'മുസ്‌ലിങ്ങള്‍ മദ്യം നിര്‍മിക്കാനോ വിതരണം ചെയ്യാനോ പാടില്ല';3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കിക്കളഞ്ഞ് താലിബാന്‍
World News
'മുസ്‌ലിങ്ങള്‍ മദ്യം നിര്‍മിക്കാനോ വിതരണം ചെയ്യാനോ പാടില്ല';3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കിക്കളഞ്ഞ് താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd January 2022, 11:59 am

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ മദ്യം കനാലില്‍ ഒഴുക്കിക്കളഞ്ഞ് താലിബാന്‍.

അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്റുമാരാണ് 3000 ലിറ്ററോളം വരുന്ന മദ്യം കനാലില്‍ ഒഴുക്കിവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇന്റലിജന്‍സ് ഏജന്‍സി തന്നെയാണ് ഞായറാഴ്ച ഇക്കാര്യം പുറത്തുവിട്ടത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് (ജി.ഡി.ഐ) ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാര്‍ മദ്യനിരോധനത്തിന് പുറമെ അതിന്റെ വില്‍പനക്കും വിതരണത്തിനും മേല്‍ കടുത്ത നിയന്ത്രണങ്ങളും നടപടികളും കൊണ്ടുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പിടിച്ചെടുത്ത മദ്യം ഇങ്ങനെ ഒഴുക്കിക്കളഞ്ഞ സാഹചര്യമുണ്ടായത്.

കാബൂളില്‍ നടന്ന റെയ്ഡില്‍ നിന്നും പിടിച്ചെടുത്ത ബാരലുകളിലുള്ള മദ്യം ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സിലെ ഏജന്റുമാര്‍ കനാലില്‍ ഒഴുക്കി വിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.


”മദ്യം നിര്‍മിക്കുന്നതില്‍ നിന്നും വിതരണം ചെയ്യുന്നതില്‍ നിന്നും മുസ്‌ലിങ്ങള്‍ വിട്ടുനില്‍ക്കേണ്ടതുണ്ട്,” ഏജന്‍സി ട്വീറ്റ് ചെയ്ത വീഡിയോയില്‍ താലിബാന്റെ ഒരു മതനേതാവ് പറഞ്ഞു.

എന്നാല്‍ വീഡിയോ ചിത്രീകരിച്ചതും റെയ്ഡ് നടന്നതും എപ്പോഴാണ് എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

മദ്യം പിടിച്ചെടുത്തതിനൊപ്പം ഇതിന്റെ വില്‍പനയുടെ ഭാഗമായിരുന്ന മൂന്ന് ഡീലര്‍മാരെ അറസ്റ്റ് ചെയ്തതായി ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.

നാറ്റോ സൈന്യത്തിന്റെ പിന്തുണയോടെ അഫ്ഗാന്‍ ഭരിച്ചിരുന്ന മുന്‍ സര്‍ക്കാരുകള്‍ക്ക് കീഴിലും രാജ്യത്ത് മദ്യനിരോധനംനിലവിലുണ്ടായിരുന്നു. എന്നാല്‍, താലിബാന്‍ സര്‍ക്കാര്‍ ഇതിനെതിരെ എടുക്കുന്ന നടപടികളും കടുത്തതാണ്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ഭരണം പിടിച്ചെടുത്തതിന് ശേഷം, താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനില്‍ തുടര്‍ച്ചയായി മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ റെയ്ഡുകള്‍ നടത്തുന്നുണ്ട്.

സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിരവധി നിയന്ത്രണങ്ങളും സര്‍ക്കാരിന് കീഴിലുള്ള ‘മിനിസ്ട്രി ഫോര്‍ പ്രമോഷന്‍ ഓഫ് വിര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്’ പുറപ്പെടുവിച്ചിരുന്നു.

ചെറിയ ദൂരപരിധിക്കപ്പുറം യാത്ര ചെയ്യുന്ന സ്ത്രീകളെ, ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയില്ലാത്ത പക്ഷം യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നായിരുന്നു ഉത്തരവ്. ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ കയറി യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നും വാഹന ഉടമകളോട് താലിബാന്‍ ഉത്തരവിട്ടിരുന്നു.

സ്ത്രീകള്‍ അഭിനയിക്കുന്ന സീരിസുകളും മറ്റ് പരിപാടികളും അഫ്ഗാനിലെ ചാനലുകളില്‍ സംപ്രേഷണം ചെയ്യരുതെന്നും മുമ്പ് താലിബാന്‍ പറഞ്ഞിട്ടുണ്ട്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ടി.വിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിട്ട് താലിബാന്‍ നേരത്തെ പ്രസ്താവനയിറക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ മിനിസ്ട്രി ഓഫ് പീസ്, മിനിസ്ട്രി ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ്, സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മിനിസ്ട്രി ഓഫ് വിമന്‍ അഫയേഴ്‌സ് എന്നിവയും സര്‍ക്കാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Taliban intelligence agents poured 3,000 litres of liquor into Kabul canal