തമിഴ് നടന്‍ വിവേക് ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Entertainment news
തമിഴ് നടന്‍ വിവേക് ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th April 2021, 1:13 pm

ചെന്നൈ: തമിഴ് നടന്‍ വിവേകിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടനെ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

നിലവില്‍ ചെന്നൈയിലെ സിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടന്റെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസം വിവേക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. മലയാളികള്‍ക്കിടയിലും വിവേകിന് ആരാധകരേറെയാണ്.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുകയാണ്. പ്രതിദിനം രണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നത്. ദിവസവും ആയിരത്തിലേറെ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.