ഞാന്‍ കഥകളി പഠിച്ചയാളാണെന്ന് ലാലേട്ടന്‍ അറിഞ്ഞു; അദ്ദേഹത്തിന്റെ ആ റിയാക്ഷന്‍ അപാരമായിരുന്നു: തരുണ്‍ മൂര്‍ത്തി
Malayalam Cinema
ഞാന്‍ കഥകളി പഠിച്ചയാളാണെന്ന് ലാലേട്ടന്‍ അറിഞ്ഞു; അദ്ദേഹത്തിന്റെ ആ റിയാക്ഷന്‍ അപാരമായിരുന്നു: തരുണ്‍ മൂര്‍ത്തി
ഐറിന്‍ മരിയ ആന്റണി
Sunday, 21st December 2025, 9:55 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരും. മോഹന്‍ലാലിന്റെ തിരിച്ചുവരവെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ട സിനിമ കൂടിയായിരുന്നു തുടരും.

തുടരും/ Theatrical poster

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ചും തുടരും സിനിമയുടേയും ഓര്‍മകള്‍ പങ്കുവെക്കുകയാണ് തരുണ്‍ മൂര്‍ത്തി. സിനിമ പ്രദര്‍ശനത്തിനൊരുങ്ങുന്ന സമയത്തെല്ലാം ലാല്‍സാര്‍ കാര്യങ്ങളന്വേഷിക്കാനായി വിളിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘നമ്മുടെ സിനിമ എന്തായി’ എന്നാണ് അദ്ദേഹം ചോദിക്കുക. അതെനിക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. ‘മോനേ, നമ്മുടെ സിനിമയുടെ പോസ്റ്റര്‍ എപ്പോഴാണ് റിലീസ് ചെയ്യുന്നത്?’ പോലുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ നല്‍കിയ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ചിത്രീകരണ സമയത്ത് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നിലെ റിയാക്ഷന്‍സായിരുന്നു.

ഒപ്പമുള്ളവര്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടാകുന്ന റിയാക്ഷന്‍സെല്ലാം അപാരമായിരുന്നു. ഡയലോഗ് പറയുമ്പോള്‍ മാത്രമല്ല, ഡയലോഗില്ലാതെ മറ്റൊരു കഥാപാത്രത്തിനരികെ നില്‍ക്കുമ്പോഴുമുള്ള അഭിനയമാണ് യഥാര്‍ഥ അഭിനയമെന്ന് അദ്ദേഹം എനിക്ക് കാണിച്ച് തന്നു,’ തരുണ്‍ പറയുന്നു.

ചിത്രീകരണം തുടങ്ങിയ ശേഷമാണ് താന്‍ കഥകളി പഠിച്ചയാളാണെന്ന് അദ്ദേഹം അറിയുന്നതെന്നും പിന്നീട് കഥകളിയെക്കുറിച്ച് സെറ്റിലിരുന്ന് ഒരുപാട് സംസാരിച്ചുവെന്നും തരുണ്‍ പറഞ്ഞു. താന്‍ കഥകളിവേഷം കെട്ടിയ ചിത്രങ്ങള്‍ കാണാന്‍ മോഹന്‍ലാല്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടിലെ ആല്‍ബം കൊണ്ടുവന്ന് അദ്ദേഹത്തെ കാണിച്ചുവെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതല്‍ നെഞ്ചോട് ചേര്‍ത്തുവെച്ച രണ്ട് താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Tarun Moorthy shares his experiences on the set of Thudarum 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.