പശ്ചിമേഷ്യയിലെ സംഘര്‍ഷം; ആശങ്കയറിയിച്ച് രാഹുല്‍ ഗാന്ധി, ചര്‍ച്ചകള്‍ അവഗണിച്ചുള്ള ആക്രമണമെന്ന് സി.പി.ഐ.എം
India
പശ്ചിമേഷ്യയിലെ സംഘര്‍ഷം; ആശങ്കയറിയിച്ച് രാഹുല്‍ ഗാന്ധി, ചര്‍ച്ചകള്‍ അവഗണിച്ചുള്ള ആക്രമണമെന്ന് സി.പി.ഐ.എം
രാഗേന്ദു. പി.ആര്‍
Saturday, 28th February 2026, 5:16 pm

ന്യൂദല്‍ഹി: ഇറാനിലെ യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പശ്ചിമേഷ്യയിലെ ഓരോ ഇന്ത്യന്‍ പൗരന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തെ അപലപിച്ച് സി.പി.ഐ.എം ദേശീയ നേതൃത്വവും രംഗത്തെത്തി. ഇസ്രഈലിന്റെ ആക്രമണങ്ങള്‍ ഇറാന്റെ ദേശീയ പരമാധികാരത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും മുഴുവന്‍ അന്താരാഷ്ട്ര ഉടമ്പടികളുടെയും നഗ്‌നമായ ലംഘനമാണെന്ന് സി.പി.ഐ.എം പറഞ്ഞു.

ഇറാനുമായുള്ള ചര്‍ച്ചകള്‍ അവഗണിച്ചാണ് അമേരിക്കയും ഇസ്രഈലും ഈ ആക്രമണങ്ങള്‍ നടത്തിയത്. ഈ ചര്‍ച്ചകളില്‍ യു.എസ് ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്നാണ് ഇറാനെതിരായ ആക്രമണങ്ങളില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളില്‍ നിന്നും വ്യക്തമാകുന്നത്.

സ്വതന്ത്ര രാജ്യങ്ങളെ സ്വന്തം ഇഷ്ടപ്രകാരം ആക്രമിക്കുന്ന, യുദ്ധബുദ്ധിയുള്ള ഒരു ഭീഷണിയായി യു.എസ് പ്രവര്‍ത്തിക്കുന്നു. വെനസ്വേലക്കെതിരായ സമീപകാല ആക്രമണത്തിനും ക്യൂബയ്ക്കെതിരായ ഭീഷണികള്‍ക്കും പിന്നാലെയാണ് ഇറാനെതിരായ ആക്രമണമെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈല്‍ സന്ദര്‍ശനം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാനെതിരെ ആക്രമണം നടക്കുന്നത്.

സൗഹൃദ രാജ്യമായ ഇറാനെതിരെയുള്ള ആക്രമണങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ നിസംശയമായി അപലപിക്കണമെന്നും ശത്രുത ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടണമെന്നും സി.പി.ഐ.എം പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത്, അവിടുത്തെ കേരളീയരുടെ സുരക്ഷ മുന്‍നിര്‍ത്തി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സഹായം ആവശ്യമുള്ള പ്രവാസികള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിലെ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍ സൗകര്യം), 18004253939 (ഇന്ത്യയില്‍ നിന്നും വിളിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍) എന്നീ നമ്പറുകളുമായി ബന്ധപ്പെടാം.

അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ അടിയന്തരമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlight: Tensions in the Middle East; Rahul Gandhi expresses concern, CPM says attacks ignoring talks

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.