മലയാളം നടിമാരെ നോക്കി കാസ്റ്റ് ചെയ്യുന്നതല്ല, എന്റെ കൂടെ ഒരു തമിഴ് നടിമാരും അഭിനയിക്കാത്തതാണ്: കെന്‍കരുണാസ്
Indian Cinema
മലയാളം നടിമാരെ നോക്കി കാസ്റ്റ് ചെയ്യുന്നതല്ല, എന്റെ കൂടെ ഒരു തമിഴ് നടിമാരും അഭിനയിക്കാത്തതാണ്: കെന്‍കരുണാസ്
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 26th February 2026, 9:27 pm

മലയാള സിനിമയില്‍ മികച്ച തുടക്കം ലഭിച്ചതിനുശേഷം മലയാളി നടിമാര്‍ തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് ചേക്കേറുന്നതും അവിടെ തിളങ്ങുന്നതും സൗത്ത് ഇന്ത്യന്‍ സിനിമയില്‍ പുതുമയുള്ള കാര്യമല്ല. സത്യന്‍ അന്തിക്കാടിന്റെ 2003ല്‍ പുറത്തിറങ്ങിയ മനസ്സിനക്കരെയിലൂടെ അരങ്ങേറ്റം കുറിച്ച് തമിഴിലെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താരയും അസിനും മുതല്‍ മമിത ബൈജുവും അനശ്വര രാജനും അനിഷ്മ വരെ എത്തി നില്‍ക്കുകയാണ് ഈ ലിസ്റ്റ്.

ഐം ആം കാതലന്‍ . Photo: Wikipedia

ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രം തിളങ്ങിയ താരങ്ങളെ തമിഴില്‍ സുപ്രധാന ചിത്രങ്ങളില്‍ കാസ്റ്റ് ചെയ്യുന്നത് എപ്പോഴും അതിശയത്തോടെയാണ് സിനിമാലോകം നോക്കികാണാറുള്ളത്. ഇത്തരത്തില്‍ എന്തുകൊണ്ടാണ് തമിഴില്‍ നിന്നുള്ള യുവനടിമാര്‍ക്ക് പകരം മലയാളത്തില്‍ നിന്നും താരങ്ങളെ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് തമിഴ് നടന്‍ കെന്‍കരുണാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കെന്‍കരുണാസും അനിഷ്മയും പ്രധാനവേഷത്തിലെത്തുന്ന യൂത്ത് എന്ന ചിത്രവുമായി ബന്ധപ്പെട്ട് മിര്‍ച്ചി തമിഴ് യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘എന്നോട് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട് എന്താണ് സിനിമകളിലെല്ലാം മല്ലൂസിനെ കാസ്റ്റ് ചെയ്യുന്നതെന്ന്. സത്യമെന്തെന്നാല്‍ തമിഴിലെ ഒരു ഹീറോയിനും എന്റെ കൂടെ അഭിനയിക്കാന്‍ തയ്യാറാവാത്തതാണ്. ഈ ചിത്രത്തിലേക്ക് ആവശ്യമായ പ്രായത്തിലുള്ള എല്ലാ ഹീറോയിന്‍സിനെയും ഞാന്‍ കാസ്റ്റ് ചെയ്യാന്‍ വേണ്ടി സമീപിച്ചതാണ്. ആരും എന്റെയൊപ്പം ചെയ്യാന്‍ റെഡിയല്ല പക്ഷേ കഥയിലെ മറ്റ് വേഷങ്ങള്‍ ചെയ്യാം എന്നാണ് പറയുന്നത്.

അങ്ങനെ അന്വേഷിച്ച് ഇരിക്കുമ്പോഴാണ് സിറൈ സംവിധാനം ചെയ്ത സുരേഷ് സാറുടെ അടുത്ത് പോകുന്നത്. പുതിയ ചിത്രത്തിലേക്ക് ഹീറോയിനെ കിട്ടുന്നില്ലെന്ന വിഷമമെല്ലാം സാറോട് പറഞ്ഞു. അങ്ങനെ സാറിന്റെ ചിത്രത്തിലെ ‘നീലോത്തി’ എന്ന പാട്ടിന്റെ വിഷ്വല്‍സ് എനിക്ക് കാണിച്ചു തന്നു. അത് കണ്ടിട്ടാണ് അനിഷ്മയെ എന്റെ സിനിമയിലേക്ക് ക്ഷണിക്കുന്നത്,’ കെന്‍കരുണാസ് പറഞ്ഞു.

അനിഷ്മ സിറൈയില്‍. Photo: screen grab/ seven screen studio/ youtube.com

പ്രേമലുവിന്റെ സംവിധായകന്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024 ല്‍ പുറത്തിറങ്ങിയ ചിത്രമായ ഐം ആം കാതലനിലൂടെ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനിഷ്മ. പിന്നീട് മലയാളത്തില്‍ തന്നെ ബേസില്‍ നായകനായ മരണമാസിലും അനിഷ്മ പ്രധാനവേഷത്തിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സുരേഷ്-രാജകുമാരി സംവിധാനം ചെയ്ത സിറൈയിലെ കലൈയരസി എന്ന കഥാപാത്രത്തിലൂടെയാണ് അനിഷ്മ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Content Highlight: Tamil Actor Kenkarunas talks about casting Malayalam actress Anishma in her new movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.