സ്വന്തം പടത്തിന് പോലും ഡ്യൂപ്പിനെ വിട്ട് അഭിനയിപ്പിക്കുന്ന ആളാ, ജയിലര്‍ 2ല്‍ പവന്‍ കല്യാണ്‍ അതിഥിവേഷം ചെയ്യുമെന്ന റിപ്പോര്‍ട്ടിന് ട്രോള്‍
Indian Cinema
സ്വന്തം പടത്തിന് പോലും ഡ്യൂപ്പിനെ വിട്ട് അഭിനയിപ്പിക്കുന്ന ആളാ, ജയിലര്‍ 2ല്‍ പവന്‍ കല്യാണ്‍ അതിഥിവേഷം ചെയ്യുമെന്ന റിപ്പോര്‍ട്ടിന് ട്രോള്‍
അമര്‍നാഥ് എം.
Saturday, 11th April 2026, 8:35 pm

ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിക്കുമെന്ന് പലരും കരുതുന്ന ചിത്രമാണ് ജയിലര്‍ 2. രജിനികാന്തിനൊപ്പം പല സൂപ്പര്‍താരങ്ങളും അണിനിരക്കുന്ന ചിത്രം അവസാനഘട്ട ഷൂട്ടിലാണ്. ഈ മാസം അവസാനത്തോടെ ഷൂട്ട് പൂര്‍ത്തിയാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല വമ്പന്മാരും അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും ജയിലര്‍ 2ല്‍ അതിഥിവേഷം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതെല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് പിന്നീട് റിപ്പോര്‍ട്ട് വന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ഷാരൂഖിന് പകരം പവന്‍ കല്യാണ്‍ അതിഥിവേഷം ചെയ്യുമെന്ന് തമിഴ് യൂട്യൂബ് ചാനലായ വലൈപ്പേച്ച് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടു.

എന്നാല്‍ ഈ റിപ്പോര്‍ട്ട് വ്യാജമാണെന്ന് സിനിമയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്ത സിനിമാപേജുകള്‍ക്കെതിരെ വലിയ ട്രോളുകളാണ് ലഭിക്കുന്നത്. ജയിലര്‍ 2 പോലെ വലിയൊരു പ്രൊജക്ടില്‍ അഭിനയവും മുഖത്ത് സ്വാഗുമില്ലാത്ത പവന്‍ കല്യാണ്‍ ഇല്ലാത്തതാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

രസകരമായ പല കമന്റുകളും ഇത്തരം പോസ്റ്റുകള്‍ക്ക് താഴെയുണ്ട്. സ്വന്തം സിനിമയുടെ കാര്യത്തില്‍ പോലും യാതൊരു ഉത്തരവാദിത്തവുമില്ലാത്തയാളാണ് പവന്‍ കല്യാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഏറ്റവുമൊടുവില്‍ പവന്റേതായി തിയേറ്ററിലെത്തിയ സിനിമകളിലെ പല സീനുകളിലും പവന് പകരം ഡ്യൂപ്പാണ് അഭിനയിച്ചതെന്നാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്.

‘സ്വന്തം പടത്തില്‍ പോലും അഭിനയിക്കാന്‍ ചെല്ലാതെ ഡ്യൂപ്പിനെ വിട്ട് അഭിനയിക്കുന്ന ആളാ. അയാള്‍ ജയിലര്‍ 2ലെ അഞ്ച് മിനിറ്റ് റോള്‍ ചെയ്യാന്‍ ചെന്നൈയിലേക്ക് വരുമെന്ന് തോന്നുന്നുണ്ടോ’, ‘ഹരിഹര വീരമല്ലു എന്ന പടത്തില്‍ ഡ്യൂപ്പിന്റെ മുഖത്തില്‍ ഇയാളുടെ മുഖം വെട്ടിയൊട്ടിച്ച് പടം മുഴുവന്‍ അലമ്പാക്കിയതാണ്,’ എന്നൊക്കെയാണ് കമന്റുകള്‍.

എന്നാല്‍ ഷാരൂഖിന്റെ അതിഥിവേഷം ലീക്കായതിനെ മറികടക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ട കഥയാണ് ഇതൊക്കെയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. രജിനികാന്ത്, ശിവരാജ് കുമാര്‍, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍, വിജയ് സേതുപതി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

Content Highlight: Tamil pages trolling Pawan Kalyan after the rumor that he might be part of Jailer 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം