യുദ്ധ സാഹചര്യത്തിന് തയാറെടുത്ത് തായ്‌വാന്‍; സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം
World News
യുദ്ധ സാഹചര്യത്തിന് തയാറെടുത്ത് തായ്‌വാന്‍; സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd August 2022, 9:56 am

തായ്‌പേയ് സിറ്റി: തായ്‌വാന്‍ ‘യുദ്ധസാഹചര്യങ്ങള്‍’ക്ക് വേണ്ടി തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തുകയും ചെയ്തിരുന്നു.

ചൈനയുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി പ്രകോപനപരമായ രീതിയില്‍ പ്രതികരണങ്ങള്‍ വന്നതോടെയാണ് ‘തായ്‌വാന്‍ യുദ്ധത്തിന് തയാറെടുക്കുന്നു’ (Taiwan ‘prepares for war’ with China) എന്ന തരത്തില്‍ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

തായ്‌വാന്‍ ഭരണകൂടം സൈന്യത്തിന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും പട്ടാളക്കാരുടെയും സൈനിക ഉദ്യോഗസ്ഥരുടെ അവധിയടക്കം റദ്ദാക്കിയതായുമാണ് റിപ്പോര്‍ട്ടുകള്‍. സൈന്യം മിലിറ്ററി ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നതായും പൗരന്മാര്‍ക്ക് ട്രെയിനിങ് നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തെരുവുകളില്‍ നിന്നും ജനക്കൂട്ടത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതായും വാര്‍ത്തകളുണ്ട്.

‘ഉടന്‍ യുദ്ധത്തിന് തയാറെടുക്കാന്‍’ സൈന്യം വ്യോമ- പ്രതിരോധസേനയെ അണിനിരത്തിയെന്നാണ് വിവിധ തായ്‌വാന്‍ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൊവ്വാഴ്ച രാത്രി യു.എസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തുമെന്നാണ് പറയുന്നത്.

നിലവില്‍ പെലോസി സിംഗപ്പൂരിലാണുള്ളത്.

ചൈനയുടെ മുന്നറിയിപ്പുകള്‍ മറികടന്ന് നാന്‍സി പെലോസി തായ്‌വാനില്‍ എത്തുകയാണെങ്കില്‍ ചൈനയുടെ ഭാഗത്ത് നിന്നുമുണ്ടായേക്കാവുന്ന ആക്രമണ സാധ്യതകള്‍ മുന്നില്‍കണ്ടാണ് തായ്‌വാന്‍ സൈന്യത്തെ തയാറെടുപ്പിക്കുന്നത്.

തിങ്കളാഴ്ചയായിരുന്നു നാന്‍സി പെലോസിയുടെ ഏഷ്യാ സന്ദര്‍ശനം ആരംഭിച്ചത്.

സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ നാല് ഏഷ്യന്‍ രാജ്യങ്ങളാണ് യു.എസ് സ്പീക്കര്‍ സന്ദര്‍ശിക്കുന്നതെന്നായിരുന്നു പെലോസിയുടെ ഓഫീസില്‍ നിന്നും പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തായ്‌വാനെക്കുറിച്ച് പ്രസ്താവനയില്‍ പറഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തില്‍, ചൈനക്കും അമേരിക്കക്കുമിടയില്‍ വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെ തായ്‌വാന്‍ സന്ദര്‍ശനലക്ഷ്യം പെലോസി ഉപേക്ഷിച്ചുവോ എന്നും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശന വിഷയത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും പ്രകോപനപരമായ ഭാഷയിലായിരുന്നു യു.എസിന് നേരെ മുന്നറിയിപ്പുകള്‍ വന്നത്.

യു.എസ് സ്പീക്കറുടെ തായ്‌വാന്‍ സന്ദര്‍ശന തീരുമാനം അപകടകരമാണെന്നും അത് സംഭവിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്ക നേരിടേണ്ടി വരുമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവൊ ലിജ്യാന്‍ പറഞ്ഞത്.

പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും തമ്മില്‍ നടത്തിയ വിര്‍ച്വല്‍ സംഭാഷണത്തിലും തായ്‌വാന്‍ വിഷയമായിരുന്നു.

‘തീ കൊണ്ട് കളിക്കേണ്ട, അങ്ങനെ ചെയ്യുന്നവര്‍ അതില്‍ തന്നെ നശിച്ചുപോകും. യു.എസ് അത് പൂര്‍ണമായും മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.

Content Highlight: Reports says Taiwan ‘prepares for war’ with China, puts military on high alert ahead of US’s Nancy Pelosi’s visit