ബീഹാറില്‍ മാത്രം എന്തുകൊണ്ട്? വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തേജസ്വി യാദവും സുപ്രീം കോടതിയില്‍
Bihar Election
ബീഹാറില്‍ മാത്രം എന്തുകൊണ്ട്? വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തേജസ്വി യാദവും സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th July 2025, 9:34 pm

ന്യൂദല്‍ഹി: ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും സുപ്രീം കോടതിയില്‍. 2003ല്‍ രാജ്യമെമ്പാടും വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നതാണ്. ഇപ്പോള്‍ എന്തുകൊണ്ടാണ് ബീഹാറില്‍ മാത്രം ഈ പ്രക്രിയ നടത്തുന്നതെന്ന് തേജസ്വി യാദവ് ചോദിച്ചു.

ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കമെന്നും തേജസ്വി യാദവ് പറഞ്ഞു. നേരത്തെ ആര്‍.ജെ.ഡിയുടെ രാജ്യസഭാംഗമായ മനോജ് ഝായും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. ദളിതരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും വോട്ടവകാശം കവര്‍ന്നെടുക്കാനുള്ള ബി.ജെ.പി-ആര്‍.എസ്.എസ് ഗൂഢാലോചനയാണിതെന്ന് ഖാര്‍ഗെ പറഞ്ഞു.

തൃണമൂല്‍ നേതാവും ലോക്‌സഭാ എം.പിയുമായ മഹുവ മൊയ്ത്രയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ പ്രത്യേക തീവ്ര പരിഷ്‌കരണം വേണമെന്ന ഉത്തരവില്‍ ഒരു മാറ്റവുമില്ലെന്ന് ഇന്ന് (ഞായര്‍) രാവിലെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവിനെ തുടര്‍ന്ന് താഴെ തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ജൂണ്‍ 24നാണ് ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് യോഗ്യരല്ലാത്ത വോട്ടര്‍മാരെ ഒഴിവാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബീഹാര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എക്സിലൂടെ അറിയിച്ചിരുന്നു.

കമ്മീഷന്റെ ഉത്തരവ് അനുസരിച്ച്, മാതാപിതാക്കളുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്.

ഓഗസ്റ്റ് രണ്ടുമുതല്‍ വീടുവീടാന്തരം കയറിയുള്ള പരിശോധനയില്‍ വോട്ടര്‍മാര്‍ മേല്‍പ്പറഞ്ഞ രേഖകള്‍ ഹാജരാക്കേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 30ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഒരാള്‍ ഒന്നിലധികം പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

2003ലാണ് ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ അവസാന പ്രത്യേക തീവ്ര പരിഷ്‌കരണം നടന്നത്. ഇതിനുശേഷം ഏകദേശം 37 ശതമാനം വോട്ടമാര്‍ സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കപ്പെട്ടിരുന്നു.

Content Highlight: Tejashwi Yadav also moves Supreme Court against voter list revision in bihar