റോഡ് വികസനത്തിനായി അരയാലുകള്‍ മുറിച്ച് മാറ്റാന്‍ തീരുമാനം; സ്വന്തം കയ്യില്‍ നിന്ന് കാശ് ചെലവാക്കി മരങ്ങള്‍ മാറ്റി സ്ഥാപിച്ച് എം.എല്‍.എ
India
റോഡ് വികസനത്തിനായി അരയാലുകള്‍ മുറിച്ച് മാറ്റാന്‍ തീരുമാനം; സ്വന്തം കയ്യില്‍ നിന്ന് കാശ് ചെലവാക്കി മരങ്ങള്‍ മാറ്റി സ്ഥാപിച്ച് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2017, 3:07 pm

 

വിജയവാഡ: ആന്ധ്രപ്രദേശില്‍ റോഡ് വികസനത്തിനായി മരങ്ങള്‍ മുറിച്ച് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ മരങ്ങള്‍ക്ക് സംരക്ഷകനായി തെലുങ്കുദേശം പാര്‍ട്ടി എം.എല്‍.എ. മുറിച്ച് മാറ്റാന്‍ തീരുമാനിച്ച നാല് അരയാലുകള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവാക്കിയാണ് പെന്‍മലുരു എം.എല്‍.എയായ ബോഡെ പ്രസാദ് മാറ്റിസ്ഥാപിച്ചത്.


Also read 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലെടുത്ത തീരം ഒരു രാത്രി ‘ഉയിര്‍ത്തെഴുന്നേറ്റു’; വിശ്വസിക്കാനാകാതെ ഗ്രാമവാസികള്‍, വീഡിയോ കാണാം 


വേരോടെ പിഴുതെടുത്ത മരങ്ങള്‍ വലിയ വാഹനത്തില്‍ കൊണ്ട് പോയാണ് എം.എല്‍.എ മാറ്റിസ്ഥാപിച്ചത്. വിജയവാഡ- മച്ചിലിപ്പട്ടണം ദേശീയപാതയോരത്തെ നാല് മരങ്ങളാണ് തടിഗഡപ്പ പാലത്തിനടുത്തേക്ക് മാറ്റിയത്. പാത വികസിപ്പിക്കാനായി അധികൃതര്‍ മരങ്ങള്‍ മുറിക്കാന്‍ തയ്യാറെടുക്കവെയാണ് പെന്‍മലുരു എം.എല്‍.എ വിഷയത്തില്‍ ഇടപെട്ടതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ കാണാറുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നുവെന്ന് അറിഞ്ഞപ്പോള്‍ ദുഖം തോന്നി. ഇത്തരത്തില്‍ നിരവധി മരങ്ങള്‍ നമുക്ക് സംരക്ഷിക്കാനാകുമെന്നും ബോഡെ പ്രസാദ് പറയുന്നു. മരങ്ങളുടെ സംരക്ഷണത്തിനായി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. റോഡുകള്‍ വികസിപ്പിക്കുമ്പോള്‍ മരങ്ങളുടെ പ്രാധാന്യവും അവ നമുക്കേകുന്ന സുരക്ഷയും മനസില്‍ സൂക്ഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont miss അന്യോന്യം പ്രകോപിപ്പിക്കാറില്ല; പരസ്പര വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നത്; ദാമ്പത്യത്തെ കുറിച്ച് സംയുക്താ വര്‍മ


മരം വേരോടെ പിഴുതെടുത്ത് മാറ്റി സ്ഥാപിക്കാനായി എ.എല്‍.എ തന്നെയാണ് ക്രെയിനും മറ്റ് സാധനങ്ങളും സ്ഥലത്തെത്തിച്ചത് സ്വന്തം കൈയില്‍ നിന്നും പണമെടുത്താണ് എം.എല്‍.എ ഞായറാഴ്ച്ച രാത്രിയോടെ മരങ്ങള്‍ മാറ്റി സ്ഥാപിച്ചത്.

ആദ്യം മരത്തിന്റെ ചില ചില്ലകള്‍ മുറിച്ചുമാറ്റിയതിന് ശേഷം മരത്തിന് ചുറ്റും വലിയ കുഴിയെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ക്രെയിന്‍ ഉപയോഗിച്ച് മരം വേരടക്കം ഉയര്‍ത്തി സ്ഥലത്ത് നിന്നും മാറ്റിയത്. തടിഗഡപ്പയില്‍ നേരത്തേ തയ്യാറാക്കിവെച്ചിരുന്ന വലിയ കുഴിയിലേക്ക് പിന്നീട് മരം നടുകയായിരുന്നു.