തെലങ്കാനയിലെ തുരങ്കമിടിഞ്ഞുണ്ടായ അപകടം; മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഡാവര്‍ നായകളെ വിന്യസിച്ച് രക്ഷാപ്രവര്‍ത്തകര്‍
national news
തെലങ്കാനയിലെ തുരങ്കമിടിഞ്ഞുണ്ടായ അപകടം; മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഡാവര്‍ നായകളെ വിന്യസിച്ച് രക്ഷാപ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th March 2025, 1:57 pm

ഹൈദരാബാദ്: തെലങ്കാനയില്‍ ഭാഗികമായി തകര്‍ന്ന തുരങ്കത്തിനുള്ളില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താനായി കഡാവര്‍ നായകളെ വിന്യസിക്കാന്‍ ഒരുങ്ങി രക്ഷാപ്രവര്‍ത്തക സംഘം. തുരങ്കത്തിനുള്ളിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താനാണ് കഡാവറുകളെ വിന്യസിക്കുന്നത്.

തൊഴിലാളികളെ രക്ഷിക്കാനായുള്ള ശ്രമം 16ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് മാര്‍ച്ച് ഏഴിന് ശേഷം തുരങ്കത്തിനുള്ളിലേക്ക് നായകളെ കൊണ്ടുപോവാനും രക്ഷാപ്രവര്‍ത്തനം നടത്താനും തീരുമാനിച്ചത്.

മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരീശീലനം ലഭിച്ച നായകളായ കഡാവറുകളെ ഇന്നാണ് (ഞായറാഴ്ച) തുരങ്കത്തിലേക്ക് പ്രവേശിപ്പിച്ചത്.

പൊളിച്ചുമാറ്റിയ ടണല്‍ ബോറിങ് മെഷീനിന്റെ രണ്ടാം പാളിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ളതിനാല്‍, കഡാവറുകളെ അയച്ചതിന് ശേഷം തിരിച്ചറിഞ്ഞ സ്ഥലങ്ങളില്‍ അഞ്ച് അടി താഴെ കുഴിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുരങ്കത്തിനുള്ളിലെ വെള്ളവും ചെളിയും ഉള്‍പ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതിനാല്‍, രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ച്ച് 11 മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി റോബോട്ടുകളെ വിന്യസിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

അപകടസ്ഥലത്ത് അവസാന 70 മീറ്ററില്‍ അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫെബ്രുവരി 23നാണ് അപകടം ഉണ്ടായത്. തെലങ്കാനയിലെ നാഗര്‍കുര്‍നൂള്‍ ജില്ലയിലെ ദോമലപെന്റയ്ക്കടുത്തുള്ള തുരങ്കമാണ് ഇടിഞ്ഞത്. തുരങ്കത്തിന്റെ മേല്‍ക്കൂരയുടെ മൂന്ന് മീറ്ററോളം ഇടിഞ്ഞുവീഴുകയായിരുന്നു. ടണലിന്റെ പുറത്ത് നിന്ന് 14 കിലോമീറ്റര്‍ ഉള്ളിലായാണ് അപകടം നടന്നത്.

Content Highlight: Telangana tunnel collapse accident: Rescuers deploy cadaver dogs to detect human presence