പാട്‌ന: രാഷ്ട്രീയ ജനതാ ദള്‍ (ആര്‍.ജെ.ഡി) നേതാവ് തേജസ്വി യാദവ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഘോപൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിനായാണ് ബുധനാഴ്ച തേജസ്വി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ആര്‍.ജെ.ഡി തലവനും പിതാവുമായ ലാലു പ്രസാദ് യാദവിനും മാതാവ് റാബ്‌റി ദേവിക്കും മറ്റ് പ്രമുഖ നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് തേജസ്വി യാദവ് പത്രിക സമര്‍പ്പിച്ചത്.
എന്നാൽ ആര്‍.ജെ.ഡി ഔദ്യോഗികമായി ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജനത്തിൽ തർക്കം തുടരുന്നതിനിടെയാണ് തേജസ്വി യാദവ് നാമനിർദേശ പത്രിക നൽകിയത്.
ഇന്ത്യാ സഖ്യത്തിലെ പ്രമുഖ പാര്‍ട്ടിയായ ആര്‍.ജെ.ഡി കഴിഞ്ഞതവണ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.
ലാലു പ്രസാദ് യാദവിന്റെ പാത പിന്തുടര്‍ന്ന് മകനായ തേജസ്വി യാദവ് കഴിഞ്ഞ രണ്ടുതവണയും രാഘോപൂരില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. ഇത്തവണ ഹാട്രിക് വിജയം പ്രതീക്ഷിച്ചാണ് തേജസ്വി തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങുന്നത്.
രാഘോപൂര് മണ്ഡലം യാദവ് കുടുംബത്തിന്റെ കോട്ടയായാണ് അറിയപ്പെടുന്നത്. മുമ്പ് ലാലു പ്രസാദ് യാദവും ഭാര്യ റാബ്‌റി ദേവിയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
അതേസമയം, ബീഹാറിലെ ഭരണകക്ഷിയായ എന്‍.ഡി.എ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 101 സീറ്റുകളില്‍ വീതം ജെ.ഡി.യുവും ബി.ജെ.പിയും മത്സരിക്കാനാണ് ധാരണയിലെത്തിയിരിക്കുന്നത്.