികളുടെ വിതുമ്പലുണ്ട്. ദാരിദ്ര്യവും വേദനയുമുണ്ട്. ബന്ദിയാക്കപ്പെട്ട ജില്ലാ കലക്ടറുടെ ഭാര്യ/ മകള്‍ എല്ലാം കടന്നുവരുന്നുണ്ട്.

എന്നാല്‍ കഥാപാത്രമായ ഉസ്മാന്റെ വീട്? ആ വീട് മാത്രം വിട്ടുപോകുന്നു. മതാത്മകമല്ലാത്ത ജീവിതം നയിച്ച ഉസ്മാനെ ഓര്‍ക്കുന്ന/ കരയുന്ന സ്ത്രീ സിനിമയില്‍ ഇല്ല. മനുഷ്യജീവിതത്തിന്റെ വ്യഥകള്‍ പകര്‍ത്തുമ്പോള്‍ എവിടെ ഉസ്മാന്റെ സ്ത്രീ?

ഇവിടെയാണ് വിപ്ലവത്തിന്റെ മതാത്മകത.


Content Highlight: Thaha Madayi about Pada movie, the Naxal movement, Muslim representation in it, tribal community

താഹ മാടായി
എഴുത്തുകാരന്‍