ചുമരില്ലാത്ത വീടിന്റെ മുന്‍വാതില്‍ അടച്ചിടുന്ന പോലെ; മഹാരാഷ്ട്രയിലെ ലോക്ക് ഡൗണിനെ പരിഹസിച്ച് കങ്കണ
India
ചുമരില്ലാത്ത വീടിന്റെ മുന്‍വാതില്‍ അടച്ചിടുന്ന പോലെ; മഹാരാഷ്ട്രയിലെ ലോക്ക് ഡൗണിനെ പരിഹസിച്ച് കങ്കണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th April 2021, 12:47 pm

 

മുംബൈ: കൊവിഡ് 19 വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ പരിഹസിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയമങ്ങള്‍ വേണ്ടവിധം പാലിക്കപ്പെടുന്നില്ലെന്ന വിമര്‍ശനമായിരുന്നു കങ്കണ ട്വീറ്റിലൂടെ പങ്കുവെച്ചത്.

എല്ലാവശവും തുറന്നുകിടക്കുന്ന ഒരു ഷെഡ്ഡിന്റെ മുന്‍വാതില്‍ അടച്ചുഭദ്രമാക്കിയിട്ടിരിക്കുന്ന ചിത്രമായിരുന്നു കങ്കണ പങ്കുവെച്ചത്.

നേരത്തെയും മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കങ്കണ രംഗത്തെത്തിയിരുന്നു.

‘മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ഉണ്ടോ എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞുതരാമോ? സെമി ലോക്ക് ഡൗണ്‍ ആണോ പ്രഖ്യാപിച്ചിരിക്കുന്നത്.? അതോ വ്യാജ ലോക്ക് ഡൗണ്‍ ആണോ? എന്താണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്? നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ഇവിടെ ആരും ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു. ഒരു വാള്‍ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുമ്പോഴും വേണോ വേണ്ടയോ എന്ന് ആലോചിച്ച് സര്‍ക്കാര്‍ സമയം കളയുകയാണ്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ചാംഗു മാംഗുവിനെപ്പോലെ സര്‍ക്കാര്‍ പെരുമാറുകയാണ്,’കങ്കണ പറഞ്ഞു.

നഗരം ഒരു അസ്ഥിക്കൂടമായി മാറിയിരിക്കുകയാണെന്നും മറ്റുള്ളവരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ വരെ ഇന്ന് ഭയത്തിലാണെന്നും കങ്കണ പറഞ്ഞിരുന്നു.

സഞ്ജയ് റാവത്തിനും ഉദ്ദവ് താക്കറെയും ഈ ദിവസങ്ങള്‍ ഭീതിതമായി തോന്നുന്നുണ്ടോ? എനിക്ക് കൗതുകവും പതിവുപോലെ തന്നെ സന്തോഷവുമാണ് തോന്നുന്നത്, എന്നായിരുന്നു കങ്കണ പറഞ്ഞത്.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കങ്കണയുടെ വരാനിരിക്കുന്ന സിനിമയായ ‘തലൈവി’ യുടെ റിലീസ് മാറ്റിവെച്ചിട്ടുണ്ട്. ഏപ്രില്‍ 23 ന് ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kangana Ranaut Takes a Dig at Maharashtra Lockdown Again with a Funny Meme