കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി സി.പി.ഐ.എം നേതാവ് എന്‍.വി. നികേഷ് കുമാര്‍. എ.കെ.ജി സെന്ററില്‍ ഇരുന്ന് ഒരാള്‍ തനിക്കെതിരെ നിരന്തരം കാര്‍ഡ് ഇറക്കി കൊണ്ടിരിക്കുന്നുവെന്ന സതീശന്റെ പരോക്ഷ വിമര്‍ശനത്തിലാണ് നികേഷ് കുമാറിന്റെ മറുപടി.
‘പേടിച്ച് പോയെന്ന് പറഞ്ഞേക്ക്’ എന്ന് നികേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വി.ഡി. സതീശന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിന്റെ ഒരു ഭാഗം പങ്കുവെച്ചുകൊണ്ടാണ് നികേഷ് കുമാറിന്റെ പോസ്റ്റ്.
‘ഞാന്‍ പണം തട്ടിയെന്നാണ് വ്യാപകമായുള്ള പ്രചരണം. സി.പി.ഐ.എമ്മിന്റെ ഒരാള്‍ അവിടെ ഇരുന്ന് എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുന്നുണ്ടല്ലോ. കെ.പി.സി.സിക്ക് സംഭാവനയായി ലഭിച്ച പണം ഞാന്‍ അടിച്ചു മാറ്റിയെന്നതാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഒരു കാര്‍ഡ്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി ഇരുന്ന 16 വര്‍ഷവും സി.പി.ഐ.എം പിരിച്ച ഫണ്ടൊക്കെ അദ്ദേഹം വീട്ടില്‍ കൊണ്ട് പോകുകയായിരുന്നോ?
ഞാന്‍ നൂറ് കോടി രൂപ കൊണ്ടുപോയെന്നാണ് പ്രചരിപ്പിക്കുന്നത്. എ.കെ.ജി സെന്ററില്‍ നിങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുകയാണ്. അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോള്‍ അയാള്‍ക്കെതിരെ ഒറിജിനൽ കാര്‍ഡ് വരുന്നുണ്ടെന്ന്,’ എന്നായിരുന്നു വി.ഡി. സതീശന്റെ പരാമര്‍ശം.
ആരെയാണെന്ന് ഉദ്ദേശിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘അത് നിങ്ങള്‍ക്ക് അറിയാമല്ലോ’ എന്നാണ് സതീശന്‍ മറുപടി നല്‍കിയത്.
പ്രസ്തുത പ്രതികരണം പങ്കുവെച്ചുകൊണ്ടാണ് നികേഷ് കുമാറിന്റെ മറുപടി പോസ്റ്റ്. കഴിഞ്ഞ ദിവസം പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വി.ഡി. സതീശനെതിരെ വിജിലന്‍സ് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.