ഓരോ കുടുംബത്തിനും ഓരോ സര്‍ക്കാര്‍ ജോലി; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി തേജസ്വി യാദവ്
India
ഓരോ കുടുംബത്തിനും ഓരോ സര്‍ക്കാര്‍ ജോലി; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി തേജസ്വി യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th October 2025, 4:55 pm

പാട്‌ന: വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ആര്‍.ജെ.ഡി നേതാവ് തേജസ്വി പ്രസാദ് യാദവ്. ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് തേജസ്വിയുടെ വാഗ്ദാനം.

ബീഹാറില്‍ മഹാഗഡ്ബന്ധന്‍ അധികാരത്തിലെത്തിയാല്‍ 20 ദിവസത്തിനുള്ളില്‍ ഇതിനായി നിയമനിര്‍മാണം നടത്തുമെന്നാണ് തേജസ്വി യാദവിന്റെ വാഗ്ദാനം.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് 20 മാസം പൂര്‍ത്തിയാകുമ്പോള്‍ ഒരു കുടുംബാംഗത്തിന് പോലും ജോലിയില്ലാത്ത ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് തേജസ്വി പറഞ്ഞു.

ബീഹാറിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാനായി എന്‍.ഡി.എ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും 20 വര്‍ഷമായി ഈ സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ നിലവില്‍ വരികയാണെങ്കില്‍ പ്രത്യേക തൊഴില്‍ നിയമം രൂപപ്പെടുത്തും. 20 മാസത്തിനുള്ളില്‍ എല്ലാ കുടുംബങ്ങള്‍ക്കും തൊഴില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2020ലെ ബീഹാറിലെ തെരഞ്ഞെടുപ്പിന് മുമ്പ് 10 ലക്ഷം തൊഴിലവസരങ്ങളാണ് ആര്‍.ജെ.ഡി യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇത് പാര്‍ട്ടിയുടെയും മഹാഗഡ്ബന്ധന്‍ സഖ്യത്തിന്റെയും തലവര തന്നെ മാറ്റിയിരുന്നു.

110 സീറ്റുകളിലാണ് സഖ്യം വിജയിച്ചുകയറിയത്. കേവല ഭൂരിപക്ഷത്തിന് 20 സീറ്റുകള്‍ മാത്രം അകലെയാണ് അന്ന് അധികാരം മഹാഗഡ്ബന്ധന് നഷ്ടമായത്.

75 സീറ്റുകള്‍ നേടി ആര്‍.ജെ.ഡി തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. അതുകൊണ്ടുതന്നെ തേജസ്വിയുടെ വാഗ്ദാനം വലിയ പ്രതീക്ഷയോടെയാണ് പാര്‍ട്ടിപ്രവര്‍ത്തകരും ബീഹാര്‍ ജനതയും നോക്കിക്കാണുന്നത്.

Content Highlight: Tejashwi Yadav’s election promise: Atleast one government job for every family