ഗ്യാങ്സ് ഓഫ് മോളിവുഡ്
Film News
ഗ്യാങ്സ് ഓഫ് മോളിവുഡ്
ഹുദ തബസ്സും കെ.കെ
Tuesday, 21st November 2023, 5:38 pm

മലയാള സിനിമയിൽ കഥാപാത്രങ്ങളെ സ്വീകരിച്ചതിനേക്കാൾ ആവേശത്തിൽ ചില ഗ്യാങ്ങുകളെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. ചില സിനിമയുടെ പേരിനേക്കാൾ അതിലെ ഗ്യാങ്ങിന്റെ പേരായിരിക്കും ആളുകളുടെ ഓർമയിൽ ഉണ്ടാവുക. അത്തരത്തിൽ മലയാള സിനിമ ആഘോഷിക്കപെട്ട ഗ്യാങ്ങുകളെയാണ് ഇവിടെ പരാമർശിക്കുന്നത്.

മലയാള സിനിമയിലെ വ്യത്യസ്തമായ ഴോണറിലുള്ള 10 ഗ്യാങ്ങുകളെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. ഒരേ പാറ്റേർണിലല്ലാത്ത വ്യത്യസ്ത കഥാപാത്രങ്ങളെ കോർത്തിണക്കിയ ഇൻ ഹരിഹർ നഗർ, മൈ ഡിയർ കുട്ടിച്ചാത്തൻ, രാക്കിളിപ്പാട്ട്, ഫോർ ദ പീപ്പിൾ, അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു, ക്ലാസ്മേറ്റ്സ്, നോട്ട്ബുക്ക്, കുഞ്ഞിരാമായണം,രോമാഞ്ചം, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ പത്ത് സിനിമകളാണ് ഇതിൽ ഉൾപെട്ടിട്ടുള്ളത്.

 

1990ൽ സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ചിത്രമാണ് ‘ഇൻ ഹരിഹർ നഗർ’. അപ്പുകുട്ടന്റെയും മഹാദേവന്റെയും തോമസ് കുട്ടിയുടെയും ഗോവിന്ദൻ കുട്ടിയുടെയും ജീവിതത്തിൽ നടക്കുന്ന രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അപ്പുക്കുട്ടന്റെ തമാശ കളും തോമസൂട്ടി വിട്ടോടാ എന്ന ഡയലോഗുമെല്ലാം മലയാളികൾ ഇന്നും ഉപയോഗിക്കുന്ന വാക്കുകളാണ്. ഈ സൗഹൃദത്തിന്റെ കൂട്ടുകെട്ടാണ് സിനിമയ്ക്ക് പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തത്. ഇവരുടെ കൂട്ടുകെട്ടിൽ പിന്നീട് വന്ന ചിത്രങ്ങളാണ് ‘ഇൻ ഹരിഹർ 2 ‘ , ഇൻ ഗോസ്റ്റ് ഹൗസ് ഇൻ.

കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി 1984ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത ചിത്രമാണ് ‘മൈ ഡിയർ കുട്ടിച്ചാത്തൻ’. ലക്ഷ്മി,വിജയ്, വിനോദ് എന്നീ കുട്ടികളും ഒരു കുട്ടിച്ചാത്തനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. ചിത്രത്തിലെ കുട്ടിച്ചാത്തനും കൂട്ടരേയും ഇന്നും പ്രേക്ഷക മനസിൽ മായാതെ കിടക്കുന്നുണ്ട്.

രാധികയും ജോസൂട്ടിയും അവരുടെ കൂട്ടുകാരികളുമായുള്ള ‘രാക്കിളിപ്പാട്ട്’ എന്ന ചിത്രം ഒരു ഗേൾസ് കോളേജിലെ സൗഹൃദവും വീറും വാശിയുമാണ് തുറന്നു കാട്ടുന്നത്. 2007ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പണി കൊടുക്കുന്ന രണ്ട് ഗ്യാങ്ങുകളുടെ കഥയാണ് അവതരിപ്പിച്ചിട്ടുള്ളത്. ജ്യോതിക തബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

 

അരവിന്ദ്, വിവേക്, ഈശ്വർ ഷെഫീഖ് തുടങ്ങി നാല് എൻജിനീയറിംഗ് വിദ്യാർഥികളുടെ കഥ പറയുന്ന ചിത്രമാണ് ‘ഫോർ ദ പീപ്പിൾ’. ലജ്ജാവതി എന്ന പാട്ടും അതിലെ രംഗങ്ങളും നമ്മൾ ഓരോരുത്തർക്കും ഇന്നും മനഃപാഠമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ 4 എൻജിനീയറിങ് വിദ്യാർഥികളുടെ കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. സമൂഹത്തിലെ പ്രശ്നങ്ങൾക്ക് തങ്ങളുടെ രീതിയിൽ നീതി നടപ്പാക്കുകയായിരുന്നു ഈ നാലവർ സംഘം. അരുൺ, ഭരത് ശ്രീനിവാസൻ, പത്മകുമാർ, അർജുൻ ബോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ ഇവരുടെ സൗഹൃദത്തിന്റെ ഐക്യമാണ് തുറന്നു കാട്ടുന്നത്.

