ക്വലാലംപൂര്‍: ഇന്ത്യയില്‍ തമിഴ് ഭാഷയ്ക്ക് മേല്‍ ഹിന്ദി ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന ആരോപണങ്ങള്‍ക്കിടെ വിദേശത്ത് തമിഴിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
സന്ദര്‍ശനത്തിനായി ശനിയാഴ്ച മലേഷ്യയിലെത്തിയ മോദി തമിഴ് ഭാഷയെയും തമിഴ് വംശജരെയും കുറിച്ച് പരാമര്‍ശിച്ചു. ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ലോകവുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് തമിഴ് ഭാഷ. തമിഴ് സാഹിത്യം ശാശ്വതമാണ്, തമിഴ് സംസ്‌കാരം ആഗോളമാണ്. തമിഴ് വംശജരേറെയുള്ള മലേഷ്യയില്‍ മൂന്നിലൊരാള്‍ സംസാരിക്കുന്നത് തമിഴ് ഭാഷയാണെന്നും മോദി പറഞ്ഞു.
മലേഷ്യന്‍ സര്‍ക്കാര്‍ തമിഴിനെ ന്യൂനപക്ഷ ഭാഷയായി അംഗീകരിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാണിച്ചു. ഇന്ത്യയും മലേഷ്യയും തമ്മില്‍ സാംസ്‌കാരികവും വൈകാരികവുമായി ബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തില്‍ ഏറ്റവുമധികം ഇന്ത്യന്‍ വംശജരുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് മലേഷ്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തമാക്കുന്ന പാലമാണ് മലേഷ്യയിലെ ഇന്ത്യന്‍ വംശജരെന്നും മോദി വിശേഷിപ്പിച്ചു.
വിശ്വാസമാണ് ഇന്ത്യയുടെ ഏറ്റവും ശക്തമായ കറന്‍സിയെന്നും മോദി പറഞ്ഞു. ഇന്ത്യ വിശ്വസ്ത പങ്കാളിയെന്ന് നിലയിലേക്ക് വളര്‍ന്നുവെന്ന് അടുത്തിടെയായി യു.എസുമായും യൂറോപ്യന്‍ യൂണിയനുമായും ഒപ്പുവെച്ച കരാറുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് മോദി വിശദീകരിച്ചു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി ഇന്ന് (ഞായറാഴ്ച) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തും. വ്യാപാര, സുരക്ഷാ മേഖലകളിലെ സഹകരണത്തിനായി കരാറുകളില്‍ ഒപ്പുവെയ്ക്കും.
അതേസമയം, തമിഴ്‌നാട്ടില്‍ ഹിന്ദിക്കെതിരെ ഭാഷാ യുദ്ധം ഇപ്പോഴും തുടരുകയാണ്. രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷ നയം ഉള്‍പ്പടെയുള്ള നീക്കങ്ങളിലൂടെ പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു.
ഹിന്ദി സിനിമാകളുടെ പ്രദര്‍ശനം, ഹിന്ദി പരസ്യ ഹോര്‍ഡിങ്ങുകള്‍, ബോര്‍ഡുകള്‍ എന്നിവ നിരോധിച്ചുകൊണ്ട് തമിഴ്‌നാട് നിയമസഭയില്‍ ബില്ല് പാസാക്കുകയും ചെയ്തിരുന്നു.
Content Highlight: Tamil is the link that connects India with the world: Modi in Malaysia