ന്യൂദൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ യു.എസ് ചുമത്തിയ തീരുവ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് മേൽ ചെറിയ ആഘാതം മാത്രമേയുള്ളൂവെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര.
താരിഫ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കാൻ തുടങ്ങിയാൽ, ബാധിത മേഖലകളെ പിന്തുണക്കുമെന്നും നയപരമായ നടപടികളുമായി റിസർവ് ബാങ്ക് മുന്നോട്ട് പോകാൻ തയ്യാറാണെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.
‘ യു.എസ് ഗവൺമെന്റ് നിലവിൽ 25 ശതമാനത്തിന് പുറമെ 25 ശതമാനം കൂടി താരിഫ് വർധിപ്പിച്ചിരിക്കുകയാണ്. താരിഫ് സംബന്ധമായ ചർച്ചകൾ നടക്കുകയാണ്. ഇതിൽ പ്രതീക്ഷയുണ്ട്. തീരുവയുടെ ആഘാതം ഇന്ത്യയെ സംബന്ധിച്ച് ബാധിക്കുന്നത് കുറവായിരിക്കും,’ FICCI-IBA ബാങ്കിങ് കോൺക്ലവിൽ സഞ്ജയ് മൽഹോത്ര പറഞ്ഞു.
സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നും സാമ്പത്തിക വളർച്ചയെ ബാധിക്കാൻ തുടങ്ങിയാൽ ജോലിയിൽ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കിങ് സംവിധാനത്തിൽ ആവശ്യത്തിന് പണലഭ്യത ആർ.ബി.ഐ ഉറപ്പാക്കിയിട്ടുണ്ടെന്നും സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.ബി.ഐ ഡാറ്റ പ്രകാരം, ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കുള്ള വായ്പകൾ വർഷം തോറും 5.49 ശതമാനം ഉയർന്ന് 39.32 ലക്ഷം കോടി രൂപയായെന്നും ഇത് 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ തൊഴിലാളികൾ ആവശ്യമുള്ള ടെക്‌സ്റ്റൈൽ, ഫൂട്ട്‌വെയർ എന്നീ മേഖലകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയെന്നതിനാൽ കയറ്റുമതിക്കാർക്കുള്ള സാമ്പത്തിക പിന്തുണാ നടപടികൾ പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ സൂചിപ്പിച്ചിട്ടുണ്ട്. ഈ മേഖലകളിലെ പ്രതിനിധികളുമായും കയറ്റുമതി പ്രമോഷൻ കൗൺസിലുകളുമായും സർക്കാർ ചർച്ചകൾ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.ബി.ഐ, റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റ് (ബി.പി.എസ്) കുറച്ചുവെന്നും ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന മേഖലകൾ ഉൾപ്പെടെ സമ്പദ് വ്യവസ്ഥ വളർച്ചയെ പിന്തുണയ്ക്കുന്നതിന് ബാങ്കിങ് മേഖലയ്ക്ക് മതിയായ ലിക്വിഡിറ്റി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം ഉയർന്ന തീരുവ രാജ്യത്തിന്റെ യഥാർത്ഥ ജി.ഡി.പി വളർച്ചയുടെ 0.6 ശതമാനം പോയിന്റ് വരെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Content Highlight: Tariffs will have only a minor impact on the Indian economy says RBI Governor