മാത്യു പോൾ സംവിധാനം ചെയ്ത രണ്ടായിരത്തിൽ പുറത്തിറങ്ങിയ കുട്ടികളുടെ ചിത്രമാണ് ‘അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു’. സഹോദരങ്ങളായ രോഹനും മീരയും അനാഥനായ മോനപ്പനുമായി സൗഹൃദം സ്ഥാപിക്കുന്നതും ആ സൗഹൃദം അവരുടെ വേർപിരിഞ്ഞ മാതാപിതാക്കളെ ഒന്നിപ്പിക്കുന്നതുമാണ് ചിത്രം കാണിക്കുന്നത്. നിഷ്കളങ്കമായ ബാല്യത്തിലെ കളങ്കമില്ലാത്ത സൗഹൃദത്തെയാണ് കഥ പറഞ്ഞു വെക്കുന്നത്.

മലയാളി പ്രേക്ഷകരുടെ മനസ്സിൽ കലാലയ ജീവിതം എന്ന് കേൾക്കുമ്പോൾ തന്നെ ലാൽ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്മേറ്റ്സ്’ ആണ് ഓടിയെത്തുന്നത്. കാരണം ചിത്രത്തിലെ സൗഹൃദവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയുമാണ്. സുകുവിൻ്റെയും സതീശന്റെയും കലാലയ രാഷ്ട്രീയ പോരാട്ടങ്ങളെ രസകരമായി സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഈ തലമുറകളിലെ ആളുകൾക്ക് പോലും ക്ലാസ്‌മേറ്റ്സ് ഒരു ഇഷ്ട സിനിമ ആയതിനുള്ള കാരണം ആ സൗഹൃദ കൂട്ടായ്മയാണ്.

സേറ, പൂജ, ശ്രീദേവി എന്നീ മൂന്ന് സ്കൂൾ വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രമാണ് 2006ൽ പുറത്തിറങ്ങിയ ‘നോട്ട്ബുക്ക്’. റോമാ, പാർവതി , മരിയ തുടങ്ങിയവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിൽ ഇവർ മൂന്നുപേരുമുള്ള സൗഹൃദവും തുടർന്ന് ഇവർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നവുമാണ് ചർച്ച ചെയ്യുന്നത്. സ്കൂൾ ജീവിതത്തിലെ രസകരമായ മൂന്ന് വിദ്യാർത്ഥികളുടെ സൗഹൃദത്തെ കൃത്യമായി ചിത്രത്തിൽ അവതരിപ്പിക്കുണ്ട്. നോട്ടുബുക്ക് ഇന്നും മലയാളി പ്രേഷകരുടെ ഇഷ്ട ചിത്രം കൂടിയാണ്.

കുഞ്ഞിരാമനും ലാലുവും കുട്ടനും ഉൾപെടുന്ന സൽസ ശാപം പേറിയ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ 2015ൽ ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കുഞ്ഞിരാമായണം’. ഇത് ധ്യാൻ ശ്രീനിവാസന്റെ ലാലു എന്ന കഥാപാത്രവും അജു വർഗീസിന്റെ കുട്ടൻ എന്ന കഥാപാത്രവും കുഞ്ഞിരാമൻ എന്ന വിനീത് ശ്രീനിവാസനുമായുള്ള രസകരമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിലുള്ളത്. തികച്ചും കോമഡി ഴോണറിലുള്ള ഒരു ഗ്യാങ് ചിത്രമാണ് കുഞ്ഞിരാമായണം.

ജിബിൻ മാധവ്, ശിജപ്പൻ, ഹരികുട്ടൻ, നിരൂപ്, തുടങ്ങിയ ബാച്ചിലർ ടീമിലേക്ക് സിനു സോളമൻ എന്ന കഥാപാത്രം വരുമ്പോഴുള്ള രസകരമായ കഥയാണ് ‘രോമാഞ്ചം’ എന്ന ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ വർഷം ആദ്യത്തിൽ പുറത്തിറങ്ങയ ചിത്രത്തിൽ പുതുമുഖ താരങ്ങളാണ് അഭിനയിച്ചതെങ്കിലും കഥാപാത്രങ്ങളുടെ ഗ്രൂപ്പിൻറെ ഐക്യത്തിലാണ് കഥ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്.

റോണി വർഗീസ് സംവിധാനം ചെയ്ത ഒരു പൊലീസ് സ്‌ക്വാഡിന്റെ കഥ പറയുന്ന ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. എസ് .ഐ. ജോർജ് മാർട്ടിനും ജോസും ഷാഫിയും ജയകുമാറും ചേർന്ന് സ്‌ക്വാഡിന്റെ കെട്ടുറപ്പിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സൗഹൃദം എന്നതിലുപരി ഔദ്യോഗിക തലത്തിലുള്ള സ്‌ക്വാഡിന്റെ ഐക്യം എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

കെട്ടുറപ്പുള്ള ഗ്യാങ്ങുകളുടെ കഥ പറയുന്ന നിരവധി മലയാള ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. അവയിലെ വ്യത്യസ്തമായ പത്ത് സിനിമകളാണ് ഇതിൽ ഉൾപെട്ടിട്ടുള്ളത്.

Content Highlight: Ten  Gang movies in malaylam

ഹുദ തബസ്സും കെ.കെ
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം