ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ചെന്നൈയില്‍ ഇന്ത്യ മുന്നണി നടത്തിയ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് ടി.വി.കെ. ‘ജനാധിപത്യത്തിന്റെ കൊലപാതകത്തിനെതിരെ’ ആണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍, വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനം ( SIR) എന്നിവയില്‍ ആരോപിക്കപ്പെടുന്ന അപാകതകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ‘ഇന്ത്യ’ സഖ്യം സംഘടിപ്പിച്ച പ്രതിഷേധം തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി നേതാവ് മാണിക്കം ടഗോര്‍ എം.പി നയിച്ചു.

ഇന്ത്യ സഖ്യത്തിലെ ഏഴ് കക്ഷികളുടെയും പ്രതിനിധികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. വോട്ടര്‍ പട്ടികയിലെ അപാകതകള്‍ ആരോപിച്ച് ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലാണ് ചെന്നൈയിലും ഇത്തരമൊരു പ്രക്ഷോഭം നടന്നത്.

ഒക്ടോബര്‍ മൂന്നിന് ‘ഇന്ത്യ’ സഖ്യത്തില്‍ ചേര്‍ന്നതിന് ശേഷം, ചീഫ് ഇലക്ഷന്‍ കമ്മീഷണറെ നീക്കം ചെയ്യാനുള്ള പ്രചാരണത്തില്‍ ടി.വി.കെ പങ്കാളിയാകുന്നത് ഇതാദ്യമാണ്.

ടിവികെ നേതാവും സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രിയുമായ എ. രാജമോഹന്‍, വിടുതലൈ ചിരുതൈകള്‍ കക്ഷി (VCK) പ്രസിഡന്റും എംപിയുമായ തോല്‍ തിരുമാവളവന്‍, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (MDMK) ജനറല്‍ സെക്രട്ടറി വൈക്കോ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

”ഇന്ത്യ’ സഖ്യത്തില്‍ നിരവധി ദേശീയ പാര്‍ട്ടികളുണ്ട്. തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടികളുടെ എണ്ണം കുറവാണ്. തമിഴ്‌നാട്ടിലെ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമാകാന്‍ ടി.വി.കെ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്… ദേശീയ തലത്തില്‍ ‘ഇന്ത്യ’ സഖ്യം യോഗം ചേരുമ്പോള്‍, ടി.വി.കെയുടെ ഔദ്യോഗിക പ്രവേശനത്തിന് അവര്‍ അനുമതി നല്‍കും. എന്തായാലും, ടി.വി.കെ ഇപ്പോള്‍ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായിക്കഴിഞ്ഞു,’ വി.സി.കെ നേതാവ് എസ്.എസ്. ബാലാജി പറഞ്ഞു.

Content HIghlight: Tamil Nadu CM Vijay’s TVK joins INDIA bloc protest against CEC for first time in Chennai.