കര്‍ഷകര്‍ മരിച്ചത് എനിക്ക് വേണ്ടിയാണോ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്; അദ്ദേഹത്തിന്റെ ധിക്കാരം കാരണം ചര്‍ച്ചകള്‍ വാക്കുതര്‍ക്കത്തിലെത്തി; മോദിക്കെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍
national news
കര്‍ഷകര്‍ മരിച്ചത് എനിക്ക് വേണ്ടിയാണോ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്; അദ്ദേഹത്തിന്റെ ധിക്കാരം കാരണം ചര്‍ച്ചകള്‍ വാക്കുതര്‍ക്കത്തിലെത്തി; മോദിക്കെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd January 2022, 8:34 am

ഷില്ലോങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.

കര്‍ഷക സമരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ധിക്കാരം കാരണം ആ കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നെന്നുമാണ് ബി.ജെ.പി നേതാവ്് കൂടിയായ ഗവര്‍ണര്‍ തുറന്നു പറഞ്ഞത്.

ഹരിയാനയിലെ ദാദ്രിയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

”കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഞാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍, അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ ആ സംസാരം വാക്കുതര്‍ക്കത്തിലെത്തി. അദ്ദേഹം ധിക്കാരത്തോടെയാണ് പെരുമാറിയത്.

നമ്മുടെ 500ഓളം കര്‍ഷകര്‍ മരിച്ചു എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചത്, അവര്‍ എനിക്ക് വേണ്ടിയാണോ മരിച്ചത് എന്നായിരുന്നു. അതെ, കാരണം നിങ്ങളാണ് നേതാവ് എന്ന് ഞാന്‍ മറുപടി നല്‍കി.

അങ്ങനെ ഞാന്‍ അദ്ദേഹവുമായി വാക്കുതര്‍ക്കത്തിലെത്തി. അമിത് ഷായെ കാണാന്‍ അദ്ദേഹം എന്നോട് പറഞ്ഞു, ഞാന്‍ കണ്ടു,” ഗവര്‍ണര്‍ പറഞ്ഞു.

പ്രക്ഷോഭങ്ങള്‍ അവസാനിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതിയെങ്കില്‍ അത് തെറ്റാണ്. ഇത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുക മാത്രമാണ്. കര്‍ഷകര്‍ക്കെതിരെ അനീതി നടക്കുകയാണെങ്കില്‍ ഇത് വീണ്ടും ആരംഭിക്കും.

സാഹചര്യം എന്തുതന്നെയായാലും താന്‍ കര്‍ഷകര്‍ക്കൊപ്പമായിരിക്കുമെന്നും സത്യപാല്‍ മാലിക് കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങളുടെ വിഷയത്തില്‍ തന്നെ മുന്‍പും സത്യപാല്‍ മാലിക് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. നവംബറില്‍ ജയ്പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ, വൈകാതെ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന് വഴങ്ങി കൊടുക്കേണ്ടി വരും എന്നദ്ദേഹം പറഞ്ഞിരുന്നു.

ബി.ജെ.പി നേതാവ് കൂടിയായ സത്യപാല്‍ മാലിക് 2012ല്‍ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായും നിയമിക്കപ്പെട്ടിട്ടുണ്ട്. അതിന് ശേഷം ബിഹാറിന്റെയും പിന്നീട് ജമ്മു കശ്മീര്‍, ഗോവ സംസ്ഥാനങ്ങളുടെയും ഗവര്‍ണര്‍ പദവിയിലിരുന്നിട്ടുണ്ട്.

2004ലാണ് ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ഇക്കഴിഞ്ഞ നവംബര്‍ 19നായിരുന്നു മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കര്‍ഷകസമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമം പാസാക്കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

തുടര്‍ന്ന് നവംബര്‍ 29ന് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആയിരുന്നു ബില്‍ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Met PM Modi to discuss farm laws, he was arrogant, says Meghalaya Governor Satya Pal Malik