അല്‍ ഖ്വയിദ തലവനെ കൊലപ്പെടുത്തിയ യു.എസിന്റെ നടപടി ദോഹ കരാറിന്റെ ലംഘനം: താലിബാന്‍
World News
അല്‍ ഖ്വയിദ തലവനെ കൊലപ്പെടുത്തിയ യു.എസിന്റെ നടപടി ദോഹ കരാറിന്റെ ലംഘനം: താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd August 2022, 6:12 pm

കാബൂള്‍: അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ യു.എസ് ഡ്രോണാക്രമണത്തിലൂടെ വധിച്ചതില്‍ പ്രതികരണവുമായി അഫ്ഗാനിസ്ഥാന്‍.

അഫ്ഗാനിലെ കാബൂളില്‍ നടത്തിയ ഡ്രോണാക്രമണത്തിലൂടെ അല്‍ സവാഹിരിയെ വധിച്ച യു.എസിന്റെ നടപടി താലിബാനും യു.എസും തമ്മിലുണ്ടാക്കിയ ദോഹ കരാറിന്റെ (Doha Agreement) ലംഘനമാണെന്നാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം പ്രതികരിച്ചത്.

സവാഹിരിയുടെ മരണത്തിന് പിന്നാലെയുള്ള താലിബാന്റെ ആദ്യ പ്രതികരണമാണിത്.

”ഈ ആക്രമണത്തെ ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ശക്തമായ ഭാഷയില്‍ തന്നെ അപലപിക്കുന്നു. ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും ലംഘനമാണ്,” താലിബാന്‍ വക്താവ് സബിയുല്ലാഹ് മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു.

അഫ്ഗാന്റെ മണ്ണില്‍ ഇനിയും ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതിനെതിരെ യു.എസിന് താലിബാന്‍ മുന്നറിയിപ്പും നല്‍കി.

”ഈ നടപടി അമേരിക്കയുടെയും അഫ്ഗാനിസ്ഥാന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിലവിലുള്ള അവസരങ്ങളെ മോശമായി ബാധിച്ചേക്കാം,” അഫ്ഗാനിസ്ഥാന്റെ വാര്‍ത്താ- സാംസ്‌കാരിക വകുപ്പ് സഹമന്ത്രി കൂടിയായ മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു.

അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു താലിബാനും യു.എസും തമ്മില്‍ ഖത്തറിലെ ദോഹയില്‍ വെച്ച് സമാധാന കരാറില്‍ ഒപ്പിട്ടത്. 2020 ഫെബ്രുവരിയിലായിരുന്നു യു.എസ്- താലിബാന്‍ കരാര്‍ അഥവാ ദോഹ കരാറില്‍ ഒപ്പുവെച്ചത്.

അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ അമേരിക്ക വധിച്ചതായി തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. ശനിയാഴ്ച നടന്ന ഡ്രോണാക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടതെന്നും എന്നാല്‍ ഓപ്പറേഷന്റെ സമയത്ത് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ മറ്റ് സിവിലിയന്‍സിനെയോ ആക്രമിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

‘നീതി നടപ്പിലാക്കപ്പെട്ടു’ (Justice has been delivered) എന്നായിരുന്നു അല്‍ സവാഹിരി കൊല്ലപ്പെട്ടതിന് പിന്നാലെ ജോ ബൈഡന്‍ നടത്തിയ പ്രതികരണം.

സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലൊന്നായിരുന്നു സവാഹിരിയെന്നും അമേരിക്കന്‍ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ചുകൊണ്ട് സവാഹിരിയുടെ കീഴില്‍ അല്‍ ഖ്വയിദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായും ബൈഡന്‍ ആരോപിച്ചു.

ആഴ്ചകളായി ഈ ഡ്രോണാക്രമണത്തിന് വേണ്ടി യു.എസ് തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നുവെന്ന് അമേരിക്കയുടെ ഒരു സീനിയര്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ സവാഹിരിയെ പിടികൂടാന്‍ സഹായകരമാകുന്ന വിവരം നല്‍കുന്നവര്‍ക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 25 മില്യണ്‍ ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഡ്രോണാക്രമണം നടക്കുന്ന സമയത്ത് കാബൂളിലെ ഒരു വീട്ടില്‍ തന്റെ കുടുംബത്തോടൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു അയ്മന്‍ അല്‍ സവാഹിരി.

ഈജിപ്ഷ്യന്‍ പൗരനായിരുന്നു 71കാരനായ സവാഹിരി. ഈജിപ്ഷ്യന്‍ ഇസ്‌ലാമിക് ജിഹാദ് എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് സവാഹിരി. 1998ല്‍ ഇത് അല്‍ ഖ്വയിദയുമായി ലയിപ്പിക്കുകയായിരുന്നു.

2011ല്‍ അന്നത്തെ അല്‍ ഖ്വയിദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്‍ യു.എസ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അല്‍ ഖ്വയിദ തലവനായി ചുമതലയേല്‍ക്കുകയായിരുന്നു സവാഹിരി.

Content Highlight: Taliban’s statement says Ayman al-Zawahiri’s killing by US is a violation of Doha Agreement