'പോര്‍ച്ചുഗീസുകാരുടെ കാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണം': പ്രമോദ് സാവന്ത്
national news
'പോര്‍ച്ചുഗീസുകാരുടെ കാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണം': പ്രമോദ് സാവന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd May 2022, 9:00 am

ലഖ്‌നൗ: പണ്ട് കാലത്ത് പോര്‍ച്ചുഗീസുകാര്‍ തകര്‍ത്ത ഹൈന്ദവ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇതിനായി പ്രത്യേക ബജറ്റ് വിഹിതം അനുവദിച്ചതായും സാവന്ത് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.സ് കേന്ദ്രീകൃത മാഗസിനുകളുടെ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘450 വര്‍ഷക്കാലം നീണ്ട പോര്‍ച്ചൂഗീസ് ഭരണത്തില്‍ സംസ്ഥാനത്ത് ഹിന്ദുത്വ വിശ്വാസങ്ങളും സംസ്‌കാരങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. നിരവധി പേര്‍ നിര്‍ബന്ധിത മതം മാറ്റത്തിന് ഇരയായി. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇനി ഇവയെല്ലാം തിരിച്ചുപിടിക്കാനുള്ള സമയമാണ്. എവിടെയെല്ലാം ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടോ അവയെല്ലാം പുനര്‍നിര്‍മിക്കണം,’ സാവന്ത് പറഞ്ഞു.

കടല്‍ത്തീരങ്ങള്‍ക്ക് പുറമെ ഗോവന്‍ ടൂറിസത്തില്‍ സാംസ്‌കാരികവും ആത്മീയവുമായ ടൂറിസം പദ്ധതികള്‍ കൊണ്ടുവരുമെന്നും സാവന്ത് പറഞ്ഞു. ഇതുവഴി സഞ്ചാരികളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിലവില്‍ ഓരോ ഗ്രാമങ്ങളിലും ക്ഷേത്രങ്ങളുണ്ട്. ബീച്ചുകളില്‍ നിന്നും ആളുകളെ ക്ഷേത്രങ്ങളിലേക്ക് എത്തിക്കുകയാണ് അടുത്ത ലക്ഷ്യം,’ സാവന്ത് പറഞ്ഞു.

യു.പിയിലെ മഥുര, വൃന്ദാവനം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് പുതിയ മുഖം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു തീര്‍ത്ഥാടന കേന്ദ്രം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഇതേ പരിപാടിയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമുള്ള യു.പിയുടെ ‘നേട്ടങ്ങളെ’ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം യു.പിയില്‍ ഈദ് ദിനത്തില്‍ റോഡുകളിലുള്ള നമസ്‌കാരം നിര്‍ത്തിയിരുന്നതായി യോഗി പറഞ്ഞു. പള്ളികളില്‍ സ്ഥാപിച്ചിരുന്ന ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യുകയും ഇവ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും കൈമാറിയതായും യോഗി പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം മികച്ച ജീവിത നിലവാരമുള്ള രാജ്യത്തെ സംസ്ഥാനങ്ങളില്‍ യു.പി ഒന്നാം സ്ഥാനത്താണെന്നും, ബിസിനസ് ചെയ്യാന്‍ മികച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണെന്നും യോഗി അവകാശവാദം ഉന്നയിച്ചിരുന്നു.

‘ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയര്‍ന്നു. 70 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നാലില്‍ ഒന്ന് മാത്രമായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ഇത് രണ്ടിരട്ടിയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും യു.പി ഇന്ന് ‘എക്സ്പ്രസ് വേ’ ആയാണ് അറിയപ്പെടുന്നത്,’ യോഗി പറഞ്ഞു.

Content Highlight: Temples demolished during Portuguese reign must be rebuilt says Goa cm pramod sawant