ഏത് പാന്‍ ഇന്ത്യന്‍ സിനിമ വന്നാലും ക്രെഡിറ്റെടുക്കുന്ന തമിഴ് പേജുകള്‍, മടുക്കുന്നില്ലേയെന്ന് സോഷ്യല്‍ മീഡിയ
Indian Cinema
ഏത് പാന്‍ ഇന്ത്യന്‍ സിനിമ വന്നാലും ക്രെഡിറ്റെടുക്കുന്ന തമിഴ് പേജുകള്‍, മടുക്കുന്നില്ലേയെന്ന് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th November 2025, 5:25 pm

മഹേഷ് ബാബു നായകനായ വാരണാസിയാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. എന്നാല്‍ വാരണാസിയുടെ ടൈറ്റില്‍ ടീസറില്‍ കാണിച്ച പല ഫ്രെയിമുകളും തമിഴ് സിനിമയില്‍ ആദ്യമേ വന്നിട്ടുണ്ടായിരുന്നെന്ന് ചില തമിഴ് സിനിമാപേജുകള്‍ അവകാശപ്പെടുന്നുണ്ട്. മഹേഷ് ബാബു കുതിരപ്പുറത്ത് വരുന്ന രംഗത്തെക്കാള്‍ മികച്ചതാണ് മരുതനായകത്തിലെ കമല്‍ ഹാസന്റെ രംഗമെന്ന് പലരും അഭിപ്രായപ്പെട്ടു.

ടൈറ്റില്‍ ടീസറില്‍ കാണിച്ച ശ്രീലങ്കയിലെ യുദ്ധ രംഗം എന്തിരനില്‍ നിന്ന് കോപ്പിയടിച്ചതാണെന്നും ചില പേജുകള്‍ അവകാശപ്പെടുന്നുണ്ട്. എന്തിരന്‍, ഹോളിവുഡ് ചിത്രം വേള്‍ഡ് വാര്‍ Z, വാരണാസി എന്നീ സിനിമകളിലെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റുകള്‍. എന്നാല്‍ ഇത്തരം അവകാശവാദങ്ങളെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകളാണ് വൈറല്‍.

ഏത് പാന്‍ ഇന്ത്യന്‍ പ്രൊജക്ട് ചര്‍ച്ചയായാലും ക്രെഡിറ്റെടുക്കാന്‍ തമിഴ് സിനിമാപേജുകള്‍ രംഗത്തെത്തുന്നത് മടുപ്പുണ്ടാക്കുന്നെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒന്നോ രണ്ടോ സിനിമകള്‍ക്കാണെങ്കില്‍ കുഴപ്പമില്ലെന്നും എന്നാല്‍ ഇത് സ്ഥിരം പരിപാടിയായി മാറിയെന്നും പറഞ്ഞുകൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ലോകഃ ഹിറ്റായപ്പോള്‍ തമിഴിലെ സൂപ്പര്‍ഹീറോ സിനിമകളായ മാവീരന്‍, വീരന്‍ എന്നീ സിനിമകളെ ചിലര്‍ പൊക്കിക്കൊണ്ട് വന്നിരുന്നു. ലോകഃയെക്കാള്‍ മികച്ച സൂപ്പര്‍ഹീറോ സിനിമകളാണ് ഇത് രണ്ടുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ രണ്ട് സിനിമകളും പരാജയമാക്കിയ തമിഴ് പേജുകളെ പലരും വിമര്‍ശിച്ചിരുന്നു.

കാന്താര ചാപ്റ്റര്‍ വണ്‍ ഹിറ്റായപ്പോഴും ഇതേ ട്രെന്‍ഡ് ഉയര്‍ന്നുവന്നു. ആയിരത്തില്‍ ഒരുവന്‍, കങ്കുവ എന്നീ സിനിമകള്‍ ഇതേ തീമില്‍ പുറത്തിറങ്ങിയതാണെന്നും അതിനാല്‍ കാന്താരയില്‍ പുതുമ തോന്നുന്നില്ലെന്നുമായിരുന്നു ചില തമിഴ് പേജുകള്‍ പങ്കുവെച്ചത്. നല്ല സിനിമയായിരുന്നിട്ടും ആയിരത്തില്‍ ഒരുവനെ തമിഴ്‌നാട്ടുകാര്‍ പരാജയപ്പെടുത്തിയെന്നും കങ്കുവയെ കാന്താരയുമായി താരതമ്യം ചെയ്യരുതെന്നും പലരും മറുപടി നല്കി.

ഇപ്പോഴിതാ ഇന്ത്യന്‍ സിനിമ ഏറെ ഉറ്റുനോക്കുന്ന വാരണസിയുടെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ‘പച്ച തമിഴര്‍’ ക്രെഡിറ്റെടുക്കാന്‍ രംഗത്തെത്തിയെന്നാണ് ആരോപണം. വാരണാസിയെ കമല്‍ ഹാസന്റെ മരുതനായകവുമായി താരതമ്യം ചെയ്യുന്നവരാണ് കൂടുതലും. ‘ആയ കാലത്ത് കമല്‍ ഹാസന്റെ നല്ല സിനിമകളെല്ലാം പൊട്ടിച്ച് കൈയില്‍ കൊടുത്തവരാണ് ഇപ്പോള്‍ ക്രെഡിറ്റെടുക്കാന്‍ നടക്കുന്നത്’, ‘ജുറാസിക് പാര്‍ക്ക്, അവതാര്‍ എന്നീ സിനിമകളുടെ ക്രെഡിറ്റ് എടുത്തില്ല, ഭാഗ്യം’ എന്നിങ്ങനെയാണ് കമന്റുകള്‍.

മറ്റ് ഇന്‍ഡസ്ട്രികള്‍ കല്‍ക്കി, ലോകഃ, കാന്താര പോലുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്ന് തഗ് ലൈഫ്, കൂലി, ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം പോലുള്ള സിനിമകളാണ് പുറത്തിറങ്ങുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

Content Highlight: Tamil cinema pages credit stealing has criticizing in social media