ആക്‌സിഡന്റ് പറ്റി ഓര്‍മ്മ നഷ്ടപ്പെട്ടിട്ടും എന്റെ മകന് ഓര്‍മ്മയുള്ളത് വിജയ്‌യെ മാത്രം; ഇത് കേട്ട് വിജയ് വന്നു; അനുഭവം പങ്കുവെച്ച് നടന്‍ നാസര്‍
Movie Day
ആക്‌സിഡന്റ് പറ്റി ഓര്‍മ്മ നഷ്ടപ്പെട്ടിട്ടും എന്റെ മകന് ഓര്‍മ്മയുള്ളത് വിജയ്‌യെ മാത്രം; ഇത് കേട്ട് വിജയ് വന്നു; അനുഭവം പങ്കുവെച്ച് നടന്‍ നാസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th July 2021, 12:58 pm

ചെന്നൈ: ഒട്ടേറെ ജനപ്രിയ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചയാളാണ് തമിഴ് നടന്‍ നാസര്‍. തന്റെ മകനും വിജയ്‌യും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് നാസര്‍.

തമിഴ് നടന്‍ മനോബാലയുമായി നടത്തിയ അഭിമുഖത്തിലാണ് നാസര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരു ആക്‌സിഡന്റില്‍ ഓര്‍മ്മ നഷ്ടപ്പെട്ട തന്റെ മൂത്ത മകന്‍ അബ്ദുള്‍ അസന്‍ ഫൈസലിന് നടന്‍ വിജയ്‌യെ മാത്രമാണ് ഓര്‍മ്മയുള്ളതെന്നാണ് നാസര്‍ പറഞ്ഞത്.

‘എന്റെ മൂത്തമകന്‍ നടന്‍ വിജയിയുടെ വലിയ ഫാനാണ്. ഇടയ്ക്ക് അവന് ഒരു വലിയ ആക്‌സിഡന്റ് സംഭവിച്ചു. അവന് ജീവന്‍ തിരിച്ചു കിട്ടിയതേ വലിയ കാര്യമാണ്. അവന്റെ ഓര്‍മ്മ മുഴുവന്‍ നഷ്ടപ്പെട്ടു പോയി. ഇന്നും അവന് ഓര്‍മ തിരിച്ചു കിട്ടിയിട്ടില്ല. എന്നാല്‍ അവന് ഇപ്പോഴും ഓര്‍മയുള്ളത് വിജയ്‌യെ മാത്രമാണ് ആണ്.

ആദ്യം ഞങ്ങള്‍ വിചാരിച്ചത് അവന്റെ സുഹൃത്ത് വിജയ് ആയിരിക്കും എന്നാണ്. വിജയ് എന്ന് പറഞ്ഞ് അവന്‍ തന്നെ ബഹളം വെക്കാന്‍ തുടങ്ങി. വിജയ് സാറിന്റെ പാട്ട് വെച്ചപ്പോഴാണ് അവന്റെ ദേഷ്യം അടങ്ങിയത്.

നിങ്ങള്‍ക്ക് എപ്പോള്‍ എന്റെ വീട്ടില്‍ വന്നാലും കാണാം, വിജയ്‌യുടെ പാട്ടായിരിക്കും അവന്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഈ വിഷയം വിജയ് സാര്‍ കേള്‍ക്കാനിടയായി. ഇത് അദ്ദേഹം വളരെ വ്യക്തിപരമായി എടുത്ത് പിറന്നാളിനും മറ്റുമൊക്കെ വന്ന് അവനോട് സംസാരിക്കും,’ നാസര്‍ പറഞ്ഞു.

അബ്ദുള്‍ അസന്‍ ഫൈസല്‍ ഒരു ചിത്രത്തില്‍ ആദ്യമായി വേഷമിടാന്‍ ഇരിക്കെയാണ് അദ്ദേഹത്തിന് ആക്‌സിഡന്റ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തെന്നിന്ത്യന്‍ സിനിമയ്ക്ക് പുറമെ ഹിന്ദിയിലും നാസര്‍ അഭിനയിട്ടുണ്ട്. ചാചി, ഫിര്‍ മിലേംഗേ, നിശബ്ദ്, റൗഡി റാഥോര്‍, സീരിയസ് മെന്‍ തുടങ്ങിയ നിരവധി ഹിന്ദി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tamil actor Nassar about actor Vijay and his son