തമിഴ് നടന്‍ വിവേക് അന്തരിച്ചു
Obituary
തമിഴ് നടന്‍ വിവേക് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th April 2021, 7:21 am

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ വിവേക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ചെന്നൈയിലെ സിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് ആണ് കണ്ടെത്തിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിവേകിന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച വിവേക് കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇതാണ് ഹൃദയാഘാതത്തിന് കാരണമെന്ന രീതിയില്‍ കഴിഞ്ഞ ദിവസം പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിനുണ്ടായ ഹൃദയാഘാതവും വാക്‌സിനും തമ്മില്‍ ബന്ധമില്ലെന്ന് തമിഴ്‌നാട് ആരോഗ്യവിഭാഗം സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.

തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. നാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി. രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മലയാളികള്‍ക്കിടയിലും വിവേകിന് ആരാധകരേറെയാണ്.