കണക്ക് ചെയ്യാത്തതില്‍ പ്രകോപനം; പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ വടി കൊണ്ട് അടിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍
Kerala News
കണക്ക് ചെയ്യാത്തതില്‍ പ്രകോപനം; പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ വടി കൊണ്ട് അടിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th July 2023, 10:10 pm

പത്തനംതിട്ട: പത്തനംതിട്ട ഇടയാറന്‍മുളയില്‍ വിദ്യാര്‍ത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പത്തനംതിട്ട ഗുരുക്കന്‍കുന്ന് സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലെ അധ്യാപകന്‍ ബിനുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ.എ.എസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്നും ഇത്തരം സംഭവങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തില്‍ എ.ഇ.ഒയുടെ റിപ്പോര്‍ട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ച ശേഷമാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അധ്യാപകനിപ്പോള്‍ അറസ്റ്റിലാണ്.

കണക്ക് ചെയ്യാത്തതില്‍ പ്രകോപിതനായാണ് അധ്യാപകനായ ബിനു മൂന്നാം ക്ലാസുകാരിയുടെ ഇരുകൈത്തണ്ടകളിലും അടിച്ചതെന്നാണ് പരാതി. കുട്ടിയുടെ മുത്തശ്ശിയാണ് ആറന്മുള പൊലീസില്‍ പരാതി നല്‍കിയത്. ഇരുകൈകളിലും അധ്യാപകന്‍ ചൂരല്‍ കൊണ്ട് അടിച്ചെന്ന് വിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞു. ജുവനൈല്‍ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.

അധ്യാപകന്‍ നല്‍കിയ കണക്കുകള്‍ ചെയ്യാന്‍ അറിയില്ലെന്ന് വിദ്യാര്‍ത്ഥിനി ആവര്‍ത്തിച്ച് പറഞ്ഞതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

Content Highlight: Teacher suspended for beating student with stick in Pathanamthitta